Monday 21 November 2016

ഒരു ഫെയിസ്ബുക്ക്‌ യൂസറിന്‍റെ വിലാപങ്ങള്‍ ..

അനിവാര്യമായ സമയത്തുതന്നെയായിരുന്നു   എന്‍റെ  മരണം .. സ്വയം  ആത്മഹത്യക്കൊരുങ്ങും  മുന്നേ ബ്രഹ്മന്‍ കുറിച്ചുവച്ച  നാളുകളെ എണ്ണിതിട്ടപ്പെടുത്തി യമദേവന്‍  കാലന്‍കയറിനാല്‍  എന്‍റെ  കഴുത്തിലൊരു കുരുക്കിട്ടുപിടിച്ചു ... ഞാന്‍ പോലുമറിയാതെയാണ്  മറ്റൊരുലോകത്തേക്ക് വന്നുവീണത്‌ ... ചുറ്റും ഓര്‍മ്മകളുടെ നിലക്കാത്ത പ്രവാഹം .. ആ  ഓര്‍മ്മകളില്‍  പരിചിതമുഖങ്ങള്‍ ഉണ്ടോ  എന്ന് ഞാന്‍ പരതിനടന്നു...എനിക്കെന്താണ്  സംഭവിച്ചത് ??.. ഞാനെങ്ങനെയാണ് മരിച്ചത് ??   ചിലങ്കശ്രീ എന്ന എന്നെ  എന്‍റെ  ലോകത്തുള്ളവര്‍ക്ക്  ഇപ്പോള്‍  ഫെയിസ്ബുക്ക്‌ യൂസറായാണോ  കാണുന്നത്  ??.. ആ  ലോകത്തുനിന്നും  ഒരുപാട്  ദൂരങ്ങളില്‍ ഇരുന്നാണ്  ഞാനിപ്പോള്‍  ഇത് എഴുതുന്നത്‌ ...  ഇവുടുള്ളവര്‍ സ്വര്‍ഗ്ഗമെന്നു വിളിക്കുന്ന ഈ  ഭൂലോകത്തില്‍  എനിക്ക്  കൂട്ടിനാരുമില്ലാ.. പരിചിത മുഖങ്ങളായി  നാലഞ്ചുപേരെ കാണാനായി.. സുധിയേട്ടനും ,എച്ച്മികുട്ടിയും,ഉമേച്ചിയും ,ശിവകാമിയും ,അനാമികയും എല്ലാം  ഞാന്‍  ഒരുപാട്  ഇഷ്ടപ്പെടുന്നവരാണ്..അവരൊന്നും  എന്നെ  കാണുന്നുപോലുമില്ലാ  അവര്‍  ഇരുലോകത്തിലും  ജീവിക്കാന്‍ കെല്‍പ്പുള്ളവരാണ്...എനിക്കെന്‍റെ  പ്രിയപ്പെട്ടവരെ കാണാതെ  ചങ്കുപൊട്ടുന്നു ......എന്‍റെ പ്രിയപ്പെട്ടവരുടെ അരുകിലേക്ക്‌ വരണമെങ്കില്‍ എനിക്കിനി  വേറൊരു ശരീരം ആവശ്യമാണ്..


എന്‍റെ പഴയ ശരീരം  ജീര്‍ണ്ണിച്ചുപോയിരിക്കുന്നു.. ആത്മാവ് മാത്രമായി  ഈ  ഭൂലോകത്തില്‍  അലഞ്ഞുനടക്കുകയാണ് ഞാന്‍..മരണം ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും  ചിലതൊക്കെ ചെയ്ത് തീര്‍ക്കും മുന്നേ എനിക്ക്  മടങ്ങേണ്ടിവന്നതില്‍ താങ്ങാനാവാത്ത വേദനയുണ്ട് ... അമ്മകുട്ടിയോടു  എന്‍റെ മരണം ഞാന്‍ മുന്‍കൂട്ടി സൂചിപ്പിച്ചതായിരുന്നു ..മറുജന്മത്തിലും  അമ്മകുട്ടിയുടെ  മകളായി പിറന്നുഞാന്‍ വരുമെന്ന് പറയുമ്പോള്‍  എന്‍റെ  ഭ്രാന്തന്‍ചിന്തകളെ കളിയാക്കിചിരിക്കുമായിരുന്നു അമ്മ ....
എത്രപേരെയാണ്  ഞാന്‍  വെറുപ്പിച്ചിട്ടുള്ളത്‌..  പലര്‍ക്കും  ഇപ്പോഴും എന്നോട് വെറുപ്പായിരിക്കും  അവിടെ ... ഒന്ന് മാപ്പ്  ചോദിക്കാന്‍ പോലും അവസരംതരാതെ ഇത്ര പെട്ടന്ന്  എന്നെ ...........................  ജീവിതം ഇങ്ങനെയാണോ ?  ഒന്നും  മുഴുമിപ്പിക്കാന്‍ അയക്കാതെ  എന്‍റെ ചില എഴുത്തുകളെ പോലെ  എവിടെയും  പൂര്‍ണ്ണതയില്ലാതെ..


ഈ  ഭൂലോകത്ത്  ഇനി പിച്ചവച്ച് നടന്നു പഠിക്കേണ്ടിയിരിക്കുന്നു..പക്ഷെ  ആരെനിക്കക്ഷരതെറ്റ്  തിരുത്തിതരും  അവിടെയാകുമ്പോള്‍  എനിക്കെന്‍റെ  ഏട്ടന്‍മ്മാര്‍  ഉണ്ടാകുമായിരുന്നു .. എഴുതുന്ന  എല്ലാവരോടും  എനിക്ക്  ബഹുമാനമായിരുന്നു  അതുകൊണ്ടുതന്നെ വയസ്സുവെത്യാസം നോക്കാതെ  എല്ലാവരെയും  ഏട്ടാ..ന്നും  ചേച്ചൂസേ..ന്നും  വിളിക്കാന്‍  എനിക്ക്  ഒരുപാട്  ഇഷ്ടമായിരുന്നു ... ന്നെക്കാള്‍ ഇളയതാണേലും  ന്നെ  അനിയത്തികുട്ടീന്നു  വിളിക്കുന്ന  ന്‍റെ  രേഷ്മേച്ചി.. ഇനി  എങ്ങനെയാ  എനിക്കെന്‍റെ  ചേച്ചിയെ കാണാന്‍ പറ്റുക ഓര്‍ക്കുമ്പോ  സങ്കടാവുന്നല്ലോ  ചേച്ചിപെണ്ണേ ...


ന്‍റെ  ചങ്ക്സ്കള്‍  ന്‍റെ  മാലാഖകുട്ടി,ജിയമോള്‍,ടിനൂസ്  നിങ്ങള്‍ക്ക് പകരം  എനിക്കാരാടാ  ഇനി  ഉണ്ടാവുക .. ആര് വന്നാലും  നിങ്ങളോളം  വരുമോ ?!!..ടീച്ചറുടെ രണ്ടു ഷെയറിങ്ങില്‍ ഞാനങ്ങു  അഹങ്കാരിയായിതീര്‍ന്നെന്നു പറഞ്ഞു  ജിയ  കളിയാക്കുമ്പോള്‍  എന്നെ പിച്ചവച്ച് നടക്കാന്‍ പഠിപ്പിച്ച നിങ്ങളുടെ  മുഖം ഞാന്‍ സ്മരിക്കാരുണ്ട്... കാലം നമ്മളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നു..അതോ ഞാ ശരിക്കും  അഹങ്കാരം കാണിച്ചുതുടങ്ങി എന്ന്  നിങ്ങള്‍ കരുതുന്നതാണോ ശരി എന്നെനിക്കറിയില്ല..നമ്മള്‍ക്കിടയില്‍ ചില വിള്ളിച്ചകള്‍  ഉണ്ടായി..പക്ഷെ  അതൊരിക്കലും  മനസ്സുകൊണ്ടായിരുന്നില്ല  അതിനു പുറംതോടായി പറ്റിപ്പിടിച്ചിരുന്ന ഈഗോ പോലെ  എന്തോ ഒന്നായിരുന്നു ..പക്ഷെ  ഒന്നുറങ്ങിയെണീക്കുമ്പോഴേക്കും  മറന്നുപോകുന്ന  ആയുസ്സേ അതിനുണ്ടായിരുന്നുള്ളൂ... ഞാന്‍ കാരണം നിങ്ങള്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ അതിനു ഞാന്‍  പരസ്യമായി  മാപ്പ് ചോദിക്കുകയാണ് ... ഹാ.. വേറൊരു കാര്യം ഡീ  jiya  നീ..കാരണം എന്നെ ബ്ലോക്ക്‌ ചെയ്തു  പോയ  രണ്ടുപേര്‍  ഉണ്ടായിരുന്നല്ലോ  തുളുവും,ക്ഷമയും..അതെന്താ  സംഭവം ....... ഞാന്‍   fb യില്‍ ആക്റ്റീവ്  ആയി  നടക്കുന്ന  സമയം ഒന്നും രണ്ടും  നുള്ളിപ്പെറുക്കി എഴുതിതുടങ്ങിയ കാലം  ഗ്രഹണിപിടിച്ച പിള്ളേര്‍ക്ക്  ചക്കകൂട്ടാന്‍  കിട്ടിയപോലെ  ആയിരുന്നു  അന്നെനിക്ക്  fb ......... അനൂനേം ജിയേം ടിനേനേം ഒക്കെ  പരിചയപ്പെട്ട സമയം  അന്ന്  തുളുവിന്റെ  പോസ്റ്റില്‍ക്കയറി  ജിയയെ കൊറേ  വേണ്ടാത്ത ചീത്തവിളി  പിന്നെ  ഒരു  സ്ക്രീന്‍ഷോട്ട് തരികിട  ഇതൊക്കെ നമ്മക്കും  അറിയാം എന്ന്  കാണിക്കാനുള്ള  പൊട്ടബുദ്ധിയുടെ എടുത്തുചാട്ടം..ഹോ!! ഒന്ന്  കണ്ണടച്ചു വീണതേ ഓര്‍മയുള്ളൂ പിന്നെ  നോക്കുമ്പോ  ഞാന്‍  പുറത്തുകിടക്കുന്നു ... അവരെന്നെ  ബ്ലോക്ക്‌ ചെയ്തു പോയി ....  അവര്‍  അങ്ങനെ ചെയ്യണമെങ്കില്‍ അവര്‍ക്ക്  അത് കാര്യമായി  വേദനിച്ചിട്ടുണ്ടാവണം ഇനിയൊരു അവസരം കിട്ടാനില്ലാത്തോണ്ട് ഈ  അവസരത്തില്‍ അവരോടും മാപ്പ്  പറയുകയാണ്‌ ..................  മാപ്പ് പറയുന്ന കൂട്ടത്തില്‍  കുറച്ചു വല്യ മാപ്പ്  പറയേണ്ടത്  ന്‍റെ  ഏടത്തികുട്ട്യോടാണ് സംഭവം പേഴ്സണല്‍ ആണ്  ന്‍റെ  അഹങ്കാരം  പൊറുത്തുതരണമെന്ന്  അപേക്ഷിക്കുകയാണ് ...  



നന്ദൂസേ..ശരവണേട്ടാ..സൂരജേട്ടാ..ബാസിത്ചേട്ടായി  ഹൃദയത്തിന്റെ  ഭാഷയിലൂടെ  എന്നെ കുറെ  വെള്ളം കുടിപ്പിച്ചെങ്കിലും  വീണ്ടും  നമ്മള്‍  ഒന്ന്  ഒത്തുകൂടണം  എന്ന് മനസ്സില്‍  ആഗ്രഹം തോന്നി വന്നതായിരുന്നു അത്  ഞാന്‍   ശരവണേട്ടനോട്  പറയുകയും  ചെയ്തതാ..പക്ഷെ ...........?????????????????? എന്താ  ഞാന്‍ പറയുക ....  നിങ്ങളെയൊക്കെ  ഒരുപാട്  ഇഷ്ടപ്പെടുന്നൂവെന്ന്  ഉറങ്ങാതെ  ഇങ്ങനെ  ഇരുന്നു എഴുതുമ്പോഴാണ്  എനിക്ക്  മനസ്സിലാകുന്നത്‌ ...


അച്ചൂന്റെ  കഥകള്‍ വായിക്കാനുള്ള  മെന്‍ഷന്‍ പോസ്റ്റ്‌ മിസ്സ്‌ ചെയ്യും,  ശിവയുടെ  എഴുത്തു മിസ്സ്‌ ചെയ്യും ,സലീല്‍ ചേട്ടന്റെയും ഹരീഷേട്ടന്‍റെയും മനസ്സ്നിറക്കുന്ന  ഭംഗിയുള്ള കമന്റ്സുകള്‍ മിസ്സ്‌ ചെയ്യും, ആശാത്തി അശ്വനി ടീച്ചറെ മിസ്സ്‌ ചെയ്യും ,  അനൂസിന്റെ  കവിത,  അനുവിന്റെ  കഥ ഭദ്ര മുഴുവനാക്കിയില്ല , ആമിടീച്ചറുടെ കവിത ,  വിപിയേട്ടന്‍റെ നല്ല എഴുത്തുകള്‍,മനോജേട്ടന്റെ  ഉപദേശങ്ങള്‍ ,തച്ചാടന്‍ ചേട്ടന്റെ  എഴുത്തും  കമന്റും  എല്ലാം  എല്ലാം എല്ലാം  ഒരുപാട് ഒരുപാട്  മിസ്സ്‌  ചെയ്യും..ദീപ ടീച്ചറുടെ  പോസ്റ്റ്‌ മിസ്സ്‌  ആക്കിയാലും  പുസ്തകം ആയി വന്നാല്‍  അതെങ്ങനേം ഞാന്‍ അറിയും എന്നുള്ളത്കൊണ്ട്  ആ  പേടിയില്ല....എല്ലാരുടെം  പേരെടുത്തു പറയാന്‍ അറിയുന്നില്ലാ  നോക്കിപറയാനും  ആവില്ലലോ  എന്‍റെ  പോസ്റ്റില്‍ വരുന്ന  എല്ലാവരേം  ഒരുപാട് മിസ്സ്‌ ചെയ്യും  എല്ലാരേം  എനിക്ക്  ഒരുപാട്  ഇഷ്ടവും  ആണ് ...


ഇനി  പറയാന്‍ പോകുന്നത്  ഭൂലോകത്തിലെയും  അപ്പുറത്തുള്ള ചില കാര്യങ്ങളാണ് ..ന്‍റെ ജീവിതം  എങ്ങടാ  പോകുന്നെന്നു  എനിക്ക് തന്നെ നിശ്ചയം ഇല്ലാത്ത  ഒരു  അവസ്ഥയാണ് .. എന്തിനുവേണ്ടിയെന്നു പോലും അറിയാതെ  വീട്ടുകാര്‍ എന്ത് പറഞ്ഞാലും അതിനെ എതിര്‍ക്കല്‍ ഒരു പൊട്ടസ്വഭാവമായി  മാറിയിരിക്കുന്നു..സത്യത്തില്‍ എനിക്കിപ്പോ  മനസ്സിലാകുന്നില്ല  ഞാന്‍ കാണിക്കുന്ന വാശി  എന്തിനുവേണ്ടിയെന്ന്... ഞാന്‍  എന്തിനുവേണ്ടിയാണ് തമിഴ്നാട്ടില്‍ വന്നിരിക്കുന്നത് എന്ന്  പലരും എന്നോട്  ചോദിച്ച ചോദ്യമാണ് ... എനിക്ക് കേരളത്തില്‍ ആരും  ഇല്ലാത്തോണ്ടാണ് ഇങ്ങട് വന്നിരിക്കുന്നെ എന്ന്  കുറച്ചുകാലം മുന്പ് വരെ  ഞാന്‍ പറഞ്ഞിരുന്നേനെ...നാട്ടിലേക്കിനി ഒരു വരവില്ലെന്നുപറഞ്ഞ്   ഇല്ലവും  ആശ്രമവും  വീടും  മാത്രമായി  എന്‍റെ  ജീവിതത്തെ ഒതുക്കിക്കഴിയാന്‍ തീരുമാനിച്ചതാണ്..പക്ഷെ  നാട്ടില്‍ എന്നെ ഓര്‍ത്ത്  കണ്ണീരുവറ്റിയ ഒരുജീവന്‍ ഉണ്ട് ... ന്‍റെ  ജയന്തമ്മ .....എനിക്കെങ്ങനെ തോന്നി എന്നറിയില്ല എന്‍റെ വായില്‍ എങ്ങനെ  ആ  വാക്കുകള്‍  വന്നൂവെന്നും  എനിക്കിപ്പോഴും  അറിയില്ല  എനിക്ക് ഭ്രാന്തുപിടിച്ചിരിന്നിരിക്കണം   ''സ്വന്തം മകളല്ലാത്തതുകൊണ്ടല്ലേ എനിക്കിതൊക്കെ കേള്‍ക്കേണ്ടി വരുന്നത് അങ്ങട്  പറഞ്ഞു വിട്  ഞാന്‍ എവിടെയെങ്കിലും പോയി ചത്തോളാം '' എന്നൊരു വാക്ക്  ഞാ പറഞ്ഞ  നിമിഷത്തിലിരുന്ന് ജയന്തമ്മ  എന്നെയൊന്നു  മുഴുവനായി  നോക്കിയിട്ടില്ല.. പലപ്പോഴും  വാക്കുകള്‍ മുഴുമിക്കാതെയും  പേടിയോടെയും  എന്നോട്  സംസാരിക്കുന്നതില്‍  കുറ്റബോധംകൊണ്ട്  ഞാന്‍ ഉരുകിപ്പോകാറുണ്ട്..അതിനു ശേഷം  ഞാന്‍  ഇവിടെ തമിഴ്നാട്ടില്‍  ജയന്തമ്മയുടെ  അനിയത്തിയുടെ വീട്ടില്‍  ആണ്  താമസിക്കുന്നത് ... ഞാന്‍ ടിനയുടെ  കഥയ്ക്ക്‌ ബാക്കിഭാഗം എഴുതിയത്  ചിലര്‍ക്ക്  ഓര്‍മ്മകാണും  അതെന്‍റെ  ജീവിതം  കലര്‍ത്തിയാണ്  എഴുതിയിരുന്നത്.. ഇപ്പോള്‍  ചെറിയമ്മയും  മാമന്‍മാരും കല്യാണത്തിന് നിര്‍ബന്ധിക്കുമ്പോള്‍  എന്‍റെ  വാശി ജയിക്കുന്നത്  ജയന്തമ്മയുടെ  പേടികാരണമാണ് .. എനിക്കിഷ്ടമില്ലാത്തതൊന്നും ചെയ്യാന്‍ അവര്‍ക്കാവില്ലെങ്കില്‍  അതവര്‍ക്കെന്നോടുള്ള  സ്നേഹമാണെന്ന് ഞാന്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു ..

ഓണ്‍ലൈനും,ആശ്രമവും ,കുട്ടിക്കളിയും ഒന്നുമല്ല  ജീവിതം എന്ന്  ഞാന്‍ മനസ്സിലാക്കുകയാണ് ..ഇതെല്ലാം ഉപേക്ഷിക്കാന്‍ നിന്നതുതന്നെയാണ്  കുറച്ചുകഴിയട്ടെ  എന്ന് കരുതി  ഇത്രേംനാള്‍പോയി ....ഇപ്പോള്‍ സുക്കര്‍ചേട്ടന്‍ മുന്‍കൈ എടുത്തു  എന്നോട്  നിര്‍ത്തിക്കോളാന്‍ പറഞ്ഞ സ്ഥിതിക്കി നമ്മളായിട്ടെന്തിനാ  തുടരുന്നത് .. ഇത്   ഞാന്‍ മുന്നേ തീരുമാനിച്ചതാണ് ഈ  id  ഉപേക്ഷിക്കേണ്ടി വന്നാല്‍ പുതിയ ഒരു  കൂടുമാറ്റം  ഉണ്ടാവില്ലെന്ന്..ഇനിയെന്‍റെ  ജയന്തമ്മയെ കരയിക്കാന്‍ വയ്യ ..അമ്മയുടെ  ഇഷ്ടംപോലെ  അമ്മ  എന്ത് പറയുന്നോ  അത്  ഞാ അനുസരിക്കും .. ഈ  ലോകത്ത്  ആരെക്കാളും  ന്‍റെ  അമ്മയെ  എനിക്കിഷ്ട്ടാ..ന്‍റെ  അമ്മ  ന്‍റെ  അമ്മതന്നെയാണ് ..... കണ്ണുകള്‍  നിറഞ്ഞു തുളുമ്പുന്നല്ലോ ഭഗവാനേ .. ഇതെന്താപ്പോ  ഇങ്ങനെ ... ഈ  ഓണ്‍ലൈന്‍ , പോസ്റ്റ്‌,വഴക്ക് എന്നൊക്കെ മാറ്റിവച്ച്  അമ്മയുടെ  ഇഷ്ടംപോലെ  കല്യാണം  കുടുംബം  എന്നൊക്കെ ചിന്തിക്കാന്‍ പോവാ  ഇനി  ഞാന്‍ ........

വല്യ ഒരു ദ്രോഹം ചെയ്തിട്ടാണ്  ഞാന്‍ ഈ  ഓണ്‍ലൈനീന്ന്   പോകുന്നത്  എന്നറിയാം .. ന്‍റെ  അമ്മകുട്ടി  എന്നെ ഒരുപാട്  ഇഷ്ടപ്പെടുന്ന ന്‍റെ  തങ്കകുടം  .. കല്യാണം ആവുമ്പോള്‍   പോലും  വരണ്ടാന്നു  പറഞ്ഞിരിക്യാ  ഞാന്‍ ... എനിക്കിതെഴുതാന്‍  മടിയുണ്ട് എങ്കിലും എഴുതുവാ...ന്‍റെ  സ്വാര്‍ത്ഥതകൊണ്ടല്ല  ഇഷ്ട്ടക്കുറവുകൊണ്ടും അല്ലാ അമ്മകുട്ടിയെ  ഇവിടെകൊണ്ടുവന്ന്  ന്‍റെ  അമ്മായാന്നു പറയാന്‍ എനിക്ക്  പറ്റില്ലാ ... അതെന്‍റെ  ജയന്തമ്മയ്ക്ക് ഒരുപാട്  വിഷമം  ഉണ്ടാക്കും .. എനിക്കെന്‍റെ  അമ്മകുട്ടിയോടു  എങ്ങനെ  മാപ്പ്ചോദിക്കണം എന്നറിയില്ല ..ന്‍റെ  കല്യാണത്തിന് വന്ന്  ഒരു അപരിചിതയെപ്പോലെ നിക്കേണ്ടി വന്നാല്‍ ..എനിക്കൊന്നു അമ്മേന്നുവിളിച്ചു കെട്ടിപ്പിടിച്ചു കരയാന്‍ പോലും പറ്റാതെ വിങ്ങി വിങ്ങി നിക്കേണ്ടി വന്നാല്‍ അമ്മയുടെ  ഈ  മോള്‍ക്ക്‌  ഈ  ജീവിതകാലം മുഴുവന്‍  സമാധാനം ഉണ്ടാവില്ലമ്മേ .... ഒരിക്കല്‍ ഞാനെന്‍റെ  അമ്മകുട്ടിയെകാണാന്‍ വരും ..ഉറപ്പ് ...എനിക്ക്  കണ്ടേ മതിയാവൂ ... ഞാനൊരുപാട് കരയിപ്പിച്ച ഒരു  പാവമുണ്ടിവിടെ  കുറച്ചുനാളെങ്കിലും  അതിനെ  ഒന്ന്  ചിരിച്ചുകണ്ടോട്ടെ ഞാന്‍ ...

എല്ലാത്തിനും  മാപ്പ്  മാപ്പ്  മാപ്പ് ...എല്ലാവരോടും  വിടചോദിക്കുന്നു ..

കഴിഞ്ഞപോസ്റ്റിനു എന്‍റെ  ടൈം ലൈനില്‍ കമന്റ് ചെയ്യാന്‍ പറ്റുന്നില്ലെന്നു  പറഞ്ഞു മെസ്സേജ് ചെയ്ത ചേട്ടനുമായി വാക്ക്തര്‍ക്കം  ഉണ്ടായി.. ആള്‍  പറയുന്നത്  അന്ധവിശ്വാസങ്ങള്‍  ആണെങ്കിലും  ആര്‍ക്കും  ദോഷം  ഇല്ലെങ്കില്‍  അത്  നല്ലതുതന്നെയല്ലേ  എന്നാണു ..

ഒരു  ആചാരാനുഷ്ഠാനങ്ങളെയും  ഞാ  എതിര്‍ക്കുന്നില്ല  പക്ഷെ  ഏതിനെയും  യുക്തിപരമായി  ആലോചിക്കേണ്ടിയിരിക്കുന്നു ...അചാരങളെന്നപേരിലുള്ള പല അരുതുകള്‍ കേട്ട് വളര്‍ന്നവരാണ്  നമ്മളില്‍  പലരും എന്തുകൊണ്ട്  അരുതെന്ന ചോദ്യം  നമ്മളില്‍  പലരും തിരിച്ചു ചോദിച്ചിട്ടേയുണ്ടാവില്ല..ഒരു  കാര്യം  അങ്ങനെ ചെയ്യാന്‍  പാടില്ലാ  എന്ന്  പറയുമ്പോ  എന്തുകൊണ്ട്  അങ്ങനെ ചെയ്യാന്‍ പാടില്ലാ  എന്നൂടെ  അവര്  പറഞ്ഞുതരണ്ടേ ?..പലര്‍ക്കും  അത്  പറഞ്ഞുതരാന്‍  അറിയില്ല  എന്നാണു  വാസ്ഥവം...

ഇന്ന്  അനുഷ്ട്ടിച്ചുവരുന്ന  പല  ആചാരങ്ങളും  ഞാന്‍ ഇതിനു   മുന്ന്  പറഞ്ഞ  കഥയിലെപോലെ  പല യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി അവയുടെ ഓര്‍മയ്ക്ക് വേണ്ടിയോ  ആയിരിക്കും. പിന്നെ  ചില കെട്ടുകഥകളും ഉണ്ടാകും .. എന്ത് തന്നെയായാലും  കാരണങ്ങള്‍ വ്യെക്തമാക്കാതെ  ഇതിനുമുന്നേ  എന്‍റെ  മുത്തശ്ശി ചെയ്തുവന്ന  ആചാരമാണ്  അത്കഴിഞ്ഞു  അമ്മ അങ്ങനെ ചെയ്തിരുന്നു  ഇപ്പോള്‍  ഞാനും  അതുപോലെ  ചെയ്യുന്നു  എന്ന്  പറഞ്ഞുകൊണ്ട്  അതില്‍  അന്ധമായി വിശ്വസിച്ചു ഒരു  പ്രവര്‍ത്തി ചെയ്യുന്നതിനോട്  യോജിക്കാനാവുന്നില്ലാ ...ഓര്‍ക്കുമ്പോള്‍  ഒരു   കഥയാണ്‌  ഓര്‍മ്മവരുന്നത് ...

ഒരു ഗുരു  ഉണ്ടായിരുന്നു അദ്ദേഹം  പലനാടുകളിലേക്കും  പോയി   അമ്പലങ്ങളിലോ  മണ്ഡപങ്ങളിലോ  ആളുകളെ വിളിച്ചുവരുത്തി  ഉപദേശങ്ങള്‍  നല്‍കുമായിരുന്നു.. അദ്ദേഹത്തെ കേള്‍ക്കാനായി  ധാരാളം  ജനങ്ങളും  വരുമായിരുന്നു.. ഒരു  നാള്‍  അദ്ദേഹം  ഒരു  അമ്പലത്തില്‍  പോയി സ്റ്റേജില്‍നിന്ന്  ഉപദേശം ചെയ്യുമ്പോള്‍  ഒരു പൂച്ച അടുത്തുനിന്ന് വല്ലാതെ ഉച്ചത്തില്‍  നിലവിളിച്ചുകൊണ്ടിരുന്നു.
പൂച്ചയെനോക്കിയപ്പോള്‍  അദ്ദേഹത്തിന് മനസ്സിലായി  പൂച്ച വിശപ്പ്‌കൊണ്ടാണ്  കരയുന്നത്  എന്ന്.. അദ്ദേഹം  അവിടെ ഉള്ളവരോട്  ചെറിയപാത്രത്തില്‍  കുറച്ചുപാല്‍ കൊണ്ടുവരാന്‍  പറഞ്ഞു.. അവര്‍ പാല്‍  കൊണ്ടുവന്നതും  അത് പൂച്ചയ്ക്ക് കൊടുക്കാന്‍ പറഞ്ഞു ..പൂച്ച  അത് കുടിച്ചുകൊണ്ടിരിക്കുമ്പോള്‍  ഗുരു  വീണ്ടും ഉപദേശം തുടങ്ങി.. അപ്പോഴാണ്‌ വിശപ്പ്‌ മാറിയ പൂച്ച  ഗുരുവിനു ചുറ്റും  വട്ടംകറങ്ങികളിക്കാന്‍  തുടങ്ങിയത്.. വളരെ  ശ്രദ്ധയോടെ  ഉപദേശം കേട്ടുകൊണ്ടിരുന്ന ജനങ്ങളുടെ  ശ്രദ്ധ പൂച്ചയിലേക്ക് തിരിയുന്നു  എന്ന്  മനസ്സിലാക്കിയ  ഗുരു  അവിടുള്ളവരോട് ഒരു  ''വട്ടി''  കൊണ്ടുവരാന്‍ പറഞ്ഞു ..വട്ടികൊണ്ടുവന്നപ്പോള്‍  ഗുരു  പൂച്ചയെ അതുകൊണ്ട്മൂടിവച്ചു.. എന്നിട്ട്  വീണ്ടും ഉപദേശം തുടര്‍ന്നു...
അത് കഴിഞ്ഞ് പിറ്റേദിവസം ഗുരു  ഉപദേശം ചെയ്യാന്‍ സ്റ്റേജില്‍ കയറിയതും  ആ  പൂച്ചവീണ്ടും വന്നു  കരയാന്‍ തുടങ്ങി ..അപ്പോള്‍  ഗുരു  ആദ്യം തന്നെ ഒരു പാത്രത്തില്‍  പാലും ഒരു വട്ടിയും  കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.. അവിടെ  വയസ്സിനു മൂത്ത ഒരാള്‍  പെട്ടന്ന് തന്നെ  പാലും വട്ടിയും ആയി വന്നു .... ഗുരു  പൂച്ചയ്ക്ക് അരികില്‍ പാല്‍ വച്ചുകൊണ്ട് അതിനെ വട്ടികൊണ്ട്മൂടി ... എന്നിട്ട്    ''ഇനി തടസ്സങ്ങള്‍  ഉണ്ടാകില്ലാ''  എന്ന് പറഞ്ഞുകൊണ്ട്  ഉപദേശം തുടങ്ങി .. പിറ്റേദിവസവും  ഇതുതന്നെ ആവര്‍ത്തിച്ചു.. പിന്നീടുള്ള  നാലഞ്ചുദിവസങ്ങള്‍  ഗുരു സ്റ്റേജില്‍  കയറുന്നതിനുമുന്നുതന്നെ  അവിടെയുള്ളവര്‍ ...  പൂച്ചയ്ക്ക്പാല്‍കൊടുത്തു വട്ടികൊണ്ട് മൂടിവയ്ക്കാന്‍ തുടങ്ങി.. പിന്നെ  അവിടത്തെ ഉപദേശം കഴിഞ്ഞു ഗുരു വേറെ  നാട്ടിലേക്ക് പോയി .....
കുറെ വര്‍ഷങ്ങള്‍  കഴിഞ്ഞു  വീണ്ടും  അതേഗുരു ആ  നാട്ടിലേക്ക്  പുതിയ അനുഭവങ്ങള്‍  ഉപദേശിക്കാനായി വന്നു ...  ഗുരു സ്റ്റേജില്‍ കയറിനിന്നിട്ടും  ആളുകള്‍   ഇരിക്കാതെ  എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരിക്കുന്നത് കണ്ട് ഗുരു  കാര്യം അറിയാതെ  പകച്ചുനിന്നു .. ചില ആളുകള്‍  അങ്ങോട്ടും  ഇങ്ങോട്ടും  പരക്കംപായുന്നുണ്ടായിരുന്നു.. നേരംവൈകുന്നത് കണ്ട ഗുരു  അവിടുള്ളവരോട്  കാര്യം  അന്വേഷിച്ചു..
അപ്പോള്‍ അവിടെയുള്ള  വയസ്സില്‍ മുതിര്‍ന്ന ഒരാള്‍  വന്നു ക്ഷമാപണം നടത്തികൊണ്ട്   ഇങ്ങനെ  പറഞ്ഞു ... ഞങ്ങളുടെ  കൈവശം പാലും  വട്ടിയും  ഉണ്ട്  പക്ഷെ  പൂച്ചയെകിട്ടിയില്ല  അടുത്തുള്ള പ്രദേശങ്ങളിലേക്ക്  ആളെ  അയച്ചിട്ടുണ്ട്  കുറച്ചുനേരംകൂടെ  ക്ഷമിക്കണം  എന്ന് പറഞ്ഞു ... ,,അതുകേട്ട ഗുരു  കാര്യം  മനസ്സിലാകാതെ  എന്തിനാണ്  അതെന്നു  ചോദിച്ചു ..  പൂച്ചയ്ക്ക് പാല്‍കൊടുത്തു  വാട്ടികൊണ്ട് കമഴ്ത്തി  ഉപദേശം ചെയ്‌താല്‍  തടസ്സങ്ങള്‍  നീങ്ങികിട്ടും എന്ന്  ഗുരു  പറഞ്ഞുതന്ന ആചാരം  താങ്കള്‍  ഇതുവരെ  ഒരു മുടക്കവുംകൂടാതെ  അനുഷ്ടിച്ചുവരുന്നതായി അവര്‍   പറഞ്ഞു .........
*********************

ഈ  കഥപോലെ   ചിലപ്പോള്‍  നമ്മുടെ മുത്തശ്ശിമാര്‍ അറിവില്ലായ്മകൊണ്ട് ചെയ്ത ഒരു  പ്രവര്‍ത്തിയെയോ  അല്ലെങ്കില്‍  വേറെ  ഏതേലും കാരണംകൊണ്ട് ചെയ്ത ഒരു  പ്രവര്‍ത്തിയേയോ നമ്മള്‍ ഇപ്പോള്‍ ആചാരമായി  മുറുകെപ്പിടിച്ച് കൊണ്ടുനടക്കുന്നുണ്ടാവാം .... എന്തിനെന്നോ  എതിനെന്നോ  അറിയാതെ  കാലങ്ങളായി  ചെയ്തു വരുന്നു  അതിനിയും  അങ്ങട്  തുടന്നുപോകുക എന്ന് പറഞ്ഞുകൊണ്ട്  പല  കോപ്രായങ്ങളും ചിലര്‍ കാണിക്കുന്നുണ്ട് ....   വിശ്വാസങ്ങള്‍  നല്ലതുതന്നെ പക്ഷെ  അതെന്തിന് വേണ്ടി  എന്ന്  പറഞ്ഞുകൊടുക്കാന്‍കൂടി  നമ്മള്‍ക്ക്  അറിയണം എന്നേ..  ഞാന്‍ പറയുന്നുള്ളൂ ...  അന്ധവിശ്വാസങ്ങള്‍ കൊണ്ട്  നമ്മളുടെ വരും തലമുറയെ മൂടരുത്..ഇങ്ങനെ  പലതും  കേട്ടുവളര്‍ന്ന  കുട്ടികള്‍  ഇവിടെ ധാരാളം ഉണ്ട്..  എട്ടാം തീയതിയില്‍ ജനിച്ചത്‌കൊണ്ട് ശനിവിട്ടുപോകില്ല  എവിടെപോയാലും ദുഖം മാത്രേ  ഉണ്ടാവൂ  എന്ന് ആരോ  പറഞ്ഞതുകേട്ട്‌  ശുഭാപ്തിവിശ്വാസമില്ലാതെ  ജീവതം പാഴാക്കിക്കലയുന്ന ഒരാളെ  എനിക്കറിയാം
പരീക്ഷയില്‍  ജയിക്കാന്‍ കയ്യില്‍  ഒരു  ചുവപ്പ്ചരട് കെട്ടിയാല്‍  മതിയെന്ന്  എന്നോട് പറഞ്ഞു  കയ്യില്‍ കെട്ടിയ ചരട് ഉയര്‍ത്തികാട്ടുന്ന കുട്ടികളെ  എന്ത്  പറഞ്ഞു മനസ്സിലാക്കിക്കണം  എന്ന്  എനിക്ക്  അറിയുന്നില്ലാ ..

എനിക്കൊന്നും  പറയാന്‍ തോന്നുന്നില്ലാ  ഞാനും  ചെറിയ ചില  വിശ്വാസങ്ങളെകൂട്ടി നടക്കുന്നവളാണ് പക്ഷെ  അതൊന്നും കണ്മൂടിത്തനമായതല്ല .....  ഒന്നേ  പറയാനുള്ളൂ വരും തലമുറയെ  അന്ധവിശ്വാസത്തിന്റെ  ചെറിയവട്ടത്തിനുള്ളിലും  നമ്മുടെ  ഇഷ്ട്ടാനിഷ്ടങ്ങളിലും  പിടിച്ചിടാതെ  അവരുടെ വിശാലമായ ലോകത്തേക്ക്  അവരെ  പറക്കാന്‍ അനുവദിക്കുക.. സത്യങ്ങള്‍  അവര്‍  കണ്ടെത്തട്ടെ .....    

''ദൈവങ്ങള്‍ ഗ്രാമങ്ങളില്‍ ''


...........................................................
''റാണീ.. നിന്‍റെ  ഒരുക്കം  ഇനീം  കഴിഞ്ഞില്ലേ .. ??!!''

''ഓ...ഹ്.. കഴിഞ്ഞമ്മേ ... ഞാന്‍  വരണില്യാന്നു  പറഞ്ഞാ കേട്ടൂടെ എനിക്ക്  കേരളത്തോട്ടു വരാനേ  ഇഷ്ടം  ആവുന്നില്ലാ..അതും  അല്ലാ  ന്‍റെ  കുട്ടിയോള്  അവരുടെ  കാര്യാ  കഷ്ടം ''

''പിന്നെ..പിന്നെ..നീ  നാലഞ്ചുദിവസം  ട്യൂഷന്‍  എടുത്തില്ലാന്നുവച്ച്  അവര്  പരീക്ഷക്ക്‌  തോല്‍ക്കാനൊന്നും  പോണില്യാ.. അവര് വീട്ടില്‍  ഇരുന്നു  പഠിച്ചോളും ''

''കഴിഞ്ഞകൊല്ലം  അമ്മൂനേം കൂട്ടി  പോയ  പോലെ  ഇപ്പഴും  അങ്ങ്  പൊയ്കൂടായോ... എനിക്കാണേല്‍  അവിടം  ഭാന്തുപിടിപ്പിക്കും  നേരംപോക്കിന്  നെറ്റ് പോലും  കിട്ടില്ല്യാ ... ''

''മുത്തശ്ശി  നിന്നെ  കണ്ടിട്ട്  നാലഞ്ചു കൊല്ലായില്ലേ... ഇപ്രാവശ്യം  നിന്നെകൂട്ടാണ്ടേപോയാ  ന്നെ  ചെവിതലകേപ്പിക്കില്യാ..ഇപ്പൊ  എണീറ്റ്‌  നടക്കുന്നൂന്നെയുള്ളൂ  ഇല്ലാത്ത  അസുഖംഒന്നുംഇല്ലാ ... നീ  അവളേം  വിളിച്ച്  ബാഗെടുത്തു  വീട്പൂട്ടി ഇറങ്ങ്..ഞാന്‍ അപ്പറത്തെ  ലീലാക്കയോട്  വീടൊന്നു നോക്കാന്‍ പറഞ്ഞിട്ട് വരാം ''

******************************************
കുറെ  വര്‍ഷങ്ങള്‍ക്കു  ശേഷമാണ്  ഞാന്‍ നാട്ടിലേക്ക്  വരുന്നത് ..അതും  ഇഷ്ട്ടായിട്ടൊന്നുമല്ല  മുത്തശ്ശിക്കെന്നെ  കാണണം  ന്നു  നിര്‍ബന്ധം ..പിന്നെ ന്‍റെ  അമ്മയുടെ  ഏട്ടന്‍റെ  മോനെക്കൊണ്ട്   ന്നെ  കെട്ടിക്കണം എന്നൊരു ആഗ്രഹവും  മുത്തശ്ശിക്കുണ്ട്..ഉത്സവസീസനാണിത്  എല്ലാവരും  ഒത്തുകൂടുന്ന  സമയം  .. ഇത്  മുതലെടുക്കകയാണ്  മുത്തശ്ശി  .... മൂന്നാല് ദിവസത്തെ  കാര്യല്ലേ  ഉള്ളൂന്ന്  ഞാനും  അങ്ങ്  കരുതി .. ഈ  സിറ്റിയിലെ  ചൂടിലും പൊടിയിലും  നിന്ന്  ഒഴിഞ്ഞുനിക്കാന്‍ കിട്ടുന്ന അവസരവുമാണ് ...
******************************************
പാലക്കാട് ടൌണ്‍സ്റ്റാന്‍റില്‍നിന്നും  ഒലവക്കോട്  എന്ന്  ബോര്‍ഡ് എഴുതിയ  ബസ്സിലേക്ക്  ഉന്തിതള്ളി അമ്മ  എന്നെ കയറ്റുമ്പോള്‍  രാവന്തിയോളം  മലയിലേക്കു  കല്ലുരുട്ടിക്കയറ്റിയ നാറാണത്തുഭ്രാന്തനെക്കാള്‍  ഞാന്‍  ക്ഷീണിതയായിരുന്നു..ചര്‍ദ്ധില്‍ വന്നു  കഴുത്തോളം എത്തിനിക്കുന്ന എന്നെ  ഒരു സീറ്റില്‍പ്പിടിച്ചിരുത്തിഅമ്മൂനേം  അടുത്തിരുത്തി  അമ്മ  കമ്പിയില്‍ പിടിച്ചു നിന്നു ... സീറ്റില്‍  ഇരുന്നതും കയിലുണ്ടായിരുന്ന  ചെറുനാരങ്ങയെ മണത്തുനോക്കി  കണ്ണടച്ച് ചാരി കിടന്നു ഞാന്‍ ..
കുറച്ചുനേരം കഴിഞ്ഞു അമ്മ തട്ടിവിളിക്കുംബോഴാണ്  ഞാന്‍ ഉറങ്ങിപ്പോയത് അറിയുന്നത് ...   എണീറ്റ്‌  ബസ്സില്‍  നിന്നും  ഇറങ്ങിയതും  മുന്നില്‍കണ്ട  ഒട്ടോയിലേക്ക് ചാടിക്കയറിയ  അമ്മൂന് പിറകെ  ഞാനും  കയറി ..അമ്മ  കയ്യിലിരുന്ന  ബാഗ്  ന്‍റെ  മടിയിലേക്ക്‌  വച്ച്  ഡ്രൈവറോട്  ''വാവുള്ളിയംകാട്'' എന്ന്  പറഞ്ഞുകൊണ്ട്  കയറിയിരുന്നു....
**********************************************
ഓട്ടോ അമ്മതറവാട്ടിന് മുന്നില്‍  എത്തിയതും  സന്നാഹങ്ങളും കുട്ടിപട്ടാളങ്ങളും നിരന്നു നിന്നിരുന്നു ..എനിക്കാണേല്‍  ഒന്ന്  കിടന്നാ  മതീന്നായിരുന്നു ...എല്ലാരോടും  ഒന്ന് ചിരിച്ചെന്നുവരുത്തി  അകത്തുകയറി  ബെഡ്ഡില്‍  കിടന്ന്  ഒന്ന് കണ്ണടച്ചതേയുള്ളൂ  അപ്പോഴേക്കും റാണിമോളേ..ന്നുള്ള  വിളിവന്നു ..

എനിക്കാകെ ദേഷ്യം വന്നു..

''ഇതെന്തുറക്കമാണിത് ?!!..ഉച്ചയ്ക്ക്  ഉണ്ണാന്‍  പോലും  എണീറ്റില്ലാലോ?.മുത്തശ്ശി നിന്നെ  അന്വേഷിക്കുന്നു  ''

''ശരി വല്യമ്മേ ചെറിയ തലവേദന  ഞാനിപ്പോ  അങ്ങട്  വരാം ''

ദൈവമേ .. ഞാനിപ്പോ  കണ്ണടച്ചല്ലേയുള്ളൂ  അപ്പോഴേക്കും  ഇത്രേം  സമയം പോയോ ?!! ... എണീറ്റ്‌ ഒന്ന് മുഖം കഴിവിയെന്നു വരുത്തി  പുറത്തേക്കിറങ്ങിയതും  മുത്തശ്ശി കുളിച്ച് സുന്ദരിക്കുട്ടിയായി  നില്‍ക്കുന്നതാണ്  കണ്ടത് ..

''വന്നപാടെ കെടന്നൂല്ലേ..? '' എന്ന്  ചോദിച്ചുകൊണ്ട് വടികുത്തികൊണ്ടാണേലും നല്ല വേഗതയില്‍ മുത്തശ്ശി  ന്‍റെ  അടുത്ത്  വന്നു ...  ഞാന്‍  ''മുത്തശ്ശികുട്ട്യേ..''  ന്നും  പറഞ്ഞോണ്ട്  ഒറ്റ കെട്ടിപ്പിടിത്തം ... മുത്തശ്ശി അടുത്തുവന്നപ്പോള്‍ വെറ്റിലയുടെയും പാക്കിന്റെയും നല്ല  മണമടിച്ചെങ്കിലും  കെട്ടിപ്പിടിച്ചപ്പോള്‍  വേറൊരു വല്ലാത്ത സുഗന്ധം  മൂക്കിലേക്ക്  തുളഞ്ഞുകയറി.. ഒരു  ആയൂര്‍വേദമരുന്നുകടയില്‍ ചെന്നപ്പോള്‍  എന്തിന്റെയോ ഒരു  വേരെടുത്തു മണം നോക്കിയപ്പോള്‍ ഉണ്ടായിരുന്ന അതേ..സുഗന്ധമാണ്  മുത്തശ്ശിക്കിപ്പോള്‍


''കുട്ടി കുളിച്ചൊരുങ്ങിവാ ഒരിടംവരെ  പോണം ''  ന്നു  മുത്തശ്ശി  പറഞ്ഞപ്പോ  എവിടേയ്ക്കാ  മുത്തശ്ശീന്നു  ചോദിക്കാന്‍  തോന്നീലാ..ഓടിപ്പോയ്  കുളിച്ച് റെടിയായി  അല്‍പ്പം കുഴപ്പില്ലാണ്ട് മേക്കപ്പൊക്കെയിട്ട് ഉമ്മറത്തെക്കുവരുമ്പോള്‍  മുത്തശ്ശി  ഇടത്തേകയ്യില്‍  ഒരു  ഉണക്കപ്ലാവിലയില്‍ കുറച്ചു ചോറും കല്ലുപ്പും ചുവന്നമുളകും  വലത്തേക്കയില്‍ ഒരു  നുള്ള് ഭസ്മം ചൂണ്ടുവിരലും തള്ളവിരലുംകൂടെ ചേര്‍ത്തുപിടിച്ച്  നില്‍ക്കുന്നു.. ഞാന്‍ അടുത്ത് ചെന്നപ്പോള്‍  എന്തൊക്കെയോ  പിറുപിറുത്തുകൊണ്ട്‌ എന്‍റെ  നടുനെറ്റിയില്‍ ഭസ്മമുള്ള വിരലുകള്‍  ചേര്‍ത്തുവച്ചുകൊണ്ട്  ഒറ്റ ഊത്തങ്ങ്  ഊതി .... എനിക്ക്  വല്ലാത്ത  രസം തോന്നി ...   എന്ത്  നല്ല  മനോഹരമായ  ആചാരങ്ങള്‍  എന്ന്  ഞാന്‍  മനസ്സില്‍  വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍  എന്‍റെ  നെറ്റിയില്‍  ഒരു നുള്ള്  ഭസ്മം തൊടുവിച്ചുകൊണ്ട്  ഇടത്തേകയ്യിലെ  പ്ലാവിലയില്‍ നിന്നും ചോറും കുറച്ചുഉപ്പും  കൂട്ടിക്കലര്‍ത്തി  ന്‍റെ  വായിലേക്കിട്ട്‌ തന്നു ..  അപ്രതീക്ഷിതമായി  വായിലേക്ക് വന്നുവീണ കല്ലുപ്പിന്റെ  കയ്പ്പില്‍ മുഖം ചുളുപ്പിച്ചുകൊണ്ട് തുപ്പാന്‍ ഒരുങ്ങവേ.. അത് വിഴുങ്ങാന്‍  മുത്തശ്ശിയുടെ  ഓഡര്‍ വന്നു ..  അതിനെ  കഷ്ട്ടപെട്ട്  ചവച്ചിറക്കി   കണ്ണ്തുറക്കവേ..  പ്ലാവിലയില്‍  എന്നെനോക്കി  ചിരിക്കുന്നുണ്ടായിരുന്നു   ചുവന്നമുളക് ... ഞാന്‍   മുത്തശ്ശിയെ  ദയനീയമായി  നോക്കി ... മുത്തശ്ശി  എന്നെ നോക്കിചിരിച്ചുകൊണ്ട് തിരഞ്ഞു നടന്നു .. ഞാനും മുത്തശ്ശിയുടെ  പിറകെപോയി .. മുത്തശ്ശി എന്‍റെ ശത്രുവിനെ  പ്ലാവിലയോടടക്കം  കത്തുന്ന  അടുപ്പിലേക്ക് വീശിയെറിഞ്ഞത്കണ്ടു  സന്തോഷത്തോടെ  നിന്നു ഞാന്‍ ....
******************************************
കുട്ടിപട്ടാളങ്ങളെയെല്ലാം ഒരുവിധം  ഒതുക്കിനിര്‍ത്തി  ന്നേം.. കൂട്ടി  മുത്തശ്ശി വീടിനുപുറത്തിറങ്ങി....

പാടവരമ്പിലൂടെയുള്ള  ആ  നടത്തം  എനിക്ക്  നല്ലരസം തോന്നി പച്ചപുല്ലിന്റെ  മണം എനിക്ക്  ആനന്ദം നല്‍കി  പഞ്ചായത്ത് കിണറും  അയ്യപ്പന്‍കാവും കടന്ന്  അങ്ങേതലക്കല്‍  കുങ്കുമംവാരിവിതറിനില്‍ക്കുന്ന സൂര്യനെനോക്കി  കണ്ണുകളാല്‍ പ്രണയചേഷ്ടകള്‍ കാണിച്ചുകൊണ്ട്  ഞാന്‍  മുത്തശ്ശിക്കൊപ്പം  നടന്നു..പാടവരമ്പു കഴിഞ്ഞ് ഇടവഴിയിലേക്ക്  കയറുമ്പോള്‍  ഏതൊക്കെയോ ചെടികളില്‍നിന്നും  വിവിധതരം   സുഗന്ധങ്ങള്‍ ഞങ്ങള്‍ക്ക് ചുറ്റും  വട്ടമിട്ടുപറന്നുകൊണ്ടിരുന്നു ..കുറച്ചുദൂരം നടന്നപ്പോള്‍ ഇരു ഭാഗങ്ങളിലും തെങ്ങോലതോരണം തൂക്കിയിരുന്നു  ഓരോന്നിന്റെയും ഇടയിലായി മാവിലയും തോരണമായിതൂക്കിയിട്ടിരിക്കുന്നു.. ഞാന്‍ മാവിലയില്‍  ഒന്ന് തൊട്ടുനോക്കി  ഒര്‍ജിനല്‍ ആണ്  പ്ലാസ്റ്റിക്  അല്ലാ .. അവിടെ  കോയമ്പത്തൂര്‍  ആയിരുന്നെങ്കില്‍  ഇതെല്ലാം പ്ലാസ്റ്റിക്ക്കൊണ്ടാകുമായിരുന്നു ... അപ്പോള്‍  ഓടി വന്ന  ഇളംകാറ്റിന്  പച്ചപുല്ലിന്റെ  ഗന്ധം ഉണ്ടായിരുന്നു  ചെടികളുടെ സുഗന്ധവുമായി  അവ കലര്‍ന്നപ്പോള്‍ ഇതുവരെ  അനുഭവിക്കാത്ത ഒരു സുഖം ഉണ്ടായി .. സിറ്റിലൈഫില്‍  സ്വപ്നം  പോലും കാണാന്‍ പറ്റാത്ത ഒരു അനുഭവമായിരുന്നു  ഇത് ...  നടക്കുംതോറും കാഴചകള്‍ കൂടുതല്‍ വിശാലമായികാണപ്പെട്ടു ..  വേലിക്കുമുകളിലൂടെ      വര്‍ണ്ണബള്‍ബുകള്‍  തൂക്കിയിട്ടിരിക്കുന്നു  ഇരുട്ടാകാത്തതിനാലായിരിക്കണം  അവയൊന്നും കത്തിച്ചിടാതിരിക്കുന്നത്... ആ വഴി  നേരെപോകുന്നത്  ഒരമ്പലത്തിന്‍റെ  മുന്നിലെക്കാണ്..തെയ്യക്കോലം കെട്ടിയ പേടിപ്പിക്കുന്ന  രൂപങ്ങളെ കണ്ടതും  ഞാന്‍  മുത്തശ്ശിയുടെ കയ്യില്‍ മുറുകെപിടിച്ചുനടന്നു ...

വല്യഒരു  ഒറ്റപാറക്കല്ലിനെ ചെതുക്കി പടികളാക്കിമാറ്റിയിരിക്കുന്നു  ഏഴുപടിക്കെട്ടുകള്‍ ഉണ്ടതിന്..അതിലൂടെ  കയറി  പതിനൊന്നു പടികെട്ടുകള്‍ താഴ്ചയിലേക്ക് ഇറങ്ങിയാല്‍ അമ്പലമുറ്റമായി... ഞാന്‍ ഏഴുപടികള്‍  പതിനെട്ടാംപടിയെന്നു സങ്കല്‍പ്പിച്ചുകൊണ്ട്‌ വളരെ  ഉത്സാഹത്തോടെ അങ്ങ്  കയറിയതും  താഴെ നിന്നുകൊണ്ട് ഒരാള്‍  പുറത്തേക്കുപോകാന്‍ ആഗ്യം കാണിച്ചു... ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍  മുത്തശ്ശി ഒന്നാമത്തെ പടിയില്‍  വടിയും കുത്തി  നല്ല  സ്റ്റൈലായ്  നിന്നുകൊണ്ട്  എന്നെനോക്കി ചിരിച്ച് ഇറങ്ങിവരാന്‍ പറഞ്ഞു .. ''അപ്പോള്‍  നമ്മള്‍  അമ്പലത്തിനുള്ളില്‍ പോകുന്നില്ലേ ?!''   ഞാനെന്‍റെ  സംശയം പടികെട്ടിറങ്ങിക്കൊണ്ട് ചോദിച്ചു ... '' പിന്നെ പോവണ്ടേ...ആദ്യം പടിഞ്ഞാട്ടുള്ള തീര്‍ത്ഥക്കുളത്തില്‍ കാലുനനക്കണം എന്നിട്ടേ  ക്ഷേത്രമുറ്റത്ത് കാലുകുത്താന്‍പറ്റുള്ളൂ ...''
മുത്തശ്ശി  എന്നേം വലിച്ചുകൊണ്ട് അമ്പലത്തിനുപുറകിലേക്ക് മതില്‍ക്കെട്ടിനരുകിലൂടെ പോയി .. കല്‍പ്പടികള്‍  ഇറങ്ങി  കുളത്തിനരുകിലെത്തി  കണ്ണാടിപോല്‍  തെളിഞ്ഞു നില്‍ക്കുന്ന  വെള്ളം  കീഴ്തട്ടുകാണാന്‍  പറ്റുന്നതുപോലെ ... അഞ്ചടി ആഴമേ ഉള്ളൂവെന്ന്  എനിക്ക്  തോന്നിച്ചുവെങ്കിലും  പത്താള്‍ആഴം  ഉണ്ടെന്നു മുത്തശ്ശി പറഞ്ഞു.. ആ  തെളിഞ്ഞ വെള്ളത്തില്‍  ആകാശത്തേയും   മേഘകൂട്ടങ്ങളെയും വ്യക്തമായികാണാന്‍ കഴിയുന്നുണ്ടായിരുന്നു .. മേഘകൂട്ടങ്ങള്‍  കരപറ്റാന്‍ മത്സരിച്ചോടുന്നപോലെ എനിക്ക് തോന്നി  ആ  രസകരമായ കാഴ്ചനോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു  കുഞ്ഞന്‍ മീന്‍  ''ഗ്ലും'' എന്ന  ശബ്ദത്തോടെ  ഉയര്‍ന്നുചാടി .. ആ  ഇത്തിരികുഞ്ഞന്‍  ഒരു മേഘത്തില്‍ നിന്ന്  മറ്റൊരു  മേഘത്തിലേക്ക്  ചാടിക്കളിക്കുന്നത്  ജീവിതത്തില്‍  ഇനിയൊരിക്കലും  കാണാന്‍ കഴിയാത്ത കാഴ്ചയായി മനസ്സില്‍ പതിഞ്ഞുനിന്നു ..... മുത്തശ്ശി ഇറങ്ങിവന്നു  കൈകാല്‍ മുഖം കഴുവി തലയില്‍ വെള്ളം തെളിച്ച് പടവുകള്‍ കയറി.. ഞാനും  അതുപോലെ ചെയ്തു ,,,,,
കുളക്കരയില്‍ നിന്ന്കൊണ്ട്തന്നെ  അമ്പലത്തിന്‍റെ പുറകുവശത്തേക്ക് തുറക്കുന്ന വാതിലിലൂടെ ഞങ്ങള്‍  അമ്പലമുറ്റത്തേക്ക് കടന്നു... മുത്തശ്ശി  അവിടെകണ്ട പരിചയക്കാരോട്  എന്തോ  സംസാരിക്കാന്‍ നിന്നപ്പോള്‍  ഞാന്‍  അമ്പലം ചുറ്റിക്കാണാന്‍ നടന്നുതുടങ്ങി .....വാഴത്തടികൊണ്ട്  ഉണ്ടാക്കിയ ഒരു  പന്തല്‍  ആ  അമ്പലമുറ്റത്ത്‌ ഉണ്ടായിരുന്നു അതിന്‍റെ തറയില്‍ ചാണകംകൊണ്ട് മെഴുകി കളര്‍കോലങ്ങള്‍ ഇട്ടിരുന്നു .....    അമ്പലത്തിനു ചുറ്റും  അവിടവിടങ്ങളിലായി ഓടിട്ട ചെറിയ ചെറിയ വീടുകള്‍ പോലെ  ഓരോ ദൈവത്തിനും ഓരോ സ്ഥാനങ്ങള്‍ ഉണ്ടാക്കിവച്ചിരിക്കുന്നു ... ആനയ്ക്ക് പേരെഴുതി കഴുത്തില്‍തൂക്കിയുടുന്നത്പോല്‍ .. ഓരോ  ദൈവങ്ങളുടെയും  പേരുകള്‍  ഇരുമ്പുതകിടില്‍ എഴുതി ചങ്ങലയില്‍ തൂക്കി ഇട്ടിരിക്കുന്നു .. എല്ലായിടത്തും  ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു .....മൂലസ്ഥാനത്തിനകത്തേക്ക് കടന്നതും  ഇടതുവശത്തെ വലിയ ചുവരില്‍ പതിപ്പിച്ചു വച്ചിരിക്കുന്ന  ചിത്രങ്ങള്‍  എന്നെ  വല്ലാതെ  ആകര്‍ഷിച്ചു..ചിലതെല്ലാം  വളരെ  പഴക്കംചെന്നവയും നശിച്ചുകൊണ്ടിരിക്കുന്നവയും  ആയിരുന്നു ... പശുവുംകുട്ടിയും, പാമ്പുകള്‍ ഇഴഞ്ഞുപോകുന്നത്, ഒരാള്‍  വേറൊരാളെ ചാട്ടവാര്‍കൊണ്ട് അടിക്കുന്നത് , ഒരു  പെണ്ണ്  ആരുടെയോ നാക്ക് പിടിച്ചുവലിക്കുന്നത്പോലെ, ഉഗ്രരൂപിയായ് ഒരു ദൈവം ഒറ്റക്കാലില്‍ നൃത്തംചെയ്യുന്നത് , ഒരു കട്ടിലില്‍ ആണും പെണ്ണും സംഗമിക്കുന്നത്, അങ്ങനെ  അങ്ങനെ  കുറെ  ചിത്രങ്ങള്‍  ഉണ്ടായിരുന്നു.
മൂലസ്ഥാനത്തില്‍  തലയറുക്കപ്പെട്ടനിലയില്‍ കിടന്നിരുന്ന  കുറെ  ആളുകളുടെമേല്‍ കയറി ഒരു കയ്യില്‍ വാളും മറുകയ്യില്‍ ഉലക്കപോലൊന്നും പിടിച്ച്  ഇരിക്കുന്ന  ഒരു  പെണ്‍ദൈവത്തിന്‍റെ  വല്യ ഒരു  ശിലയുണ്ടായിരുന്നു .... 'വള്ളിയമ്മാള്‍' എന്നാണു  ദൈവത്തിന്‍റെ പേരെഴുതിയിരിക്കുന്നത്..വള്ളിയമ്മാള്‍  കാളിദേവിയുടെ   അംശമാണെന്നാണ്  വിശ്വസിക്കുന്നത് ...

അങ്ങനെ നോക്കിനിക്കുമ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന് ഒരു  ഉരുളിനിറയെ  വേവ്കൂടുതലായി  കുഴഞ്ഞതുപോലെയുള്ള ചോറുമായി വന്നത് .. അതവരെന്തുചെയ്യുന്നുവെന്ന് ഞാന്‍ നോക്കിനിന്നു..മൂലസ്ഥാനത്തിനു മുന്നിലായി  ഒരു വല്യ ആള്‍രൂപശിലയുണ്ടായിരുന്നു കൊമ്പന്‍ മീശയും  വല്യഉണ്ടാക്കണ്ണുകളും കയ്യില്‍  കത്തിയുമായ്‌ ഒരു രൂപം ആ  രൂപത്തിനടുത്തേക്ക് അവര്‍ ആ  ഉരുളിയുമായിപോയി .. അവിടെ ആ രൂപത്തിനുമുന്നില്‍  വച്ച് വാഴയിലയിലേക്ക്‌ കുറച്ച് ചോറുപകര്‍ന്നു..അപ്പോഴേക്കും  ഒരു പൂജാരി അവിടെ എത്തി..അദ്ദേഹം കുറെ  മന്ത്രങ്ങള്‍ചൊല്ലി എന്തൊക്കെയോ  ആഗ്യം കാണിച്ചുകൊണ്ടിരുന്നു .... ആ  ശിലയോട് ആ ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെടുംപോലെയാണ്  എനിക്ക്  തോന്നിയത് .... അത് കഴിഞ്ഞതും  ഒരു നീലക്കളറുള്ള ഒരു മുണ്ട്കൊണ്ടുവന്ന് ആ  ശിലക്ക് ഉടുത്തുകൊടുത്തു . ഞാനാ ശിലയുടെ മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന  ഇരുംബുതകിടില്‍ എഴുതിയത് വായിച്ചു  ''കരിയാത്തൻ'' ....    അത്  കഴിഞ്ഞ്  അവര്‍  ഉരുളുയിലെ  ഭക്ഷണം എടുത്ത്    മൂലസ്ഥാനത്തില്‍ ഉള്ള പെണ്‍ദൈവത്തിനുമുന്നില്‍ കൊണ്ടുവന്ന് വച്ചു പൂജതുടങ്ങി ..
ഈ  രസകരമായ  കാഴ്ചകളെല്ലാം  കണ്ടുകൊണ്ടങ്ങനെ നില്‍ക്കുമ്പോള്‍ മുത്തശ്ശി അടുത്തെത്തി..കയ്യില്‍ വാഴയിലയില്‍ ആ  കുഴഞ്ഞചോറ് ഉണ്ടായിരുന്നു .. മുത്തശ്ശി  അതെന്നോട്‌ കഴിക്കാന്‍ പറഞ്ഞപ്പോള്‍  ഞാന്‍  മൂന്നുവിരല്‍കൊണ്ട് ഒന്ന് നുള്ളിപ്പെറുക്കി  നാവില്‍വച്ചുനോക്കി ..

''അയ്യേ.. എനിക്കി  വേണ്ടാ ...ഒരു ടേസ്റ്റും ഇല്ലാ ..''

''ഉണങ്ങലരിചോറു  ഇങ്ങനെന്യാ ഇണ്ടാവാ ..മോള് വേണ്ടെങ്കി കഴിക്കണ്ടാ ''

''ഞാനിവിടം  മൊത്തം  കറങ്ങികണ്ടുകഴിഞ്ഞു നമ്മള്‍ക്ക്  വീട്ടില്‍ പോയാലോ ?''

''ഇപ്പോതന്നെ പോവാനോ ?!.. തോറ്റം‌പാട്ടൊക്ക്യിണ്ട്  അത് കഴിഞ്ഞു പോവാം ''
''തോറ്റംപാട്ടൂന്നുച്ചാല്‍  ന്താ..മുത്തശ്ശി ?!! ''

''ദൈവങ്ങളുടെ ചരിത്രം വര്‍ണ്ണിച്ചു പാടണപാട്ടാണ്  തോറ്റം‌പാട്ട്..പാട്ടുപാടി  ദൈവത്തെ നമ്മടെ  മുന്നിലേക്ക്‌  കൊണ്ടുവരാനും  പറ്റും ''

''അത്യോ!! അപ്പൊ  നമ്മക്ക്  ദൈവത്തെ  നേരില്‍  കാണാനും  പറ്റ്യോ ?!! ഇപ്പൊ  ഇവിടെ  ഏതു  ദൈവാ  വരാന്‍ പോകുന്നെ  ?''

''വള്ളിയമ്മാള്‍ദേവിയുടെചരിത്രമാണ് പാടുന്നത് ''

''മുത്തശ്ശിക്ക് വള്ളിയമ്മാള്‍ദേവിയുടെ ചരിത്രം  അറിയാമോ ?''

''മ്.. അറിയാം ഇന്നിവിടെ  പാടുമ്പോ  മോള്‍ക്കും  കേള്‍ക്കാം''

''ആഹാ..അറിയാമോ ?!!  എങ്കി  മുത്തശ്ശി  എനിക്കിപ്പോ   വള്ളിയമ്മാള്‍ദേവിയുടെ  ചരിത്രം  പറഞ്ഞുതാ  പാട്ട്പാടുമ്പോ  ഒന്നൂടെ  കേട്ടോളാം ''  ഞാന്‍ മുത്തശ്ശിയെപ്പിടിച്ച് അടുത്തുള്ള തിട്ടില്‍ ഇരുത്തി അരുകില്‍  ഞാനും  ഇരുന്നു ...

മുത്തശ്ശി  ഒരു കഥപോലെ  വള്ളിയമ്മാള്‍ദേവിയുടെചരിത്രം പറയാന്‍ തുടങ്ങി ..ഒരു പുരാണകഥകേള്‍ക്കാന്‍ പോകുന്ന  സുഖത്തോടെ  ഞാനത് കേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു....


ബ്രിട്ടീഷ്കാരൊക്കെ  നമ്മുടെ  നാട്ടില്‍  വരുന്നതിനു മുന്പ്   ജാതിവ്യവസ്ഥയും ജന്മിത്തവ്യവസ്ഥിതിയും ശക്തമായിനിലനിന്നിരുന്ന കാലം..ജന്മ്മികളില്‍ തന്നെ  ഉയന്നജാതിയും കീഴ്മട്ടജാതിയും ഉണ്ടായിരുന്നു ..കുടിയാന്മാരാണ്  താഴ്ന്നജാതി... ആ  സമയം നമ്മുടെ  നാട്ടിലും ഒരു ജന്മിയുണ്ടായിരുന്നു..അയാള്‍  മഹാക്രൂരനായിരുനു കുടിയാന്മാരെ എല്ല്മുറിയെ പണിയെടുപ്പിക്കും  കൂലിയൊന്നും കൊടുക്കേം ഇല്ലാ ..ഇഷ്ടപ്പെടാത്ത ആളുകളെ  എന്തേലും കുറ്റംകണ്ടുപിടിച്ചു കത്തിയാല്‍ കുത്തിക്കൊല്ലുകയും ചെയ്യും ..ഋതുവായപെണ്ണുങ്ങള്‍ കല്യാണത്തിന് മുന്നേ അയാളുടെ  മാളികയില്‍ ഒരു രാത്രി പോയ്‌വരണം എന്നുള്ളത് അയാള്‍  അവിടെ വച്ച നിയമമായിരുന്നു ..
പാവപ്പെട്ടജനങ്ങള്‍ക്ക്‌ എതിര്‍ക്കാനുള്ള ശക്തിയില്ലാതെ  ഇത്  തങ്ങളുടെ വിധി ഇങ്ങനെയാണെന്ന്  സമാധാനിച്ചു കഴിയുന്നവരാണധികവും...ആ  സമയത്താണ് മലവെള്ളം അടിച്ചിറങ്ങി നമ്മുടെ  നദി കരകവിഞ്ഞ് ഒഴുകിയത് ആ  വെള്ളത്തില്‍  ഒരു  പെണ്ണ് ഒലിച്ചുവന്നു ... ആ  പെണ്ണാണ്  വള്ളിയമ്മാള്‍ ..വള്ളിയമ്മാളെകണ്ട് രക്ഷപ്പെടുത്തി  തന്‍റെ കുടിലില്‍ അഭയംകൊടുത്തു ഇവിടുള്ള ഒരു കുടുംബം.. അവിടേം കല്യാണപ്രായത്തില്‍   ഒരു  പെണ്‍കുട്ടി ഉണ്ടായിരുന്നു 'നീലി'
ഒരു ദിവസം നീലിയെ ജന്മി കാണാനിടയായി..ആ ദിവസം രാത്രി അവരുടെ വീട്ടിലേക്കു  ജന്മിയുടെ ആളുകള്‍  ഒരു കട്ടില്‍കൊണ്ടുവന്നിട്ടു..ആ  ദിവസം നീലിയുടെ  കുടുംബം മൊത്തം  ആത്മഹത്യചെയ്യാമെന്ന തീരുമാനത്തിലേക്ക് പോയി ..
അപ്പോള്‍ വള്ളിയമ്മാള്‍ വന്നുപറഞ്ഞു ''എന്‍റെ  ജീവന്‍  രക്ഷിച്ച നിങ്ങളുടെ  കുടുംബത്തിനു  ഒരു അപമാനവും വരാതെ  ഞാന്‍ നോക്കിക്കോളാം ''എന്ന്  സത്യം ചെയ്തു അവരുടെ വീട്ടിനു കാവല്‍ നിന്നു ... ജന്മിയുടെ  ആളുകള്‍ രണ്ടുപേര്‍ ആ  പരിസരത്തുകൂടെ  നീലിയെപറ്റി മോശമായി എന്തോ പറഞ്ഞുകൊണ്ട് പോകുമ്പോള്‍  വള്ളിയമ്മാള്‍ ക്ഷണനേരംകൊണ്ട് അവരുടെ രണ്ടുപേരുടേം നാക്ക് പിടിച്ചുവലിച്ച്  വെളിയിലേക്കിട്ടു  അവരുടെ  തലതിരുകികൊന്നു..
അത്കണ്ട ജന്മിയുടെ പത്താളുകള്‍ ആയുധങ്ങളുമായി വന്നു  വള്ളിയമ്മാള്‍ കാറ്റുപോലെ ചുറ്റി ചുറ്റി യുദ്ധം ചെയ്തു വാളുകൊണ്ട്  എല്ലാത്തിന്റെം  തല വെട്ടിയരിഞ്ഞ്  ശവശരീരങ്ങള്‍ കൂട്ടിയിട്ട് അവയ്ക്ക്മുകളില്‍ കയറി  കാളിദേവിയെപ്പോലെ ഇരിപ്പായി..

ഇതെല്ലാം കേട്ടുകൊണ്ടിരുന്ന  എന്‍റെ  തലയ്ക്ക്  ഒരു  മിന്നല്‍  ഉണ്ടായി .. ആ  ചുവരില്‍  ഉണ്ടായിരുന്ന  ചിത്രങ്ങളാണ്  മുത്തശ്ശി  കഥയായി  എനിക്ക്  പറഞ്ഞു  തരുന്നത് ..  അപ്പോള്‍ ഇത്  പുരാണകഥ  അല്ലാ  സംഭവകഥയാണ്‌ !!!!..
മുത്തശ്ശി തുടന്നു പറഞ്ഞുകൊണ്ടിരുന്നു ..
ഈ  സംഭവം  നാട്ടില്‍  കാട്ടുതീപോലെ  പടര്‍ന്നു..എല്ലാവരും അത്ഭുതംകൂറിനിന്നു ..വള്ളിയമ്മാളെ കാണാന്‍ ജനങ്ങള്‍ തിക്കുംതിരക്കും കൂട്ടി ..അപ്പോഴാണ്‌  ജന്മി  നൂറുപേര്‍കൊണ്ട ഒരു  പടയുമായി അവിടേക്ക്  വന്നത് ..വള്ളിയമ്മാള്‍ ആയുധം മുറുകെപ്പിടിച്ച് എണീറ്റുനിന്നു  അത്  ജനങ്ങള്‍ക്ക്‌  ധൈര്യമേകി ..എല്ലാവരും ആയുധങ്ങള്‍ എടുത്തു ജന്മിക്കു എതിരായി നിന്നു ..കുട്ടികള്‍പോലും  കോലും കട്ടയും  എടുത്തുനിന്നു... വള്ളിയമ്മാള്‍ പറയുന്നത്പോലെ  ജനങ്ങള്‍ യുദ്ധം ചെയ്തു അവസാനം ജന്മി  വള്ളിയമ്മാളുടെ കാലില്‍ വീണ്  ജീവന്വേണ്ടി  കെഞ്ചി ....  അതോടെ  ആ  ജന്മിയുടെ ക്രൂരത  അവസാനിച്ചു .. ജനങ്ങള്‍ വള്ളിയമ്മാളെ തങ്ങളെ രക്ഷിക്കാന്‍ വന്ന ദൈവമായി കണ്ടുവണങ്ങി .. വള്ളിയമ്മാള്‍ കാളിദേവിയുടെ  അംശമാണെന്ന്  അവര്‍  വിശ്വസിച്ചു ...
ഈ  സമയം ആ  ജന്മിയുടെ  മകന്‍  രംഗത്തിറങ്ങി  അയാള്‍ നേര്‍ക്ക്‌നേര്‍  യുദ്ധം ചെയ്യാന്‍ തയ്യാറായില്ലാ ...പക്ഷെ  പണവും പൊന്നും കാണിച്ചു വള്ളിയമ്മാളെ  തന്‍റെ കൂടെ  നിര്‍ത്തിക്കാന്‍  അയാള്‍  ശ്രമിച്ചു .. പക്ഷെ  വള്ളിയമ്മാള്‍ അതിനു  തയ്യാറായില്ലാ ..
രഹസ്യമായി  വള്ളിയമ്മാളെ കൊല്ലാന്‍ അയാള്‍  തീരുമാനിച്ചു  കുടിലിന്  തീവച്ചു  പക്ഷെ  വള്ളിയമ്മാള്‍  അതില്‍നിന്നും  രക്ഷപെട്ടു ..
ജനങ്ങള്‍  ഇവിടെ  ഈ  അമ്പലംനില്‍കുന്ന  സ്ഥലത്ത്  വള്ളിയമ്മാള്‍ക്കു  ഒരു  കുടില്‍  പണിതുകൊടുത്തു  കാവല്‍ക്കാരനായി  ഒരാളെയും നിര്‍ത്തി  അയാളുടെ പേരാണ്  'കരിയാത്തൻ' .....   നാട്ടുസമ്പ്രദായപ്പടി ഓരോ  ദിവസവും  ഓരോ വീട്ടീന്ന്  വള്ളിയമ്മാളുക്ക്  ഭക്ഷണം കൊണ്ടുവന്നു..  വള്ളിയമ്മാളുക്ക്  ഉണങ്ങലരിചോറാണ് കൂടുതല്‍ ഇഷ്ടം  .. എന്നും ഭക്ഷണം ആദ്യം 'കരിയാത്തൻ' കഴിച്ചുനോക്കിയതിനുശേഷമാണ്  വള്ളിയമ്മാളുക്ക് കൊടുക്കാറ് .... വള്ളിയമ്മാളുടെ  സുരക്ഷക്കുവേണ്ട്യാണ്  അങ്ങനെ  ചെയ്തിരുന്നത്.. ....ഒരുദിവസം  ഇളയജന്മി  വള്ളിയമ്മാള്‍ക്കു കൊടുത്തുവിട്ട ചോറില്‍  ആരും  കാണാതെ വിഷം ചേര്‍ത്തു.. അത്  കഴിച്ച  കരിയാത്തൻ ശരീരം മുഴുവന്‍ നീല നിറത്തില്‍ ആയി മരിച്ചുവീണു ..


എനിക്ക് മുത്തശ്ശി പറയുന്ന  കാര്യങ്ങള്‍ പിടികിട്ടിതുടങ്ങി  ഈ  സംഭവത്തിന്റെ  ഓര്‍മയ്ക്കായാണ്  കരിയാത്തൻ ശിലക്ക്  മുന്നില്‍കൊണ്ടുവന്ന്  ഉരുളിയിലെ ചോറുവച്ചതും നീലകളറുള്ള മുണ്ട്  ഉടുപ്പിച്ചതും .. .. ഞാന്‍  ഒന്ന്  മൂളികൊണ്ട്  മുത്തശ്ശി  പറയുന്നത്  കേള്‍ക്കാന്‍ ചെവികൂര്‍പ്പിച്ചു ..

കരിയാത്തൻ മരിച്ചത്  വള്ളിയമ്മാള്‍ക്ക് കൊടുംകോപമുണ്ടാക്കി  വള്ളിയമ്മാള്‍ ദേഷ്യത്തുടന്‍ ജന്മിയുടെ  മാളികയിലേക്ക്‌ ചെന്ന്  ജന്മിയെ  വെട്ടിനുറുക്കി ..ജന്മി കൈവശപ്പെടുത്തിവച്ചിരുന്ന സ്വത്തെല്ലാം  ജനങ്ങള്‍ക്ക്‌  വീതിച്ചുനല്‍കി ഒരുമയോടെ  വ്യവസായം  ചെയ്യാനുള്ള  വഴിയൊരുക്കിക്കൊടുത്തു ... അതിനുശേഷം വള്ളിയമ്മാള്‍ക്കു  എന്ത് സംഭവിച്ചൂവെന്ന്  ആര്‍ക്കും  അറിയില്ല ...പക്ഷെ വള്ളിയമ്മാള്‍ നമ്മുടെ  നാടിന്‍റെ കാവല്‍ ദൈവമായ് ഇപ്പോഴും ഇവിടെയൊക്കെ  ചുറ്റി നടക്കുന്നുണ്ട് .....   മുത്തശ്ശി  കഥ പറഞ്ഞു നിര്‍ത്തി ...

എന്തൊക്കെയോ  രഹസ്യം കണ്ടുപിടിച്ചപോലെ  എന്‍റെ  മനസ്സ്  ആഹ്ലാദപ്പടര്‍പ്പിലാടി.. അന്നുകാലത്തെ   സംഭവങ്ങള്‍  ആചാരങ്ങളായി ആളുകള്‍ ചെയ്തു വന്നു കാലപോക്കില്‍  ഇന്നത്തെ ആളുകള്‍  സംഭവങ്ങളെ മറന്നു  ആചാരങ്ങളെ മുറുകെപ്പിടിച്ച് അനുഷ്ടിച്ച്പോരുന്നു ...

'വള്ളിയമ്മാള്‍  ഒരു  മനുഷ്യസ്ത്രീ  ആണെന്നാണ്‌  സത്യം'

..പക്ഷെ  അതിപ്പോള്‍  ഇവിടെ  ആരും ഉള്‍ക്കൊള്ളില്ലാ..അതിനെ അംഗീകരിക്കാന്‍  മനസ്സ് കാണിക്കാതെ  സത്യങ്ങളെ  മണ്ണിനടിയില്‍ കുഴിച്ചിട്ട് ആചാരങ്ങള്‍ക്ക്പിറകെപോകുന്നു ഇവര്‍ ..

വരും  തലമുറയ്ക്ക്  സത്യങ്ങള്‍  അറിയാതെ  വള്ളിയമ്മാള്‍  അദൃശ്യശക്തിയായ  ദൈവമായിമാറും ....

''ഇങ്ങനെയുള്ള  എത്ര  മനുഷ്യരെ  നമ്മുടെ  ഗ്രാമങ്ങളില്‍ അല്ലെങ്കില്‍  നമ്മുടെ   സമൂഹം  ആചാരാനുഷ്ഠാനങ്ങള്‍കൊണ്ട്   ദൈവമായ് ഉയര്‍ത്തിനിര്‍ത്തിയിട്ടുണ്ടാവും ??!!.. ''  ഇന്ന് നമ്മള്‍  വണങ്ങിവരുന്ന  പല ദൈവങ്ങള്‍ക്ക്പിന്നിലും  ഇങ്ങനെ  ഒരു  കഥയില്ലെന്നു  ആരുകണ്ടൂ ....

ഓര്‍ക്കുമ്പോള്‍ എന്‍റെ നാടിനോടും  വരും തലമുറയോടും  എനിക്ക്  സഹതാപം തോന്നുന്നു ..എം.ജി.ആര്‍ ന്റെയും  ജയലളിതയുടെയും  കരുണാനിധിയുടെയും ശിലക്ക് മാലയിട്ടുവണങ്ങിവരുന്ന  രീതി  ഇപ്പോള്‍  നിലവിലുണ്ട് ..കാലപ്പോക്കില്‍  ഇതൊരു  ആചാരമായിമാറി  വരും തലമുറ   മഞ്ഞമുണ്ടും തലയില്‍ കെട്ടും ഒരുലോഡ് പൂമാലയും ആയി  മലകയറി  ഈ  മനുഷ്യദൈവങളുടെ  ശിലയെ   കാണാന്‍ ക്യൂ നില്‍ക്കുന്ന  അവസ്ഥ വരുമോ  എന്നാണു  എന്‍റെ  പേടി .... 

Wednesday 1 June 2016

''ഭൂതകാലക്കുളിര്‍ അഥവാ കിട്ടാക്കനി ''
''കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍'' ആരുടെയോ കമന്‍റ് ബോക്സിലാണ് ഈ വാക്ക് ആദ്യമായ് കാണുന്നത് ഭൂതകാലത്തിനു മലയോളം പൊള്ളലുള്ളപ്പോഴും എങ്ങനെതന്നെ ആ വാക്കിനെ മനസ്സ് അംഗീകരിച്ച് പതിച്ചുവച്ചെന്നറിയില്ല.. പിന്നെപ്പോഴോ മറവിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി ആ വാക്ക് മാഞ്ഞുതുടങ്ങിയപ്പോഴാണ് ഓര്‍മിപ്പിക്കാനെന്നപോലെ ദീപടീച്ചറുടെ id കണ്മുന്നില്‍ വന്നുപെടുന്നത്.. ഭൂതകാലകുളിരിനെയും ടീച്ചറെയും കുറച്ചൊക്കെഅറിയാന്‍ തുടങ്ങിയത് അപ്പോഴാണ്‌..

അപ്പോള്‍ ആ ബുക്ക്‌ വായിക്കണം എന്ന് വല്ലാത്ത ആഗ്രഹം തോന്നിയിരുന്നു ഇരുന്നിടത്തിരുന്നു കാര്യം സാധിക്കുന്ന വിദ്യ അറിയാത്തതുകൊണ്ട് (ബ്ലോഗ്‌ ,fb,അത്യാവശ്യം വല്ല പിക് ഡൌണ്‍ലോഡ് ചെയ്യാന്‍ ഗൂഗിള്‍ അല്ലാതെ ഈ ഓണ്‍ലൈന്‍ വഴി ബുക്ക്‌ വാങ്ങുന്നത് എങ്ങനെയെന്നു നോക്കിയിട്ടില്ല) ആ പണിക്കു പോയില്ല .. അതുമല്ലാതെ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാന്‍ ബാങ്ക് അക്കൌണ്ട് ഒക്കെ വേണം എന്നാണു കേട്ടറിവ് ..ചെറിയമ്മക്ക് ബാങ്ക് അക്കൌണ്ട്‌ ഉണ്ട് .. ചോദിച്ചങ്ങ് ചെന്നാല്‍ മതി ഉടനെ അക്കൌണ്ടും പിന്‍ നമ്പരും ഒക്കെ ഇങ്ങു തന്നപോലെ തന്നെ .. ഒരു കാരണവും ഇല്ലാതെ ദൈവം വന്നപോലെ തുള്ളുന്ന ഒരാളെ അമ്പലത്തില്‍ കൊണ്ടുപോയിവിട്ടാലുള്ള അവസ്ഥ എന്തായിരിക്കും അതുപോലാവും ഞാന്‍ അത് ചോദിച്ചാല്‍ എന്നറിയാവുന്നതുകൊണ്ട് ആ ആഗ്രഹം പതിനാറാക്കിമടക്കി പോക്കെറ്റില്‍ ഇട്ടുവച്ചു.. അങ്ങനെയിരിക്കുമ്പോഴാണ് ഗാന്ധിപുരത്ത് വീണ്ടും ഒരു ചെറിയ book fair വരുന്നത് ... ചെറിയമ്മയെ അയച്ചുവിട്ട് പണിയെല്ലാം ഒരുങ്ങി ഞാനും അമ്മൂസുംകൂടെ സ്കൂട്ടിയെടുത്ത് നേരെവിട്ടു ഗാന്ധിപുരം ..

പോയികൊണ്ടിരിക്കുമ്പോള്‍ അമ്മൂസ് എന്നോട് ചോദിച്ചു '' ചേച്ചി ആനന്ദഅലയും , ഗുരുവിന്‍ പാര്‍വയിലും ഒക്കെ വായിച്ചുകഴിഞ്ഞോ ഇത്രേം വേഗം ?''
''ഇല്ലെടി..ഉണ്ണീ.. എന്‍റെ ഫ്രീ ടൈം മുഴുവന്‍ fb അപഹരിച്ചുകൊണ്ടുപോകുന്നു അതൊന്നും നോക്കാന്‍ പോലും പറ്റാതായി ''
''പിന്നെന്തിനാ ഇങ്ങനെ ബുക്ക്‌ വാങ്ങികൂട്ടുന്നത്‌ ?''
''ബുക്ക്‌ വാങ്ങികൂട്ടുന്നോന്നും ഇല്ലാ 'കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍' എന്നൊരു ബുക്ക്‌ ഉണ്ടെങ്കില്‍ വാങ്ങും ഇല്ലെങ്കില്‍ കറങ്ങിയടിച്ചു തിരിച്ചുപോരാം ''
''ഓ... മലയാളം ബുക്കാ..?! ''
''ഉം.. അതെ മലയാളം.. ദീപടീച്ചര്‍ടെയാണ്''
''ആരുടെ ? ''
''ദീപ എം. എ മലയാളം ''
''ഓ... മലയാളം ''
'' എന്താടി മലയാളത്തിനോട് ഒരു പുച്ഛം ?''
''അതല്ല മലയാളം തമിഴ് പോലെ കഷ്ടം ഒന്നും അല്ലാലോ javaമലയാളം സിമ്പിളല്ലേ ?''
''മലയാളം നിനക്ക് സിമ്പിളാണോ ?!! എങ്കി പറയെടി നിയോക്ലാസ്സിസത്തിന്‍റെ മെയിന്‍ സ്വഭാവം എന്താണെന്ന് പറ ''
''ങേ ?!! ഇതാണോ മലയാളം ?! ഇത് മാവ ... അല്ലാ .. ജാവ ... അല്ലാ ..... ഇത് മലയാളമേ അല്ലാ .. ''
''ഹ! ഹ ! ബെസ്റ്റ് .. എങ്കി തെക്കന്‍പാട്ടും വടക്കന്‍പാട്ടും തമ്മിലുള്ള വ്യത്യാസം എന്താ പറ ?!! ''
''അപ്പൊ കിഴക്കിനും പടിഞ്ഞാറിനും ഒന്നും പാട്ടില്ലേ ?''
''ഇനി നീ ഒരക്ഷരം മിണ്ടരുത് മലയാളം അവള്‍ക്കു സിമ്പിളാത്രെ.. ഹും ..''
ഞാന്‍ ആക്സിലേറ്റര്‍ മുറുക്കിപിടിച്ചു
അപ്പോള്‍ അവള്‍ പറഞ്ഞു ''ഇതൊക്കെ പഠിപ്പിക്കുന്ന ടീച്ചറാ..അപ്പൊ കുഴപ്പം ഇല്ലാ ടീച്ചര്‍ ജാവേടെ അത്രേം സിമ്പിളല്ലാ ആ ബുക്ക്‌ വായിക്കാം...അരുംപയനായും അറിവിനാര്‍ സൊല്ലാര്‍ പെരുംപയനില്ലാത സൊല്‍ ''
''മതി മതി ഇനി നീ ദൈവനൂലിലേക്ക് കടക്കണ്ടാ ''
ഗാന്ധിപുരം എത്തുന്നത്‌ വരെ കേരളവര്‍മ്മകോളേജിനെക്കുറിച്ചും, ടീച്ചറുടെഅച്ഛന്‍പോലീസിലായിരുന്നെന്നും, ടീച്ചര്‍ പ്രണയവിവാഹം ആയിരുന്നെന്നും ഒക്കെയുള്ള എനിക്കറിയാവുന്ന കാര്യങ്ങളൊക്കെ അവളോട്‌ പറഞ്ഞുകൊണ്ടിരുന്നു ...
***********************************************************

രണ്ടുഭാഗത്തും അടുക്കിപ്പെറുക്കിവച്ചിരിക്കുന്ന തമിഴ്, ഇംഗ്ലീഷ് ബുക്കുകളുടെ ഇടയില്‍ ആരെങ്കിലും ഓര്‍മതെറ്റുകൊണ്ടെങ്കിലും മലയാളം ബുക്കുകളുടെ ഒരു ശേഖരം കൊണ്ട്വന്നു വച്ചിട്ടുണ്ടാകണേയെന്നു ആശിച്ചു പരതിനടക്കുമ്പോള്‍ ഒരാള്‍ ഞങ്ങളോടുവന്നു ചോദിച്ചു ..
''എന്തമാതിരി ബുക്ക്‌ പാക്കറീങ്ക?''
''ഭൂതകാലക്കുളിര്‍ ഇരുക്കാ?'' ഞാന്‍ ഒരു മറുചോദ്യം അങ്ങോടു ചോദിച്ചു
''ഇങ്കയെ നില്ലുങ്കോ നാന്‍ പാക്കറേന്‍ '' എന്ന് പറഞ്ഞുകൊണ്ട് അയാള്‍ കാര്‍ബോര്‍ഡുകൊണ്ട് പെട്ടിക്കടപോലെ ഉണ്ടാക്കിവച്ചിരിക്കുന്നതിനുള്ളിലേക്ക് പോയി ..
ഞാന്‍ അപ്പോള്‍ കയ്യില്‍ കിട്ടിയ 108ഉപനിഷത്തുകള്‍ എട്ടാംഭാഗം കയ്യിലെടുത്തു മറിച്ചുനോക്കികൊണ്ടിരിക്കുമ്പോള്‍ അയാള്‍ കയ്യില്‍ ഒരു ബുക്കുമായി വരുന്നത് കണ്ടു .... രക്ഷപെട്ടു ബുക്ക്‌ കിട്ടിയെന്നു തോന്നുന്നു .. എന്‍റെ മനസ്സില്‍ സന്തോഷം തിരതല്ലാന്‍ തുടങ്ങി ..
അയാള്‍ അടുത്തുവന്നു ആ ബുക്ക്‌ എന്‍റെ കയ്യില്‍ തന്നു അതിലേക്കു നോക്കിയ എന്‍റെ മുഖം വെയില്‍കൊണ്ട് വാടിയ തുമ്പച്ചെടിയെപോലെയാകുന്നത്കണ്ട അമ്മൂസ് ആ ബുക്ക്‌ എന്‍റെ കയ്യില്‍നിന്നും വാങ്ങി അയാളോട് ചോദിച്ചു ..
''എന്നയിത്‌ ?..യാരിന്ത സ്മിതരാജ് ?.. ദീപടീച്ചര്‍ യാര്..ന്ന്..തെരിയുമാ ഉങ്കളുക്ക് ?..''
''ഇത് അതൈവിട നല്ലാ..ഇരുക്കും '' അയാള്‍ പറഞ്ഞു
''എന്ന നല്ലാ..ഇരുക്കും ?.. ഇത് പാക്കവേ..ഭയമായിരുക്ക് '' അമ്മൂസ് അമര്‍ഷത്തോടെ പറഞ്ഞു
''പേയ്കഥൈ..സൂപ്പെര്‍സ്റ്റോറി .. റൊമ്പ നല്ലാ..ഇരുക്കും '' അയാള്‍ വീണ്ടും പറഞ്ഞു
ഞാന്‍ 'ഭൂതകാലക്കുളിര്‍' എന്ന് പറഞ്ഞപ്പോള്‍ ഭൂതത്തിന്‍റെ കഥായാണെന്നോ ഞങ്ങള്‍ 'horror story' തപ്പിയാണ് നടക്കുന്നതെന്നോ തെറ്റിദ്ധരിച്ചാവണം അയാള്‍ 'സ്മിതരാജ്' എഴുതിയ 'ഹൊറൊര്‍നോവല്‍' എടുത്തുകൊണ്ടുവന്നു ഇത് ഭൂതകാലക്കുളിരിനെക്കാള്‍ നല്ലതാണെന്ന് പറഞ്ഞത് ...
ഭൂതകാലക്കുളിര്‍ ഇവിടെ കിട്ടില്ലെന്ന് ഉറപ്പാക്കി വിഷമത്തോടെ ഞാന്‍ നില്‍ക്കുമ്പോള്‍ അമ്മൂസ് ആ ബുക്ക്‌ അയാളുടെ കയ്യില്‍ തിരിച്ചുകൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു
''അണ്ണാ.. നീങ്ക സൊല്‍റപേയ് മനുഷ്യാളുങ്കരക്തം കുടിക്കറ പേയ് നാങ്ക സൊല്‍റ ഭൂതം റൊമ്പ നല്ലഭൂതം അത് മനുഷ്യാളുങ്കരക്തമെല്ലാം കുടിക്കാത് അത് 'ബീഫ്' മട്ടുംതാന്‍ സാപ്പിടും ''
അത് കേട്ടതും സുധിയേട്ടന്‍ പറഞ്ഞപോലെ ആംസ്ട്രോങ്ങും ടീമും ചന്ദ്രനിലിറങ്ങി കോട്ടുവായിട്ട്‌ മൂരിനിവർത്തി തിരിഞ്ഞ്‌ നോക്കിയപ്പോൾ മലയാളിയായ നാരായണേട്ടന്‍റെ ചായക്കടകണ്ട്‌ ഞെട്ടിയത്‌ പോലെ ഞാന്‍ ഞെട്ടിതെറിച്ചുനില്‍ക്കുമ്പോള്‍ .. ആ ഡൈലോഗ് കഴിഞ്ഞു എന്നേം വലിച്ചുകൊണ്ട് അവള്‍ സ്ലോമോഷനില്‍ പുറത്തേക്ക് നടന്നു ..
******************************************************************
ഇനി അടുത്ത ഓണത്തിന് നാട്ടിലേക്ക് പോകുമ്പോള്‍ വാങ്ങിക്കേണ്ടുന്ന ബുക്കുകളുടെ ലിസ്റ്റില്‍ ഭൂതകാലകുളിരിനെയും കോറിയിട്ട് അടച്ചുവച്ചു...... അങ്ങനെയിരിക്കുന്ന സമയത്താണ് ഗ്രൂപ്പിലെ നല്ല നടപ്പും സ്വഭാവശുദ്ധിയും മാനിച്ച് ആമിടീച്ചര്‍..(ആമി ടീച്ചറെ ഇതൊന്നും മാറ്റിപ്പറഞ്ഞു മാനം കളയല്ലേ ട്ടോ.. ആളോള് ഞാന്‍ നല്ല കുട്ടിയാന്നു വിചാരിച്ചോട്ടെ ) എനിക്ക് ഭൂതകാലക്കുളിര്‍ അയച്ചുതരുന്നത് ..അങ്ങനെ ഓണംവരെ കാക്കാതെതന്നെ ബുക്ക്‌ കയ്യില്‍ കിട്ടുന്നതിന്‍റെ സന്തോഷവും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലും രണ്ടുദിവസം തള്ളിനീക്കി .. .....ഒടുക്കം ഒരാള് പത്തുപതിനഞ്ചു കിലോമീറ്റര്‍ അപ്പുറത്ത് പോയിനിന്നുകൊണ്ട് എനിക്ക് ഫോണ്‍ ചെയ്തു ഈ വഴിയാണോ ആ വഴിയാണോ അമ്പലത്തിന്‍റെ പുറകിലാണോ എന്നൊക്കെ ചോദിച്ചു ... ഞാന്‍ പറഞ്ഞു ഈ..വഴിയുംഅല്ലാ ആ..വഴിയും അല്ലാ അമ്പലത്തിന്‍റെ പുറകിലുമല്ലാ നിങ്ങള്‍ അവിടന്ന് നേരെ ഊട്ടിറോഡിലേക്ക് വാ എന്ന് പറഞ്ഞു ... ഈ ലോകത്ത് ഇങ്ങനെയും ഉണ്ടോ മണ്ടന്‍മാര് എത്ര വഴിപറഞ്ഞുകൊടുത്താലും മനസ്സിലാകുന്നില്ലാ..എനിക്ക് ദേഷ്യം വന്നു ഞാന്‍ ഫോണ്‍ കട്ട്‌ചെയ്തു .... ആ സമയത്ത് സ്വന്തത്തില്‍ ഒരു മരണം ഉണ്ടാവുകയും ഞാന്‍ അവിടേക്ക് പോകേണ്ടിവരുകയും ചെയ്തതുകൊണ്ട് അയാള് പിറ്റേന്ന് മൂന്നാലുവട്ടം ഫോണ്‍ ചെയ്തപ്പോഴും ഫോണെടുക്കാന്‍ പറ്റിയില്ല ..അയാള്‍ക്കും ദേഷ്യം വന്നിട്ടുണ്ടാകും അയാള് ആ ബുക്ക്‌ ആമിടീച്ചര്‍ക്കെന്നെ തിരിച്ചുകൊടുത്തു
ഭൂതകാലക്കുളിര്‍ എനിക്കൊരു കിട്ടാക്കനിയായ്തന്നെ തുടര്‍ന്നു..fbയില്‍ സംസാരവിഷയത്തിനിടയില്‍ ആരെങ്കിലും ഭൂതകാലക്കുളിര്‍ വായിച്ചോ എന്ന് ചോദിച്ചാല്‍ ഭൂതകാലത്തിനു വല്ലാത്ത പൊള്ളലായിരുന്നെന്നും കുളിര്തേടിപോയാല്‍ അവസാനം പൊള്ളലുംകൊണ്ട് തിരിച്ചുകേറേണ്ടിവരുമെന്നുംപറഞ്ഞ് മറുമനസ്സ് കിട്ടാത്ത മുന്തിരിപുളിക്കും എന്ന് പറയുന്നത് വകവെക്കാതെ ഓടിരക്ഷപെടും ..
അങ്ങനെയിരിക്കെയാണു നാലഞ്ചുദിവസംമുന്‍പ് തൊട്ടടുത്ത കടയില്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാനായി പോകുന്നത് ... xerox എടുത്തുകൊടുക്കുക,ബസ്‌ടിക്കെറ്റ് ബുക്ക്‌ ചെയ്തുകൊടുക്കുക റീചാര്‍ജ് ചെയ്തുകൊടുക്കുക എന്നീ സേവനങ്ങള്‍ (കാശ്മേടിച്ച്)ചെയ്തുകൊടുക്കുന്ന ഒരു ബംഗാളിപയ്യനുണ്ട് വീടിനടുത്ത് ..
ബാപ്പിഎന്നാണു അവന്‍റെ പേര് (ശരിയായ പേര് സദാംഹുസൈന്‍ എന്നാണു ഇവിടെ വന്നു പേര് മാറ്റിയതാണ്) അവന്‍ ആദ്യമായി എന്നെ ''ചേച്ച്യക്കാ '' എന്ന് വിളിച്ചപ്പോള്‍ വല്ല ചീത്തവാക്കും ആണോന്നു കരുതി ഞെട്ടിതരിച്ചുനിന്നുപോയിട്ടുണ്ട് ഞാന്‍ .. എന്നെ ചില കുട്ടിയോള് ചേച്ചിയെന്നും ചില കുട്ടിയോള് അക്കാ എന്നും വിളിക്കുന്നത്‌ കേട്ട് എന്നെ എന്ത് വിളിക്കണം എന്നറിയാതെ ബുദ്ധിക്കുമറിച്ചല്‍ സംഭവിച്ചനിമിഷത്തിലെപ്പോഴോ പെട്ടന്ന് അവന്‍റെ വായില്‍നിന്നും ചാടിവന്ന വാക്ക് പിന്നീട് എനിക്ക് 'ചേച്ച്യക്ക' എന്നൊരു പുതിയ സ്ഥാനപേരുണ്ടാക്കിതന്നു..(ഇപ്പോഴൊക്കെ അവന്‍ നന്നായി തമിഴ്പറയാന്‍ പഠിച്ചുട്ടോ )
അപ്പൊ നമ്മള് പറഞ്ഞുവന്നത് ഞാന്‍ റീചാര്‍ജ് ചെയ്യാന്‍ പോയസമയത്ത് അവന്‍ ഓണ്‍ലൈന്‍ വഴി പുത്യ മൊബൈല്‍ എടുത്തെന്നും പറഞ്ഞു അത് വേറെ രണ്ടു പിള്ളേര്‍ക്ക് കാണിച്ചുകൊടുത്തു അതിനെക്കുറിച്ച് പറയുകയായിരുന്നു ..
ഞാന്‍ അപ്പോള്‍ കിട്ടില്ലെന്ന് ഉറപ്പോടെത്തന്നെ തമാശരൂപേണ അവനോടു ചോദിച്ചു .. '' ഇതിക്കൂടെ മലയാളം ബുക്സ് ഒക്കെ വാങ്ങിക്കാന്‍ പറ്റുമോ ?'' ..... പറ്റുമെന്ന് അവന്‍ മറുപടിപറഞ്ഞു
''ബാങ്ക് അക്കൌണ്ട് ഇല്ലാത്തവര്‍ക്കും പറ്റുമോ ? !'' സംശയം തീരാതെ ഞാന്‍ വീണ്ടും ചോദിച്ചു
''പറ്റും അത് കൊണ്ടുവരുമ്പോ പൈസകൊടുത്താ മതി ''
അത്കേട്ടതും ന്‍റെ മനസ്സില്‍ ഒരു നൂറുലഡ്ഡു പൊട്ടി
''എടാ.. എങ്കി എനിക്കൊരു ബുക്ക്‌ വേണാര്‍ന്നെടാ.. ''
''ഏതു ബുക്ക്‌ ആണ് ചേച്ച്യക്കാ .. ''
''കുന്നോളമുണ്ടല്ലോ ഭൂതകാലകുളിര്‍ ''
അവന്‍ ഏതോ ഒരു സൈറ്റില്‍ പോയി ബുക്കിന്‍റെ പുറംചട്ട കാണിച്ചുതന്നു..
''ഹായ്.. ഇതെന്നെ '' .. ഞാന്‍ അടക്കാനാവാത്ത സന്തോഷത്തോടെ പറഞ്ഞു
നൂറ്റിനാല്‍പ്പതു രൂപതന്നിട്ട്പൊയ്കോ രണ്ടു ദിവസത്തിനുള്ളില്‍ ബുക്ക്‌ തരാം എന്ന് അവന്‍ പറഞ്ഞപ്പോ മുന്നും പിന്നും ആലോചിക്കാതെ ഇരുന്നൂറു രൂപ അവന്‍റെ കയ്യില്‍ കൊടുത്തു അമ്പതുരൂപ റീചാര്‍ജുംചെയ്ത് ബാക്കി പത്തു രൂപയ്ക്കു രണ്ടു ചോക്കളേറ്റും വാങ്ങി ഒന്ന് അവനുതന്നെ കഴിക്കാന്‍ കൊടുത്തിട്ട് സന്തോഷംവരുമ്പോ മധുരം കഴിക്കണം എന്നും പറഞ്ഞ് അവിടെനിന്നും ഇറങ്ങിവീടെത്തുംവരെയും ന്‍റെ മനസ്സില്‍ മോഹന്‍ലാലും ശ്രീനിവാസനും നിറഞ്ഞുനിന്നു.. കൂടെ ഈ ഡൈലോഗും ......... '' എടാ വിജയാ നമ്മള്‍ക്ക് എന്താടാ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത് ..എല്ലാത്തിനും അതിന്‍റെതായ സമയം ഉണ്ടെടാ ദാസാ .... ''
***********************************************************
ഇന്നലെ നാല്മണി പലഹാരവും ചായയും ഉണ്ടാക്കി കടയില്‍കൊണ്ടുപോയി ചെറിയമ്മയ്ക്കും പണിക്കാര്‍ക്കും കൊടുത്തിട്ട് തിരിച്ചുവരുമ്പോള്‍ അവന്‍ വിളിച്ചു കയ്യില്‍ ഒരു പൊതിതന്നു ... അത് കയ്യില്‍ വാങ്ങിയതും അവനോടു ഒരു നന്ദി പറഞ്ഞെന്നു തോന്നുന്നു .. ഒറ്റ ഓട്ടമായിരുന്നു വീട്ടിലേക്കു ..
********************************************************
''ഓര്‍മകളെ..സമയമളന്ന് ജീവിക്കുന്നതിനിടയില്‍ നിങ്ങളെന്നില്‍നിന്നും ഓടിമറയരുതേ.. ''... ആ കവര്‍ തുറന്നതും ആദ്യം എന്‍റെ കണ്ണുകള്‍ ഒപ്പിയെടുത്ത് ഹൃദയത്തിലേക്ക് പിഴിഞ്ഞൊഴിച്ചവരികള്‍ അടിമുടിഉള്‍ക്കുളിരോടെ വായിക്കുമ്പോള്‍ നനവുതട്ടി ഉള്‍പുളകംകൊണ്ടൊരാള്‍ ഉള്ളിലിരുന്നു പതിഞ്ഞസ്വരത്തില്‍ വീണ്ടും വിളിച്ചുപറഞ്ഞു .. ''ശ്യോ..ഈ ഭൂതകാലത്തിനു എന്തൊരു കുളിരാണ് ''
ചില ഓര്‍മകള്‍ക്കൊക്കെ മരണം വേണമെന്നു ആശിക്കുമ്പോഴും പൊള്ളലേല്‍ക്കാതെ എവിടെയോ ഉറഞ്ഞുകിടക്കുന്ന ഭൂതകാല ഓര്‍മകളെ ഊതിയെടുത്തു സ്വരുക്കൂട്ടി വയ്ക്കാന്‍ ടീച്ചര്‍ പറയുന്നപോലെ ..
അടുത്ത പേജ് തുറന്നു ഉള്ളടക്കം വായിച്ചതും ഒറ്റക്കുലയിലെ 25 ഭൂതകാല മുന്തിരിക്കനികളെ ഓര്‍മിപ്പിച്ചു ........ വികസനങ്ങള്‍ എത്തിനോക്കാത്ത ഒരു ഉള്‍ഗ്രാമത്തിലാണ് ഞാന്‍ വളര്‍ന്നത്‌ (ഇപ്പഴും അവിടം വല്യ മാറ്റങ്ങള്‍ ഒന്നും ഇല്ലാ കൊറയങ്ങട് പിറകിലേക്കും പോണ്ടാ ന്‍റെ കുട്ടിക്കാലം പറയുമ്പോ എത്രകൊല്ലം പിന്നോട്ട്പോയാ മതീന്ന് അറിയാലോ ?) .... അന്നൊക്കെ ആപ്പിളും മുന്തിരിയുമൊക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക് കിട്ടാക്കനിയായിരുന്നു..ആരെങ്കിലും വിരുന്നുവരുമ്പോഴാവും ചിലപ്പോഴൊക്കെ അവര്‍ മുന്തിരി വാങ്ങിവരാറുള്ളത് ...അത് എല്ലാര്‍ക്കും പങ്കുവയ്ക്കുന്ന കൂട്ടത്തില്‍ എന്‍റെ പങ്കുകിട്ടുന്നത് ഒരുകുലയില്‍ തൂങ്ങിയാടുന്ന എട്ടോ പത്തോ കനികള്‍ ...അത് കയ്യില്‍തന്നെ പിടിച്ചു കൊറേ നേരം അങ്ങനെ ഇരിക്കും എടുത്തുതിന്നാന്‍ കൊതിയുണ്ടാകും പക്ഷെ തിന്നാല്‍ തീര്‍ന്നുപോവൂലേ.. തീര്‍ന്നുപോയാല്‍ കുഞ്ഞിക്ക് വിഷമം ആവൂലെ ...
കുറെനേരം കഴിഞ്ഞു ഒരെണ്ണം മെല്ലെ നുള്ളിയെടുത്ത് വായിലിടും അത് തിന്നുകഴിഞ്ഞാല്‍ പിന്നെ കൊതിയടക്കാന്‍ കഴിയാതെ അടുത്ത ഒരെണ്ണം അത് കഴിഞ്ഞാല്‍ അടുത്തത് അങ്ങനെ അത് മുഴുവന്‍ തീര്‍ത്തുകഴിഞ്ഞു വേറെ ആരുടെയെങ്കിലും കയ്യില്‍ മുന്തിരിയുണ്ടോ എന്ന് നോക്കും ആരുടേലും ഇല്ലെങ്കി ഒരു വല്ലാത്ത നിരാശയോടെ അടുത്തവിരുന്നുകാര്‍ക്കായുള്ള കാത്തിരിപ്പായി ..

അതുപോലെ എനിക്ക് കിട്ടാക്കനിയായിരുന്ന 'വീട്ടാനാകാത്ത ചില കടങ്ങള്‍ മുതല്‍ ജലം കൊണ്ടുള്ള മുറിവുകള്‍' വരെയുള്ള ഒറ്റക്കുലയിലെ 25 മുന്തിരിക്കനികള്‍ ഉണ്ട് ഇപ്പോള്‍ എന്‍റെ കയ്യില്‍ ആര്‍ത്തിയോടെ മുഴുവന്‍ ഒറ്റയടിക്ക് തിന്നുതീര്‍ത്തിട്ട് ഇനിയെന്തുചെയ്യും എന്ന് നിരാശയോടെ നോക്കിയിരിക്കാന്‍ എന്‍റെ മനസ്സനുവധിക്കുന്നില്ല ....
അതുകഴിഞ്ഞുള്ള ശാരുടീച്ചറുടെയും രേഖ((ആരാന്നറിയില്ല വല്യ എഴുത്തുകാരിയാവാം അല്ലെങ്കില്‍ ടീച്ചറാകാം ആരായാലും ഞാന്‍ ഇവിടെ ചേച്ചിയെന്നു വിളിക്കുന്നു))ചേച്ചിയുടെയും കുറിപ്പുകള്‍ എഴുത്തുകാരിക്ക് കിട്ടാവുന്ന ഏറ്റവും വല്യ അംഗീകാരം തന്നെയാണ് ... അതില്‍ രേഖചേച്ചിയുടെ കുറിപ്പിലുള്ള ഈ വരികള്‍
''ദീപ നടന്നുകൂട്ടിയ തൃശ്ശൂരില്‍ എന്‍റെ കാല്‍പ്പാടുകളും ശങ്കകളും സങ്കടങ്ങളും ഉണ്ടാകും ഈ നഗരത്തില്‍ വരുന്നവര്‍ തനിക്കുചുറ്റും ഒന്ന് വലംവക്കണമെന്ന് ശഠിക്കുന്ന ശിവന്‍റെ മൂന്നാംകണ്ണ് ജീവിതം തുടങ്ങിയിടത്ത്തന്നെ തിരിച്ചെത്തിക്കുന്ന വട്ടംചുറ്റിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരേയൊരു നഗരം ''
ഈ വരികളിലൂടെ കണ്ണ് ഒഴുകിനടക്കുമ്പോള്‍ കുറച്ചുമാസങ്ങള്‍ക്ക് മുന്നേയുള്ള പഴക്കങ്ങളുടെ മാറാലക്കെട്ടിലേക്ക് ഓടിയോളിക്കാത്ത ഒരു കുട്ടിഭൂതകാലത്തേക്ക് എന്‍റെ മനസ്സ് ഒഴുകിപോയി ....
അന്നാണ് ഞാന്‍ ആദ്യമായി തൃശ്ശൂര്‍ കാണുന്നത് അവിടെ കുരിയചിറ എന്നൊരു സ്ഥലത്തേക്കാണ്‌ വരവ് (സ്ഥലത്തിന്‍റെ പേര് കറക്റ്റ് ആണോ എന്ന് അറിയില്ല കുരിയചിറ എന്നാണു എന്‍റെ ഓര്‍മ ഇനി തൃശ്ശൂരില്‍ അങ്ങനെ ഒരു സ്ഥലമേ ഇല്ലാന്ന് പറഞ്ഞു എന്നോട് തല്ലുണ്ടാക്കാന്‍ വരരുത് ) അവിടെ കല്യാണില്‍ നൈറ്റി മെറ്റീരിയല്‍ തിരുപ്പൂരിലെക്കാളും കുറഞ്ഞവിലക്ക് കിട്ടും എന്ന് ആരോ പറഞ്ഞതുകേട്ടാണ് നാട്ടിലേക്ക് ഒരു കല്യാണം കൂടാന്‍ വന്നപ്പോള്‍ പോയൊന്നു അന്വേഷിച്ചാലോ എന്ന് ചെറിയമ്മ പറഞ്ഞത് ..മൂന്നാളുംകൂടെ ബസ്സില്‍ പോകാം എന്നുള്ള തീരുമാനം വല്യമ്മയുടെ മോന്‍ എന്നെ ബൈക്കില്‍ കൊണ്ടുപോകാം എന്ന തീരുമാനത്തിനടിയില്‍പ്പെട്ടു നിശബ്ദമായി .. അങ്ങനെ വല്യമ്മയുടെമോന്‍റെ കൂടെ ബൈക്കില്‍ ഒരു യാത്ര തൃശ്ശൂര്‍ മഹാനഗരിയിലേക്ക് ...അവനും വല്യ പിടിയില്ല തൃശ്ശൂരെന്നു പലരോടും അവന്‍ വഴി ചോദിക്കുന്നത് കണ്ടപ്പോഴാണ് മനസ്സിലായത്‌ ... അങ്ങനെ ചോദിച്ചു ചോദിച്ചു പോയി എങ്ങനൊക്കെയോ അവന്‍ കല്യാണില്‍ കൊണ്ടെത്തിച്ചു.. സാമ്പിള്‍പീസുകള്‍ കുറച്ചെണ്ണം എടുത്തു(ഇവിടെ വില കൂടുതലായിരുന്നു) ഞങ്ങള്‍ അവിടെനിന്നും തിരിച്ചുപോന്നു...ഇടയ്ക്ക് ഒരു ബേക്കറിയില്‍ നിര്‍ത്തി ചായയും പപ്സും കഴിച്ചു വീണ്ടും വണ്ടിയെടുത്തു എത്രദൂരം എന്നറിയില്ല കുറെ ദൂരം അങ്ങനെ പോയിക്കഴിഞ്ഞപ്പോഴാണ് അവന്‍ പറയുന്നത് ....
'' എടിയേ..നമ്മള് ചായ കുടിച്ച ബേക്കറിയില്ലേ? അത് ഏതോ വമ്പന്‍ മുതലാളിയുടെയാണു ''
''അതെങ്ങനെ നിനക്കറിയാം ?!! ''
''ഇപ്പോത്തന്നെ അതേ..പേരിലുള്ള നാലഞ്ചു ബേക്കറി കഴിഞ്ഞുപോയെടി..ഒരേപോലെ നാലഞ്ചുകടയൊക്കെ ഓപ്പണ്‍ ചെയ്യണേല്‍ ആള് വല്യ പുള്ളിയായിരിക്കില്ലേ ?''
അവിടെത്തന്നെ കിടന്നു വട്ടംചുറ്റുകയാണെന്ന് വെളിവും വെക്കാനവും ഇല്ലാത്ത അവനോ അന്തോം കുന്തോം ഇല്ലാത്ത എനിക്കോ മനസ്സിലായില്ല ..പിന്നീട് പാലക്കാട് റോഡിലേക്ക് ആരോ വഴികാണിച്ചുതന്നു അയച്ചുവിടുമ്പോള്‍ ഞങ്ങള്‍ക്ക് പറ്റിയ അമളിയോര്‍ത്തു ചിരിച്ചുചിരിച്ചു മണ്ണ്തപ്പി ...
തൃശ്ശൂരില്‍ ആദ്യമായി വരുന്നവര്‍ക്കൊക്കെ ഈ പിഴവ് പറ്റാറുണ്ടെന്നു തോന്നുന്നു അതുകൊണ്ടാണല്ലോ രേഖചേച്ചി അങ്ങനെ എഴുതിയത്.. ചേച്ചീടെ ഈ കുറിപ്പ് വായിക്കുന്ന കോളേജില്‍ പഠിക്കാന്‍ അവസരം ലഭിക്കാത്ത ചിലര്‍ക്കെങ്കിലും ഒരു നഷ്ടബോധം ഉണ്ടാവാന്‍ ഇടയുണ്ട് .
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
അപ്പൊ ആകെമൊത്തത്തില്‍ എന്താ പറഞ്ഞുവന്നതെന്ന് വച്ചാല്‍ .. മാമന് ലോട്ടറിയില്‍ കുറച്ചു കാശ് കിട്ടിയപ്പോള്‍ ഒരു രാത്രിയില്‍ അനിയനൊരു സൈക്കിള്‍ വാങ്ങികൊണ്ട് വീട്ടിലേക്കു വന്നു .. അപ്പോള്‍തന്നെ അതൊന്നു തറയിലിറക്കി ഓടിക്കാന്‍ അവന്‍ വല്ലാതെ വെപ്രാളപ്പെട്ടു അപ്പോള്‍ അച്ഛന്‍ കാലത്ത് ഓടിച്ചാല്‍ മതി എന്ന് പറഞ്ഞു വിലക്കി.. സന്തോഷവും നിരാശയും കലര്‍ന്ന ഒരു പ്രത്യകഅവസ്ഥയില്‍ നേരം വെളുപ്പിക്കാന്‍ ഒരു രാത്രി ഒരു യുഗമെന്നപോലെ ആനന്ദത്താലും ആകാംക്ഷയാലും അവന്‍ കഴിച്ചുകൂട്ടി ... അത്പോലെ ദിവസവും ഓരോ മുന്തിരിക്കനികളെ അടര്‍ത്തിയെടുത്ത്‌ 25 ദിവസങ്ങള്‍ 'ചിട്ടയോടെ അടുക്കി പെറുക്കിവച്ചാല്‍ വിസ്മയമാകുന്ന 'അക്ഷരങ്ങളെ' പ്രണയിക്കുന്നവള്‍ക്ക്' ആനന്ദം നല്‍കാന്‍ രണ്ടു അട്ടക്കുള്ളില്‍ കോറിയിട്ട് ഒതുക്കിവച്ചിരിക്കുന്ന അക്ഷരങ്ങള്‍ക്ക് കഴിയുമെങ്കില്‍ അതിനേക്കാള്‍ സ്വാരസ്യം വേറെന്താണുള്ളത് ?......

Saturday 9 April 2016

ഒരു സുഹൃത്തിന്‍റെ ചോദ്യത്തിനുള്ള മറുപടി മാത്രമാണ് ഈ പോസ്റ്റ്‌ ആരോടും ഇതേക്കുറിച്ച് തര്‍ക്കിക്കാന്‍ ഞാന്‍ ഒരുക്കമല്ല വല്യ അറിവുള്ള ആളൊന്നുമല്ല ഞാന്‍ ....എനിക്കറിയാവുന്ന ചെറിയ ചില കാര്യങ്ങള്‍ പറയുന്നു എന്നു മാത്രേ ഉള്ളൂ ....
''ആത്മാവ് എന്നാല്‍ എന്താണ് ? അത് എന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് ?'' .... എനിക്കറിയില്ല അദ്ദേഹത്തിനു എന്നോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ തോന്നിച്ചത് എന്തെന്ന് .. എങ്കിലും ഒരു ചോദ്യം ഉത്ഭവംകൊണ്ട സ്ഥിതിക്ക് അതിനു ഉത്തരം നല്‍കുക എന്നത് എന്‍റെ കടമ ആണല്ലോ ..അതുകൊണ്ടും ഇന്‍ബോക്സില്‍ മണിക്കൂറുകള്‍ നീണ്ട ചാറ്റിനു ഇഷ്ടം ഇല്ലാത്തതുകൊണ്ടും ഇവിടെ ഇങ്ങനെ ഒരു പോസ്റ്റ്‌ ആയി ഇടുന്നു ... ഈ ചോദ്യത്തിനും നിങ്ങള്‍ ചോദിക്കാന്‍ ഇടയുള്ള ചോദ്യത്തിനുംചേര്‍ന്ന് ഈ പോസ്റ്റിലൂടെ മറുപടി പറയാന്‍ എനിക്ക് സാധിച്ചാല്‍ ഞാന്‍ ധന്യയായി ....
സ്വയം നാം ആരാണ് ..?!! ഞാന്‍ ചിലങ്കശ്രീ  ആണോ ? ചിലങ്കശ്രീ  എന്നത് എന്നെ അറിയാന്‍ ആളുകള്‍  ഉപയോഗിക്കുന്ന നാമം മാത്രമാണ് അങ്ങനെയെങ്കില്‍ ഞാന്‍ ആര് ?!!
എന്‍റെ ഷര്‍ട്ട്, എന്‍റെ പേന, എന്‍റെ ബുക്ക്‌ എന്നൊക്കെ  പറയുമ്പോള്‍ നമ്മള്‍ക്ക് ഒരു കാര്യം വ്യെക്തമല്ലേ .. നമ്മള്‍ ആ ഷര്‍ട്ടോ പേനയോ ബുക്കോ അല്ലാ .. അതുപോലെ എന്‍റെ കയ്യ്, എന്‍റെ കാല്, എന്‍റെ ശരീരം എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ക്ക് മനസ്സിലാകുന്നത്‌ നമ്മള്‍ കയ്യോ കാലോ ശരീരമോ അല്ലാ .. അങ്ങനെയെങ്കില്‍ നമ്മള്‍ ആരാണ് ?!!! .. ..
ഇതിന്‍റെ ഉത്തരം ലളിതമാണ് പക്ഷെ പലരും ഇതിന്‍റെ ഉത്തരം സങ്കീര്‍ണ്ണമായി കരുതുന്നു..നമ്മള്‍ സ്വയം ആരെന്നു നമ്മള്‍ക്ക് കണ്ടെത്താന്‍ കഴിയും അങ്ങനെ കണ്ടെത്തുന്ന ആളുകള്‍ അവരുടെ ഭൌതീകശരീരത്തില്‍ നിന്നുകൊണ്ട്തന്നെ അവരുടെ അപരിമിതമായ കഴിവുകള്‍ വെളിപ്പെടുത്തുന്നു .. നമ്മള്‍ ഇന്ന് ഭൂമിയില്‍ കാണുന്ന മനുഷ്യനിര്‍മ്മിതായ എല്ലാ സൃഷ്ടിപ്പുകള്‍ക്കും കാരണം സ്വയം അവനവന്‍ ആരെന്നും അവന്‍റെ മനസ്സിന്‍റെ ശക്തി എന്തെന്നും അവര്‍ മനസ്സിലാക്കിയതിന്റെ ഫലമായാണ് ....
പരമാണുവും തന്മാത്രകളും കൊണ്ട് പരിവര്‍ത്തനവിധേയമായ ഈ പ്രപഞ്ചത്തില്‍ ഭൌതീകമല്ലാത്ത ചില വസ്തുക്കളും ഉണ്ട്..അവയെ സൂക്ഷമദൃശിനിയിലൂടെ കാണാനോ ഉപകരണങ്ങളാല്‍ അളക്കുവാണോ സാധ്യമല്ല സത്യത്തില്‍ അത്തരത്തില്‍ ഉള്ള ഒരു ഉപകരണവും നിര്‍മ്മിചിട്ടില്ലാ നിര്‍മ്മിക്കാനും സാധ്യമല്ല .
അങ്ങനെയുള്ള ഭൌതീകമല്ലാത്ത അതിസൂക്ഷ്മമായ ദിവ്യചൈതന്യ പ്രകാശബിന്ദുരൂപമാണ് 'ആത്മാവ്' .... അഴുകിപോകാവുന്ന മനുഷ്യശരീരത്തിനുള്ളിലാണ്  ആത്മാവ്കുടികൊള്ളുന്നത്  അതായത്  നിങ്ങള്‍ വെറും ശരീരമല്ല നിങ്ങള്‍ ഒരു ആത്മാവാണ്... ആത്മാവ് അവിനാശിയാണ് അതിന്‍റെ അസ്ഥിത്വം അനശ്വരമാണ് ... ആത്മാവിനെയാണ് പ്രാണന്‍ എന്ന് പറയുന്നത് ..അത് മസ്തിഷ്കത്തിനുള്ളില്‍ ഇരുപുരികങ്ങള്‍ക്കും നടുവിലായാണ് വസിക്കുന്നത് .. ആത്മാവ് മസ്തിഷ്ക്കത്തിലൂടെ ശരീരത്തിന്‍റെ സകല ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കുന്നു ......

ഗർഭസ്ഥശിശുവിനു നാലാം മാസത്തില്‍ ആത്മാവ് നൽകപ്പെടും എന്ന് ഇസ്ലാം മതത്തില്‍ പറയുന്നുണ്ട് .............ഒരു സവിശേഷ പ്രവണതയോടുകൂടിയ ആത്മാവ് ആ പ്രവണതയെ പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും പറ്റിയ ഒരു ശരീരത്തില്‍ സദ്രിശ്യ സയോഗ നിയമപ്രകാരം വന്നു പിറക്കുന്നു എന്ന് ഹിന്ദുമതത്തിലും പറയുന്നു .. അത് എങ്ങനെയോ ആവട്ടെ ...ഒരു കുഞ്ഞ് പൂര്‍ണ്ണ വളര്‍ച്ചെയെത്തി ജീവനോടെ വന്നു പിറക്കുമ്പോള്‍ ആ കുഞ്ഞ് മൂലഗുണങ്ങളുടെ സ്വരൂപം ആയിരിക്കും. അതിന്‍റെ ആത്മാവിനുള്ള നൈസര്‍ഗികമായ ഏഴുഗുണങ്ങളാണ്.. ജ്ഞാനം,സ്നേഹം,ശാന്തി,സുഖം,പവിത്രത,ആനന്ദം,ശക്തി എന്നിവ ..പക്ഷെ പിന്നീട് തെറ്റായ വിശ്വാസങ്ങളാലോ സാഹചര്യങ്ങളുടെയോ കൂട്ടുകെട്ടിന്റെയോ സമ്മര്‍ദത്താലോ ചില ആളുകള്‍ തെറ്റായ വഴിയിലേക്ക് പോകുന്നു .... ............

ഇനി ഞാന്‍ പറയാന്‍ പോകുന്നത് നമ്മള്‍ക്ക് ഓരോര്‍ത്തര്‍ക്കും ഉള്ള ആത്മാവിന്‍റെ അപരിമിതമായ കഴിവിനെക്കുറിച്ചാണ്
നമ്മള്‍ക്ക് നമ്മുടെ ആത്മാവിനെ തിരിച്ചറിയാനും സ്വയം നിയന്ത്രിക്കാനും കഴിയുന്നതാണ് അത് നന്നായി അറിഞ്ഞ ആളുകള്‍ ഇവിടെ ജീവിച്ചിരുന്നിട്ടുണ്ട് ആ ആളുകളെക്കുറിച്ച് കേട്ടാല്‍ നിങ്ങള്‍ ചിലപ്പോള്‍ ഞെട്ടിപ്പോകും... കുറച്ചു പഴയ ഒരു കഥ തന്നെ ആദ്യം പറയാം ഇത് കലിയുഗം ആണെന്ന് എല്ലാര്‍ക്കും  അറിയാവുന്ന കാര്യം ആണല്ലോ ? ഞാ പറയാന്‍ പോകുന്നത് കൃതയുഗത്തില്‍ നടന്ന ഒരു സംഭവം ആണ് .... അന്നൊക്കെ മലകളില്‍ ആയിരുന്നു മനുഷ്യര്‍ വസിച്ചിരുന്നത് ആ കാലത്ത് ആദിനാഥന്‍ എന്നൊരാള്‍ ഉണ്ടായിരുന്നു. അദ്ദേഹം തന്‍റെ സമകാലമനുഷ്യരേക്കാള്‍ വ്യെത്യസ്ഥമായ  രീതിയില്‍ ചിന്തിക്കുന്ന ഒരാളായിരുന്നു..അദ്ദേഹം സ്വയത്തെഅറിയാന്‍ഒരു ശ്രമം നടത്തി മലകളില്‍ മാത്രം കണ്ടുവരുന്ന ഒരു വൃക്ഷമുണ്ട് കല്ലാലമരം അതിനു ചുവട്ടില്‍ ഇരുന്നുകൊണ്ട് തപസ്സിലൂടെ (തപസ്സ് എന്നൂച്ചാല്‍ ധ്യാനംഎന്ന് പറയാം) അദ്ദേഹത്തിന് തന്‍റെ ആത്മാവിനെ നിയന്ത്രിക്കാനും പ്രപഞ്ചശക്തിയെ   നിയന്ത്രിക്കാനും  ഉള്ള കഴിവ് കിട്ടി .. നമ്മള്‍ നോക്കുവര്‍മ്മം എന്നൊക്കെ പറയില്ലേ അതുപോലെ ഒന്ന്... പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ച് അയാള്‍ക്ക് മനസ്സിലായി .. അയാള്‍ക്ക്‌ പ്രപഞ്ചത്തെയും ജീവികളെയും മനുഷ്യരെയും നിയന്ത്രിക്കാന്‍  പറ്റി ... അയാള്‍ തന്‍റെ കഴിവുകളെ മനുഷ്യരാശിയുടെ ഉന്നമനത്തിനായി ഉപയോഗിച്ചു ഇതിലേക്ക് എത്തിപ്പെടാന്‍ വേണ്ടുന്ന രഹസ്യങ്ങള്‍ അദ്ദേഹം കൊത്തിവച്ചു അതില്‍ ചില വാക്കുകളാണ് പിന്നീട് വേദങ്ങളിലും എഴുതപ്പെട്ടത്  ... അദ്ദേഹത്തെയാണ് പില്‍ക്കാലത്ത്‌ ശിലവച്ച് വണങ്ങി വന്നത്. ആ ആദിനാഥന്‍ ആണ് ഹിന്ദുക്കള്‍ ഇന്ന് ദൈവമായി വണങ്ങുന്ന പരമശിവന്‍ ...

ഓരോ ആത്മാവിനും അപരിമിതമായ കഴിവ് ഉണ്ടെന്നു പറഞ്ഞല്ലോ അങ്ങനെയെങ്കില്‍ നമ്മള്‍ക്കും നമ്മള്‍ക്കുള്ളിലെ ആത്മാവിന്‍റെ ശക്തിയെ ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നൊരു ചോദ്യം നിങ്ങളില്‍ ഉയര്‍ന്നേക്കാം ........ അതിനു ഉത്തരം കഴിയും എന്നുതന്നെയാണ് ... ഇനി നിങ്ങള്ക്ക് ഞാന്‍ ഒരു വല്യ രഹസ്യം പറഞ്ഞു തരാന്‍ പോവുകയാണ് .......
പ്രപഞ്ചനീതിയെക്കുറിച്ച് അറിയാമോ ?!! .... ഈ പ്രപഞ്ചം മുഴുവന്‍ സകല സൃഷ്ടികളും ഒരേ ശക്തിയുടെകീഴില്‍ ആണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ... എനിക്കും നിങ്ങള്‍ക്കും ചെടികള്‍ക്കും മരങ്ങള്‍ക്കും ജീവികള്‍ക്കും ഗ്രഹങ്ങള്‍ക്കും എല്ലാത്തിനും ഒരേപോലെ സമമായി ഈ ശക്തി പ്രവര്‍ത്തിക്കുന്നു ...
അത് മനസ്സിലാക്കിയ ആളുകള്‍ എല്ലാവരും വളരെ വലിയ ആളുകള്‍ ആണ്.... ലോകത്തില്‍ വല്യ വല്യ കണ്ടുപിടിത്തങ്ങള്‍ നടത്തിയ അല്ലെങ്കില്‍ സമൂഹത്തില്‍ ഉന്നത സ്ഥാനംപിടിച്ച ആളുകള്‍ പറയുന്ന വാക്കുകളെ ഒന്ന് നിങ്ങള്‍ ശ്രദ്ധിക്കുക .....

''നിങ്ങള്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്കായ് നിങ്ങള്‍ ഒരു പുതിയ ലോകത്തെ സൃഷ്ടിക്കുന്നു '' വിന്‍സ്ടന്‍ ചര്‍ച്ചില്‍

"ചിന്തകളുടെമേല്‍ വിജയം നേടുന്നതിലൂടെ മാത്രമെ ആര്‍ക്കും അച്ചടക്കം സ്വജീവിതത്തില്‍ ആരംഭിക്കാനാവു. ചിന്തകളെ നിയന്ത്രിക്കാനാവാത്തവര്‍ക്ക് പ്രവൃത്തിയെ നിയന്ത്രിക്കാനാവില്ല. അച്ചടക്കബോധം, ആദ്യം ചിന്തിക്കുവാനും പിന്നീട് പ്രവര്‍ത്തിക്കുവാനും സഹായിക്കും".നെപ്പോളിയന്‍ ഹില്‍

''നിങ്ങള്‍ ഉറങ്ങുമ്പോള്‍ കാണുന്നത്  ആവരുത് നിങ്ങളുടെ സ്വപ്നം നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാതെയിരിക്കുന്നതാവണം നിങ്ങളുടെ സ്വപ്നം'' . അബ്ദുള്‍കലാം

''നിന്‍റെ  ഹൃദയം എവിടെയാണോ അവടെതന്നെയാണ്  നിനക്കുള്ള നിധിയും ഒളിഞ്ഞിരിക്കുന്നത് ''   പൌലോ കൊയ്ലോ

(മതർ തെരേസ,എഡിസണ്‍ ,റോക്കര്‍ഫെല്ലെര്‍ അങ്ങനെ കുറെ കുറെ ആളോള്‍ ഉണ്ട് അതൊന്നും ഇവിടെ ആവശ്യം ഇല്ലാ )

ഇവരെല്ലാം ഒരു രഹസ്യം ശരിയായരീതിയില്‍ മനസ്സിലാക്കിയിരിക്കുന്നു പക്ഷെ നമ്മള്‍ക്ക് പറഞ്ഞു തരുന്ന രീതിയിലെ അവ്യെക്തതയാണ് എനിക്ക് മനസ്സിലാകാത്തത്... അതെന്തോ അവരുടെ ഇഷ്ടം ......ഇതില്‍നിന്നുമെല്ലാം നമ്മള്‍ക്ക് മനസ്സിലാക്കേണ്ട സൂക്ഷമമായ ഒരു കാര്യം നമ്മള്‍ക്ക് ഒരു  കാര്യം  ആവശ്യമെങ്കില്‍ അതിനെതീവ്രമായി  ആഗ്രഹിക്കുക എന്നതാണ്  അതിനുമേല്‍  ശുഭാപ്തിവിശ്വാസം ഉണ്ടാക്കുക  എന്നതാണ് അത് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതിന്‍റെ രഹസ്യമാണ് ഏകാഗ്രമായ ചിന്തകളിലൂടെ നേടാം എന്നത് ..

നമ്മുടെ ആത്മാവിന്‍റെ ചിന്തകള്‍ക്കനുസരിച്ചാണ് ഈ പ്രപഞ്ചത്തില്‍ രൂപമാറ്റങ്ങള്‍ സംഭവിക്കുന്നത്‌ എന്ന് പറഞ്ഞാല്‍ എത്ര ആളുകള്‍ക്ക് ഇത് വിശ്വാസം ആകും ?!! പ്രപഞ്ചം അവിടെ നിക്കട്ടെ നമ്മളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉള്ള ഒരു വഴി ഇപ്പോള്‍ പറഞ്ഞു തരാം
ഒരു ദിവസം ചിലപ്പോള്‍ അറുപതിനായിരം ചിന്തകള്‍ വരെ നമ്മളുടെ മനസ്സിലൂടെ കടന്നുപോകാറുണ്ട് എന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലോ ...ഇതില്‍ നമ്മള്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ചിന്തിക്കുന്നത് എല്ലാം ബോധമനസ്സിന്റെ സഹായത്തോടെയാണ് അത് വെറും ചിന്തകള്‍ മാത്രമാണ് .. എന്നാല്‍ ഉപബോധമനസ്സില്‍ വിരിയുന്ന കാര്യങ്ങള്‍ അതായത് ആത്മാവ് ചിന്തിക്കുന്ന കാര്യങ്ങളാണ് യാഥാര്‍ത്ഥ്യമായി ഭവിക്കുന്നത് ..നിങ്ങള്‍ ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങള്ക്ക് ആവശ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ ഉപബോധമനസ്സില്‍ തെളിയുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ ആത്മാര്‍ഥമായി 90 %ഏകാഗ്രത കൊടുത്തുകൊണ്ട് ചിന്തിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ ചിന്തകളുടെ തരംഗങ്ങള്‍  പ്രപഞ്ചത്തില്‍ ഒരു നിശ്ചിതദൂരത്തില്‍ എത്തുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ യാഥാര്‍ഥ്യമായി ഭവിക്കും ....
വല്യ വല്യ ബിസ്സിനെസ്സ്മാന്‍ മാരെ നോക്കിയാല്‍ നിങ്ങള്ക്ക് മനസ്സിലാകും കുടുംബം സമൂഹം എല്ലാം നീക്കിവച്ച് അവരുടെ ടാര്‍ഗെറ്റില്‍ മാത്രമായിരിക്കും അവരുടെ 90 % ചിന്തകളും..... അവര്‍ തീര്‍ച്ചയായും അവര്‍ ഉദ്ദേശിക്കുന്ന ഉയരത്തിലേക്ക് എത്തിയിരിക്കും .. ചിന്തകള്‍ തരംഗങ്ങളായി  പ്രവഹിക്കുമ്പോള്‍ ഈ പ്രപഞ്ചം അതിലേക്കു എത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കിതന്നുകൊണ്ടേയിരിക്കും നമ്മള്‍ക്ക് അത് മുന്‍കൂട്ടി അറിയണം എന്നില്ലാ... നമ്മള്‍ കിട്ടില്ലാ എന്ന് വിചാരിക്കുന്ന പലതും നമ്മളുടെ കണ്മുന്നില്‍കൊണ്ടുവന്നു ഇട്ടുതരും നമ്മള്‍ അതിനെ യാദൃശ്ചികത എന്ന് ചിലപ്പോള്‍ കരുതും..സത്യത്തില്‍ നമ്മളാണ് അത് വേണമെന്ന് ആഗ്രഹിച്ചത്‌ അത് ഏതെങ്കിലും വഴികളിലൂടെ നമ്മളിലേക്ക്  എത്തുകതന്നെ ചെയ്യും ...
കലാംസര്‍ സ്വപ്നം കാണൂ എന്ന് പറഞ്ഞതിന് അര്‍ത്ഥം ചിലപ്പോള്‍ ഇപ്പോള്‍ മനസിലായിട്ടുണ്ടാവും അല്ലെ ? !! നിങ്ങളുടെ ആഗ്രഹങ്ങള്‍ എത്ര വലുതും ആയിക്കൊള്ളട്ടെ അതില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ 90% അതിലേക്കു മാത്രം എകാഗ്രത ചെലുത്തുവാണെങ്കില്‍ നമ്മള്‍ അറിയാതെ നമ്മുടെ ഉപബോധമനസ്സും അതിനെപ്പറ്റിയുള്ള ചിന്തകളുടെ അലകള്‍ ഉത്ഭവിപ്പിക്കാന്‍ തുടങ്ങും ഉപബോധമനസ്സ് അതായത് ആത്മാവ്‌ എന്ത് പറയുന്നോ അത് നടപ്പിലാക്കുക എന്നത് പ്രപഞ്ചത്തിന്‍റെ കര്‍മ്മമാണ്‌ ..... നിങ്ങള്ക്ക് വിശ്വാസം വന്നാലും ഇല്ലെങ്കിലും നിങ്ങള്‍ ഇങ്ങനെ ഒന്നും വേണ്ടാ എന്ന് പറഞ്ഞാലും ഈ നീതി മാറാന്‍ പോകുന്നില്ല ഇങ്ങനെതന്നെയാണ് ഇതിന്‍റെ സൃഷ്ടിപ്പ് രൂപപ്പെടുത്തിയിരിക്കുന്നത് ..

നിങ്ങളില്‍ ചിലര്‍ക്ക് ചിലപ്പോള്‍ ഞാന്‍ ഇനി പറയുന്ന ഒരു അനുഭവം ഉണ്ടായിരുന്നിരിക്കും ... നമ്മള്‍ എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോള്‍ അല്ലെങ്കില്‍ എന്തെങ്കിലും ഒരു സംഭവം നടക്കുമ്പോള്‍ ഇത് ഇതിനുമുന്‍പും സംഭവിച്ച ഒന്നായി തോന്നിയിട്ടുണ്ടോ ? ! ഇത് ഇതിനു മുന്പ് എവിടെയോ കണ്ടപോലെ ഒരു തോന്നല്‍ ??!!!!! അങ്ങനെ ഒരു സംഭവം സത്യത്തില്‍ മുന്നേ സംഭവിച്ച ഒന്നല്ല അങ്ങനെ ഒന്ന് ഇതിനു മുന്പ് നിങ്ങളുടെ ഉപബോധമനസ്സ് ചിന്തിച്ചുകഴിഞ്ഞതാണ് അതിന്‍റെ തരംഗങ്ങള്‍ പ്രപഞ്ചത്തില്‍ ചെന്ന് തിരിച്ചെത്തി യാഥാര്‍ത്ഥ്യമാകാന്‍ ഒരുപാട് സമയം എടുത്തു...... നമ്മുടെ ചിന്തകള്‍ എത്രത്തോളം ഏകാഗ്രവും തീവ്രവും  ആകുന്നുവോ അത്രത്തോളം വേഗത്തില്‍ ആയിരിക്കും ആഗ്രഹങ്ങള്‍  യാഥാര്‍ഥ്യമാകുക എന്ന് മനസ്സിലാക്കണം ..

പല ആളുകളും അവരുടെ കടങ്ങളെയും കഷ്ട്ടങ്ങളെയും കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത് .. അവര്‍ എത്രത്തോളം അതെക്കുറിച്ച് ചിന്തിക്കുന്നുവോ അത്രത്തോളം കടങ്ങളും പ്രശ്നങ്ങളും അവര്‍ക്ക് വന്നുകൊണ്ടേയിരിക്കും .. കാരണം നിങ്ങള്‍ എപ്പോഴും അതെക്കുറിച്ചാണ് ചിന്തിക്കുന്നത് അതെക്കുറിച്ചുള്ളതരംഗങ്ങള്‍ ആണ്    നിങ്ങളുടെ ആത്മാവ് പ്രപഞ്ചത്തില്‍ അയച്ചുകൊണ്ടിരിക്കുന്നത് .. നിങ്ങള്ക്ക് അത് നല്ലതാണോ ചീത്ത ആണോ എന്നതൊന്നും പ്രപഞ്ചത്തിനു അറിയേണ്ട ..നിങ്ങളുടെ ആത്മാവിന്‍റെ ചിന്തകള്‍ എന്താണോ അത് നടപ്പിലാക്കുക എന്ന കര്‍മ്മം പ്രപഞ്ചം ചെയ്തുകൊണ്ടേയിരിക്കും ....

മുന്നേ പറഞ്ഞപോലെ ചിലപ്പോള്‍ മനസ്സില്‍ വളരെയധികം സങ്കല്‍പ്പങ്ങള്‍ ഒരേസമയം കടന്നുപോകാറുണ്ട് അതിന്‍റെഫലം തീരുമാനം എടുക്കുവാന്‍ ബുദ്ധിക്ക് സാധിക്കാതെ വരുകയും അയാള്‍ ആശയകുഴപ്പത്തില്‍ ആകുകയും ചെയ്യുന്നു .. അങ്ങനെ മാനസ്സികസമ്മര്‍ദം ഉണ്ടാകുന്നു .. ആ വെക്തിക്ക് എകാഗ്രമായി ചിന്തിക്കാനോ നല്ല ചിന്തകളെ യാഥാര്‍ത്ഥ്യം ആക്കുവാണോ സാധിക്കുന്നതല്ല ....

ആത്മാവ് എന്നത് അപരിമിതമായ ശക്തിയും അറിവും കലര്‍ന്ന സൂക്ഷ്മമായ ഒരു വെളിച്ചമാണ് അതിന് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കാനുള്ള ശക്തിയുണ്ട്.... നിങ്ങളാല്‍ ചിന്തകളെ ഏകാഗ്രമാക്കി ഈ പ്രപഞ്ചത്തോട് ഐക്യമാക്കാനും നിങ്ങളുടെ ഏതു ആഗ്രഹവും സാധിച്ചെടുക്കുവാനും കഴിയും അതിനു പരിശ്രമിക്കുക ...... ഒരു കാര്യം മനസ്സില്‍ ഓര്‍ക്കുക നിങ്ങളുടെ ഏതു ആഗ്രഹവും സാധിച്ചുതരുന്ന ഒരു ശക്തിയാണ് പ്രപഞ്ചശക്തി അതിനെ നിങ്ങള്‍ ഏതു പേരില്‍ വിളിച്ചാലും കുഴപ്പമില്ലാ ദൈവം എന്നോ യഹോവ എന്നോ അല്ലാഹു എന്നോ എന്ത് വേണമെങ്കിലും വിളിച്ചോളൂ ... മുല്ലപ്പൂവിനെ നിങ്ങള്‍ പലരും പല പേരിട്ടു വിളിച്ചാലും അത് എല്ലാവര്ക്കും ഒരുപോലെ അതേ സുഗന്ധം തന്നെയാണ് നല്‍കുക .അതുപോലെ പ്രപഞ്ചശക്തിയെ നിങ്ങള്‍ എന്ത് പേരിട്ടുവിളിച്ചാലും അതിന്‍റെ കര്‍മ്മങ്ങള്‍ എന്നും ഒരേപോലെ നിങ്ങളില്‍  വര്‍ഷിച്ചുകൊണ്ടേയിരിക്കും നിങ്ങള്‍ എന്ത് ആത്മാര്‍ഥമായി ചോദിക്കുന്നുവോ അത് നിങ്ങളിലേക്ക് എത്തിച്ചുകൊണ്ടേയിരിക്കും..


''നിങളുടെ ആഗ്രഹങ്ങള്‍  വളരെ  വലുതാവട്ടെ  നിങ്ങളുടെ  ചിന്തയും  മനസ്സും  അതിലേക്കു മാത്രമാവട്ടെ  തീര്‍ച്ചയായും  അത് സഫലമാകും ...''

Sunday 13 March 2016

എന്‍റെ ഇഷ്ട്ടങ്ങളും വാശികളും മാറിയിരിക്കുന്നു ....
അന്നൊക്കെ കനകാംബരപൂവ് തലയില്‍ ചൂടാന്‍ വളരെ ഇഷ്ട്ടം ആയിരുന്നു അതിനുവേണ്ടി വാശിപിടിച്ചു കരയുമായിരുന്നു.... എന്‍റെ എല്ലാ സ്വപ്നങ്ങള്‍ക്കും നിറമുണ്ടായിരുന്നു ആ പൂവുപോലെ ......
അന്നൊക്കെ എന്‍റെ ആഗ്രഹങ്ങളിലെ വസ്തുക്കള്‍ക്ക് എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന വലുപ്പം യഥാര്‍ത്ഥത്തില്‍ അതിനു ഇല്ലായിരുന്നത് കൊണ്ട് മിക്ക ആഗ്രഹങ്ങളും എനിക്ക് സാധിച്ചുകിട്ടുമായിരുന്നു ...

പക്ഷെ ഇന്ന് കാലത്തിന്‍റെ ചുഴിക്കുത്തില്‍ അലിഞ്ഞില്ലാതായിപ്പോയി എന്‍റെ കുഞ്ഞ് വര്‍ണ്ണസ്വപ്‌നങ്ങള്‍....ഏഴു വയസ്സില്‍ കേരളത്തിലേക്കുള്ള വരവ് ... വളര്‍ന്നു വന്ന ചുറ്റുപാട് ഒരു കളര്‍പെന്‍സില്‍ പോലും മോഹിക്കാന്‍ യോഗ്യത ഇല്ലാതാക്കിതീര്‍ത്തു .. പഠനം മുഴുവനാക്കാനും കഴിഞ്ഞില്ലാ ... പത്താം തരത്തില്‍ വളരെ നല്ല മാര്‍ക്കോടെ പാസ്സാവണം എന്നൊന്നും എന്‍റെ സ്വപ്നത്തില്‍ ഉണ്ടായിരുന്നതല്ലാത്തത് കൊണ്ട് .. അത് അങ്ങനെ തന്നെ സംഭവിച്ചു ഈ മണ്ടൂസ് നല്ല നിലയില്‍ പൊട്ടി പാളീസായി

തുടര്‍ന്നു പഠിക്കാന്‍ താല്പര്യം കാണിക്കാതിരുന്ന എന്നെ വീണ്ടും തമിഴ് നാട്ടിലേക്ക് പറിച്ചു നട്ടു ... തുടിയലൂരില്‍(നഞ്ചുണ്ടാപുരം) ചെറിയമ്മയുടെ കൂടെ വസന്ത ടൈലോര്‍ ഷോപ്പിലെ അംഗം ആയി .... അവിടെ നിന്നുമാണ് മാറ്റങ്ങളുടെ രണ്ടാം പകുതി ആരംഭിക്കുന്നത് ....കടയില്‍ നില്‍ക്കുന്നതിനെക്കാളും അടുക്കളപ്പണിയില്‍ ആയിരുന്നു എനിക്ക് താല്പര്യം ...

ആവശ്യങ്ങള്‍ കുറെ ഉണ്ടാകും എങ്കിലും അന്നൊന്നും 'പണം' എന്നതിനോട് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ലാ (അതിന്‍റെ മൂല്യത്തില്‍ ഞാന്‍ ബോധവതി അല്ലായിരുന്നു) .. വീട്ടു പണി കഴിഞ്ഞാല്‍ കടയില്‍ പോകും എന്തേലുമൊക്കെ കാട്ടിക്കൂട്ടും അവിടെ ഉള്ലോരോടൊക്കെ കത്തിയടിക്കും തിരിച്ചുപോരും ..

അങ്ങനെ ഉള്ളപ്പോഴാണ് 'കലൈസെല്‍വി' അക്കാ ഞങ്ങളുടെ കടയില്‍ പണിക്ക് വരുന്നത്..ഞങ്ങളുടെ കൂട്ടത്തില്‍ ഡിഗ്രീ കംബ്ലീറ്റ് ചെയ്ത ഏക വ്യക്തി... കല്യാണം കഴിപ്പിച്ചുകൊടുത്ത വീട്ടിലെ കഷ്ട്ടപ്പാടും പ്രാരാബ്ദവും ഞങ്ങളുടെ കടയിലെ ജോലിക്കാരിയാക്കി ആ പാവത്തിനെ .... ജോലിക്കാരി ഒഴുവുസമയങ്ങളില്‍ എന്‍റെ ടീച്ചര്‍ ആയി .. ഇംഗ്ലീഷ്‌ പറഞ്ഞു തരും വായിക്കേണ്ട ബുക്സ് ഏതൊക്കെയാ പറഞ്ഞു തരും ..ഒരുമിച്ചു പുറത്തുപോകും അങ്ങനെ ഞങ്ങളില്‍ വല്ലാത്ത ആത്മബന്ധം ഉടലെടുത്തു ... ഞാന്‍ എന്ത് സ്പെഷല്‍ ആയി ഉണ്ടാക്കിയാലും അതില്‍ ഒരു പങ്ക് കലൈ അക്കാക്ക് നിര്‍ബന്ധം ആയി ഉണ്ടാവും ... വളരെ ഹാപ്പി ആയി ഒന്നിനെക്കുറിച്ചും ചിന്ത ഇല്ലാത്ത ഭാവിയെക്കുറിച്ചുള്ള ആശങ്കയും ഇല്ലാതെ ചിത്രശലഭം പോല്‍ പാറി പറന്നു നടക്കുന്ന സമയത്താണ് എനിക്ക് തിരിച്ചറിവുകള്‍ ഉണ്ടാക്കിയ ആ സംഭവം അരങ്ങേറുന്നത് .....
കലൈ അക്കയുടെ ഭര്‍ത്താവിന്റെ അസുഖം അക്കയെ സ്ഥിരമായി ജോലിക്ക് വരാന്‍ അനുവദിച്ചില്ല മിക്ക ദിവസങ്ങളും ലീവായി ....അത് ന്‍റെ ചെറിയമ്മക്കു അരിശം ഉണ്ടാക്കി ....പെട്ടന്നൊരു ദിവസം കലൈ അക്കാ ഭര്‍ത്താവിന്‍റെ ഓപ്രേഷന്‍ ആണെന്ന് പറഞ്ഞു കുറച്ചു കാശ് ചോതിച്ചപ്പോള്‍ ചെറിയമ്മ കൊടുക്കാന്‍ തയ്യാറായില്ലാ .....എന്നെ വളരേയധികം വേദനിപ്പിച്ച ഒരു സംഭവം ആയിരുന്നു അത് ...

ഞാന്‍ ഹോസ്പിറ്റലില്‍ പോയി അക്കയെ കണ്ടു സമാധാനവാക്കുകളാല്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ കാര്യമുണ്ടായില്ലാ ...കാരണം എന്‍റെ സമാധാനവാക്കുകള്‍ കൊണ്ട് അവിടെ ഒന്നും മാറാന്‍ പോകുന്നില്ല ഒന്നും സംഭവിക്കുകയും ഇല്ലാ ..അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ശക്തി ഇല്ലാലോ എന്‍റെ സമാധാനവാക്കുകള്‍ക്കു ....

അന്ന് ദൈവത്തെ പോലെ ഒരു കൈ അവരെ സഹായിക്കാന്‍ ഉണ്ടായി അതുകൊണ്ട് അന്നത്തെ ഓപ്രേഷന്‍ നടന്നു അദ്ദേഹം രക്ഷപെടുകയും ചെയ്തു .... പക്ഷെ ഇവിടെയാണ്‌ എന്‍റെ ചിന്തകളും ഇഷ്ട്ടങ്ങളും എന്‍റെ വാശികളും വ്യെത്യസ്ഥമാകാന്‍ തുടങ്ങിയത് .... വളര്‍ന്നിട്ടും ചില സമയം ഈ ഫോട്ടോയിലെ എന്നെപ്പോലെ തന്നെ തുള്ളിചാടി നടന്നിരുന്ന ഞാന്‍ ..ചില തിരിച്ചറിവുകള്‍ നേടുകയായിരുന്നു .........

ഈ ലോകത്ത് അല്ലെങ്കില്‍ ഇന്നത്തെ കാലത്ത് നല്ല രീതിയില്‍ ജീവിക്കണം എങ്കില്‍ നമ്മളുടെ കയ്യില്‍ 'പണം' വേണം ..എന്തിനു ഒരാളെ സ്നേഹിക്കാന്‍ പോലും പണം വേണം ...മനസ്സിലായില്ലാ അല്ലെ ? ..... ഞാന മുന്നേ പറഞ്ഞ സംഭവം ഒന്ന് ഓര്‍ക്കുക .... എനിക്ക് കലൈ അക്കാവേ എവ്ലോ ഇഷ്ടം ഉണ്ടെങ്കിലും ഞാന്‍ അവരെ ജീവനെപ്പോലെ സ്നേഹിച്ചിരുന്നെങ്കിലും അവര്‍ക്ക് ഒരു കഷ്ടം വന്നപ്പോള്‍ എന്‍റെ സ്നേഹം കൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലാ ..... അതേസമയം എന്‍റെ കയ്യില്‍ പണം ഉണ്ടായിരുന്നുവെങ്കില്‍ അതുകൊണ്ട് അവര്‍ക്ക് ഉപകാരം ആയേനേ എന്‍റെ സ്നേഹം പ്രകടിപ്പിക്കാന്‍ എനിക്ക് ഒരു അവസരവും ആയേനെ ... പക്ഷെ അന്ന് എന്‍റെ വാക്കുകളാല്‍ അവരെ കൂടുതല്‍ വിഷമിപ്പിക്കുകയായുവും ചെയ്തിരിക്കുക ..അതാണ്‌ ഞാന്‍ പറഞ്ഞത് ഇന്നത്തെകാലത്ത് ഒരാളെ സ്നേഹിക്കാനോ നമ്മളില്‍ ഉള്ള മനുഷ്യത്വം കാണിക്കാനോ പോലും പണം അത്യാവശ്യമായി വരുന്നു ..... നല്ല മനസ്സുള്ള പലരുടെയും കയ്യില്‍ പണം ഇല്ലാത്തതാണ് ഞാന്‍ കാണുന്ന ഏറ്റവും വല്യ പ്രശ്നം .......

എന്‍റെ പ്രിയകൂട്ടുകാരോട് എനിക്ക് ഒരു ചെറിയ കാര്യമേ പറയാന്‍ ഉള്ളൂ ..മറക്കരുതാത്ത ഒരു കാര്യം പണം നമ്മുടെ ജീവിതത്തില്‍ അത്യാവശ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ് ....ആദ്യം അവരവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രയത്നിക്കുക അതിനു ശേഷം നമ്മുടെ പ്രയത്നത്തിന്റെ ഒരു പങ്ക് പ്രയത്നിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് വേണ്ടി ചിലവാക്കുവാനുള്ള മനസ്സ് ഉണ്ടാക്കിഎടുക്കുക ...പണം കൊടുക്കുന്നതുകൊണ്ട് ഒരിക്കലും കുറഞ്ഞു പോകില്ലാ...... അനുഭവം ഉള്ള ഒരാള്‍ പറഞ്ഞത് പണം റബര്‍ബോള്‍ പോലെ ആണെന്നാണ്‌ ചുവരിലേക്ക് എത്ര ശക്തിയായി നമ്മള്‍ എറിയുന്നുവോ അതിനേക്കാള്‍ വേഗത്തില്‍ അത് തിരിച്ചു നമ്മളുടെ കൈകളില്‍ വരും എന്നാണു ..... ....

എന്ത് എങ്ങനെയൊക്കെ ആയാലും ശരി.. ഞാ ഒരുപാട് മാറി എന്‍റെ ചിന്തകള്‍ മാറി ഈ ഫോട്ടോയില്‍ ഉള്ള ഞാന്‍ അല്ലാ ഇപ്പോള്‍ ഉള്ള ഞാന്‍ ..... ഞാനും കലൈ അക്കയും ചേര്‍ന്ന് ഒരു ടൈലെര്‍ ഷോപ്പ് തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട് .... നിങ്ങളുടെ ഈ കൂട്ടുകാരിക്ക് സ്വന്തം കാലില്‍ നില്‍ക്കാനും മറ്റുള്ളവരുടെ വിഷമങ്ങള്‍ കണ്ടു സഹായിക്കാനും പണം വേണ്ടേ ? അപ്പോള്‍ ഞങ്ങള്‍ ഈ ചെയ്യുന്നത് ശരിയല്ലേ ?? എതിര്‍പ്പുകള്‍ ഉണ്ടാവുമായിരിക്കാം ... നോക്കാം എങ്ങനെ അതിജീവിക്കും എന്ന് ,,നിങ്ങളുടെ എല്ലാരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവണം ട്ടോ ...

പ്രതികാരം

ഇന്നെന്‍റെ തൂലിക തുമ്പില്‍നിന്നും മധുരവാക്കുകള്‍ നിനക്ക് കാണാനാവില്ല
പകരം അഗ്നിയാണ് ..അതില്‍ നിന്നും ഇറ്റിച്ചിറക്കുന്ന ഓരോ അക്ഷരങ്ങളും
നിന്‍റെ നെഞ്ചിനെ പൊള്ളിക്കും...എന്‍റെ സ്വപ്നങ്ങളെ ഇല്ലായ്മ ചെയ്ത നീ
എന്‍റെ ഇണയോടൊപ്പം ഞാന്‍ നെയ്യുന്ന സ്വപ്നങ്ങളെ വാക്കുകളാല്‍ കണ്ട്
നിന്‍റെ ഹൃദയം നീറി നീറി പുകയണം .....
ഞാന്‍ കുടഞ്ഞിടുന്ന അക്ഷരങ്ങളില്‍ നിന്നോടൊപ്പം കണ്ട കനവുകള്‍
എന്‍റെ മറുപാതിയോടൊപ്പം യാഥാര്‍ഥ്യമാക്കുന്നത് നിനക്ക് കാണാം ..
നിനക്ക് വേണ്ടി എന്‍ ആത്മാവ് ഒഴുക്കിയ ചുടുചോരയെല്ലാം എന്നിലെ
അശുദ്ധിയെ കഴുകിക്കളഞ്ഞതായി ഞാന്‍ കരുതും .....
ഓര്‍മകളെ ലാളിക്കുന്നതില്‍ സുഖം എന്ന് പറഞ്ഞു പുതുജീവിതം നയിക്കുന്ന
പെണ്ണിന്‍റെ തന്ത്രമല്ലിത് ..വിശ്വാസം വഞ്ചനയാല്‍ ചവിട്ടിമിതിക്കപ്പെട്ടപ്പോള്‍
സ്നേഹത്താല്‍ തൂക്കിയെടുത്തവന് കൊടുക്കേണ്ട പ്രണയവും വഞ്ചനയ്ക്ക്
കൊടുക്കുന്ന തിരിച്ചടിയും ...