Thursday, 11 February 2016

ഒറ്റയിരിപ്പിനു ഇത് ആര്‍ക്കും മുഴുവന്‍ വായിക്കാന്‍ കഴിയില്ല....കാരണം ദൈവത്തെ അറിയാന്‍ വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്...കുറച്ച് വായിക്കുക..പിന്നീട് സമയം കിട്ടുമ്പോള്‍ ബാക്കി വായിക്കുക..തുടക്കത്തിന്‍റെയും അവസാനത്തിന്‍റെയും ഇടയില്‍ എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ദൈവത്തെക്കുറിച്ച് മനസ്സിലാക്കാനായാല്‍ പിന്നീട് നിങ്ങള്‍ സാധാരണക്കാരല്ല.........................................................
***************************************************
ഭൂമിയില്‍ ഒരു ദൈവം
***************************************************
ആ വല്യ ആശുപത്രി മുറികള്‍ക്കുള്ളിലൊന്നില്‍ അവള്‍ക്കു ചുറ്റും നില്‍ക്കുകയാണ് ഞങ്ങള്‍ ചിരിമായാത്ത മുഖത്തില്‍ നേരിയ സങ്കടം നിഴലിച്ചുവരുന്നു....അവളുടെ കണ്ണുകള്‍ എന്നിലേക്ക്‌ പതിഞ്ഞതും ഞാന്‍ മുന്നോട്ടു വന്ന് അവളുടെ അടുത്ത് ഇരുന്നു..
''ഈ ഒപ്പിട്ടുകൊടുക്കുന്ന ചടങ്ങ് ഇല്ലായിരുന്നെങ്കില്‍ ധൈര്യപ്പെടാന്‍ ഒരു ആത്മവിശ്വാസം ഉണ്ടായേനേയല്ലെ?''
 അങ്ങനെഅവള്‍ പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ സങ്കടം മറച്ച് ചെറുതായി ചിരിച്ചുകൊണ്ട് ഞാന്‍ അവളുടെ കയ്യില്‍ ഒന്ന് മുറുകെ പിടിക്കുകമാത്രം ചെയ്തു...എനിക്കെന്താ അവളോട് പറയേണ്ടത് എന്ന് അറിയുന്നില്ല.......
''കൊണ്ടുപോകുന്ന പോലെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന ഉറപ്പ് അവര്‍ക്ക് ഉണ്ടെങ്കില്‍ പിന്നെന്തിനാ നിങ്ങളെയൊക്കെ സങ്കടപ്പെടുത്താന്‍ ഇത്രേം ഒപ്പിട്ടുവാങ്ങുന്നത്?..സാരില്യാ അങ്ങനെ
എന്തേലും സംഭവിച്ചാലും ഞാന്‍ പോയി ദൈവത്തോട് അനുവാദം വാങ്ങി വേഗം ഇങ്ങട് തിരിച്ചു വരാം ട്ടോ'' ചിരിച്ചുകൊണ്ടാണ് അവള്‍ പറയുന്നത് ..
അവളോട്‌ ഒരു സമാധാനവാക്ക് പറയാന്‍ മസ്തിഷ്ക്കത്തിലും പിന്നെ ഹൃദയത്തിലും തിരഞ്ഞെങ്കിലും മസ്തിഷ്കം ശ്യൂന്യമായും ഹൃദയം വിങ്ങിപൊട്ടിയും ഇരുന്നു.. തകര്‍ന്ന ഹൃദയത്തിലെ ചൂടുനനവ്‌ കണ്ണുകളെ പൊള്ളിച്ചപ്പോള്‍ ഞാനവിടെനിന്നും എഴുന്നേറ്റു പുറത്തേയ്ക്ക് പോയി.......ആരൊക്കെയോ ചേര്‍ന്ന് അവളെ ഒരു ഇരുളടഞ്ഞ മഞ്ഞുപെയ്യുന്ന മുറിയിലേക്ക് തള്ളിയിട്ടു..അവിടെനിന്നും അവള്‍ ഒരു അഗാതഗര്‍ത്തത്തിലേക്ക് പതിക്കുകയായിരുന്നു...........വീഴചയുടെ വേഗതയില്‍ എവിടെയൊക്കെയോ തട്ടി മുറിവുകള്‍ ഉണ്ടായി അതില്‍നിന്നും രക്തം വാര്‍ന്നൊഴുകികൊണ്ടിരുന്നു..വേദനയുടെ വിങ്ങല്‍ താങ്ങാനുള്ള ശക്തിസമ്പാദിക്കുന്ന നിമിഷത്തിലെപ്പോഴോ അവള്‍ക്കു ബോധം നഷ്ടപ്പെട്ടു........
എന്തോ ഒന്ന് ശക്തിയില്‍ ദേഹത്ത് വന്നു പതിച്ചപ്പോള്‍ ആ വേദന താങ്ങാനാവാതെ പുളഞ്ഞുകൊണ്ടാണ് അവള്‍ കണ്ണ് തുറന്നു ചാടി എഴുന്നേറ്റത്..നോക്കുമ്പോള്‍ മുന്നില്‍ ഒരു ഭീകരസത്വം നില്‍ക്കുന്നു കറുത്ത് തടിച്ചു പത്തിരുപതടിയോളം ഉയരം വരുന്ന രോമാവൃതമായ ഒരു ഭീകരരൂപം..കയ്യിലെ നീമുള്ള ഇരുമ്പുചങ്ങലയില്‍ നിന്നും രക്തതുള്ളികള്‍ ഇറ്റുവീഴുന്നുണ്ടായിരുന്നു..കനല്‍കട്ടപോലെ ജ്വലിക്കുന്ന കണ്ണുകളാല്‍ അത് അവളെ നോക്കി വീണ്ടും ചങ്ങല ചുഴറ്റാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അവിടെനിന്നും സര്‍വ്വശക്തിയുമെടുത്ത് ഓടാന്‍ ശ്രമിച്ചു..അപ്പോഴേക്കും വേറെ കുറെ ഭീകരരൂപങ്ങള്‍ അവളുടെ മുന്നിലേക്ക്‌ ചാടിവീണു..അതിലൊന്ന് അവളെ പിടിക്കാനായി കൈ നീട്ടിയതും മറ്റൊന്ന് അതിനെ തള്ളിമാറ്റി അവളെ പിടിക്കാനാഞ്ഞു അതിനു സമ്മതിക്കാതെ വേറൊരു ഭീകരരൂപം അതിനെ ചവിട്ടിവീഴ്ത്തി.. അവള്‍ക്കുവേണ്ടി അവര്‍ തമ്മില്‍ പോരടിക്കുകയാണ്‌...ആ തക്കം മുതലെടുത്ത്‌ അവള്‍ ഓടിത്തുടങ്ങി..തലയോട്ടികളും ശരീരാവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് അവിടമാകെ........
ദിശയറിയുന്നില്ല വഴികളുമില്ല കണ്ണെത്താദൂരത്തോളം ശരീരാവശിഷ്ടങ്ങള്‍ മാത്രം..അപകടം പുറകെയുള്ളതിനാല്‍ അവള്‍ കഴിവതും വേഗത്തില്‍ ഓടുകയാണ്..ഓടിയോടി ചെന്നുപെട്ടത് വിഷം ചീറ്റുന്ന കരിനാഗങ്ങള്‍ക്കിടയിലാണ്..അനായാസം ഒരാളെ വിഴുങ്ങുവാന്‍ കഴിയുന്ന വായ തുറന്നുപിടിച്ച്‌ അവ അവള്‍ക്കടുത്തേക്കു ചീറിപ്പാഞ്ഞുവന്നു..ഒരു നിമിഷം അവള്‍ മരണത്തെ ഉള്ളില്‍ കണ്ടു..... രക്ഷപെടാനുള്ള ചെറുപഴുതുപോലുമില്ല ഒന്നും ചെയ്യാനും ഇല്ലാ.. ആകെ ചെയ്യാനുള്ളത് മരണത്തിനുകീഴടങ്ങുക എന്നത് മാത്രമാണ്.. അവള്‍ അതിനു മനസ്സുകൊണ്ട് തയ്യാറായി അവയ്ക്ക് മുന്നില്‍ കണ്ണുകള്‍ ഇറുക്കിയടച്ച്  ഇരുന്നുകൊടുത്തു..പെട്ടന്ന് ഒരത്ഭുതംപോലെ എന്തോ ഒന്ന് അവളെ കൈകളിലെടുത്തു ഉയര്‍ന്നുപറന്നു!!..........................
തനിക്കെന്തു സംഭവിക്കുന്നു എന്ന് മനസ്സിലാകാതെ അവള്‍ മെല്ലെ കണ്ണുകള്‍ തുറന്നുനോക്കിയപ്പോള്‍  മാര്‍ദവമായ രണ്ടു കൈകള്‍ അവളെ ചുറ്റിവിരിഞ്ഞിരിക്കുന്നതായും ഇരുളും വെളിച്ചവും മാറി മാറി വരുന്നതിനിടയിലൂടെ എന്തോ ഒന്ന് തന്നെയുംകൊണ്ട് പറക്കുന്നതായും അവള്‍ക്കു മനസ്സിലായി..അവള്‍ അതിനെ ശ്രദ്ധിച്ചുനോക്കി..മനുഷ്യമുഖമാണ് അതിന് വെള്ളിമേഘങ്ങള്‍കൊണ്ട് തുന്നിയ ഉടുപ്പില്‍ നക്ഷത്രങ്ങള്‍ തൂങ്ങിയാടുന്നു, തലയില്‍ സ്വര്‍ണ്ണവര്‍ണ്ണമുള്ള കിരീടം, വിടര്‍ന്നുനില്‍ക്കുന്ന സ്വര്‍ണ്ണപുഷ്പ്പങ്ങള്‍ ചേര്‍ത്തുവച്ചു നെയ്തെടുത്തതുപോലുള്ള അറ്റം കാണാനാവാത്തവിധം വിസ്തീര്‍ണ്ണമുള്ള ചിറകുകള്‍....അങ്ങനെ ആകെമൊത്തം അവളെ അത്ഭുതപ്പെടുത്തുന്ന ഒരു രൂപമായിരുന്നു അത്.. അപ്പോഴാണ്‌ അവള്‍ അത് ശ്രദ്ധിക്കുന്നത് അതിന്‍റെ ചിറകുകള്‍ വിടര്‍ത്തുമ്പോള്‍ സൂര്യന്‍ മറയുകയും ഇരുളാകുകയും ചിറകുകള്‍ ചുരുക്കുമ്പോള്‍ ഇരുളകന്നു വെളിച്ചംവീശുകയും ചെയ്യുന്നു..അതുകണ്ടതും പെട്ടന്ന് അവളിലേക്ക്‌ പാഞ്ഞുവന്ന ചിന്തകളിലൂടെ അവള്‍ ചില സത്യങ്ങള്‍ കണ്ടെത്തി..താന്‍ മരിച്ചിരിക്കുന്നു, താന്‍വന്നുവീണത്‌ നരകത്തിലാണ് ,തന്നെ അവിടെനിന്നും രക്ഷിച്ചുകൊണ്ടുപോകുന്നത് ദൈവമാണ്..ദൈവം ചിറകുകള്‍ വിരിക്കുകയും മടക്കുകയും ചെയ്യുമ്പോഴാണ് രാത്രിയും പകലും ഉണ്ടാകുന്നത് അവള്‍ ഉറപ്പിച്ചു..
അവള്‍ ദൈവത്തെ ഇമതല്ലാതെനോക്കികൊണ്ടിരുന്നു..തലയിലെ കിരീടത്തില്‍നിന്നും വരുന്ന സ്വര്‍ണ്ണവര്‍ണ്ണ പ്രകാശത്തെക്കാള്‍ ജ്വലിക്കുന്ന മുഖം,സൂര്യനേപ്പോലെ തിളങ്ങുന്ന കണ്ണുകളില്‍ നിലാവിന്‍റെ  കുളിര്‍മ,കാതുകളില്‍ വാല്‍നക്ഷത്രം പോലെയെന്തോ തൂങ്ങിയാടുന്നു...അവള്‍ ഇപ്പോള്‍ വല്ലാതെ സന്തോഷത്തിലാണ്
താന്‍ മരിച്ചിരിക്കുന്നു എന്ന ദുഖത്തേക്കാള്‍ താനിപ്പോള്‍ ദൈവത്തിന്‍റെ കൈകളിലാണെന്ന സന്തോഷം അവളില്‍ നിറഞ്ഞു നില്‍ക്കുന്നു......ഇനിയെന്നും ദൈവത്തിന്‍റെ കൈകളില്‍ തന്നെ സുരക്ഷിതയായിരിക്കാന്‍ അവള്‍ ആഗ്രഹിച്ചു..അവളാ- കൈവിരലുകളില്‍ ഒന്ന് മുറുകെപിടിച്ചു എന്നിട്ട് ദൈവത്തിന്‍റെ മുഖത്ത്നോക്കി ........
.''ദൈവമേ..എന്നെ സ്വര്‍ഗ്ഗത്തിലെക്കാണോ കൊണ്ടുപോകുന്നത്?'' ...ദൈവം തല താഴ്ത്തി നിലാവുപോഴിക്കുന്ന കണ്ണുകളാല്‍ അവളുടെ കണ്ണുകളിലേക്ക് വെളിച്ചം വീശി വീണ്ടും തലയുയര്‍ത്തി മുന്നോട്ട് നോക്കി ഒന്നുംമിണ്ടാതെ പറന്നുകൊണ്ടിരുന്നു ..എന്തെങ്കിലും പറയുമോയെന്നു കരുതി കുറച്ചു നേരം ദൈവത്തിന്‍റെ മുഖത്തേക്ക്നോക്കി നിശബ്ദമായിരുന്നു അവള്‍... ദൈവം മിണ്ടുന്നില്ല...അവള്‍ വീണ്ടും വിളിച്ചു
''ദൈവമേ....''
''ഞാന്‍ ദൈവമല്ല''
അവളെ നോക്കാതെ തന്നെ അത് മറുപടി പറഞ്ഞു ...അവളുടെ ഉള്ളില്‍ ഒരു ഇടിമിന്നല്‍ ആഞ്ഞടിച്ചുകടന്നുപോയി ''പിന്നെ... പിന്നെ.... നിങ്ങള്‍ ആരാണ് ?''
''ഞാന്‍ ദൈവദാസിയായ മാലാഖയാണ്''
''എന്നെയിപ്പോള്‍ ദൈവത്തിനടുത്തെക്കാണോ കൊണ്ടുപോകുന്നത്''
''അല്ല ''
'' അല്ലേ? പിന്നെ എവിടേയ്ക്കാണ്? എനിക്ക് ദൈവത്തെ കാണണം ''
മാലാഖ ഒന്നും മിണ്ടുന്നില്ല.. അവള്‍ വീണ്ടും ചോദിച്ചു '' എന്നെ ഇപ്പോള്‍ എവിടേയ്ക്കാണ് കൊണ്ടുപോകുന്നത്?''
''ഭൂമിയിലേക്ക്‌''
മാലാഖ അവളെ നോക്കാതെതന്നെ മറുപടി കൊടുത്തു .... ''ങേ..ഭൂമിയിലേക്കോ ?? വേണ്ടാ..എനിക്ക് ഭൂമിയിലേക്ക്‌ പോവണ്ടാ..നന്മകള്‍ നശിച്ചൊരു ലോകമാണത് പകലിലും അന്ധകാരമാണവിടെ അവിടെ ഞാന്‍ വീണ്ടും ദുഖങ്ങളുടെയും വേദനകളുടെയും കനലില്‍ പാദരക്ഷകള്‍ ഇല്ലാതെ നടക്കേണ്ടിവരും..എനിക്ക് ഭൂമിയിലേക്ക്‌ പോകണ്ടാ ദൈവായി എന്നെ ദൈവത്തിന്‍റെ അടുത്തേക്ക് കൊണ്ടുപോകൂ''
വാശിപിടിച്ചു കരയുന്ന ഒരു കുട്ടിയെപ്പോലെ അവള്‍  കെഞ്ചുകയാണ്..അതൊന്നും വകവയ്ക്കാതെ മാലാഖ താഴെ ആഴങ്ങളിലേക്ക് ഊളിയിട്ടു..അവള്‍ വല്ലാതെ നിരാശയിലാണ്. അവള്‍ ദയനീയഭാവത്തില്‍ മാലാഖയുടെ മുഖത്തേക്ക്തന്നെ നോക്കിയിരുന്നു..പെട്ടന്ന് മാലാഖ ഒരു ഇരുട്ടിലേക്ക് പറന്നിറങ്ങി ..താഴെയിറങ്ങിയ മാലാഖ അവളെയെടുത്ത് നിലത്തുനിര്‍ത്തി..അവള്‍ കണ്ണുകള്‍ വിടര്‍ത്തി മാലാഖയെ ശരിക്കുമൊന്നു നോക്കി .. ചിറകുകളെല്ലാം ഒതുക്കിവച്ച് ഒരു മനുഷ്യസ്ത്രീയെപ്പോലെ അവളുടെ മുന്നില്‍ നില്‍ക്കുകയാണ് മാലാഖ.. ആ ഇരുട്ടിലും മാലാഖയെ അവള്‍ക്കു വെക്തമായി കാണാമായിരുന്നു..
''എന്നെ ഏല്‍പ്പിച്ച ദൌത്യം ഞാന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു ഞാന്‍ മടങ്ങുകയാണ്'' എന്ന് പറഞ്ഞു കൊണ്ട് മാലാഖ മുകളിലേക്ക് പറക്കാനാഞ്ഞു ..
''നില്‍ക്കൂ'' ....
നിലത്ത് മുട്ടുകുത്തി കൈകള്‍ കൂപ്പിയാണ് അവളിരിക്കുന്നത് ... ''എനിക്ക് ദൈവത്തെ നേരില്‍ കാണാന്‍ ഭാഗ്യമില്ലാ..അത് ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്കു സാധ്യവുമല്ല എന്ന് മനസ്സിലായി  പക്ഷെ ഭൂമിയിലെ ജനങ്ങള്‍  കല്ലിനെയും മണ്ണിനെയും മനുഷ്യനിര്‍മ്മിതമായ വേറെ പലതിനെയും ദൈവം എന്ന് വിശ്വസിക്കുന്നു..അവരുടെ വിശ്വാസങ്ങള്‍ തെറ്റാണെന്ന് പറഞ്ഞുകൊടുക്കാനായെങ്കിലും ദൈവത്തിന്‍റെ രൂപം എങ്ങനെയെന്നു എനിക്ക് പറഞ്ഞുതരാമോ ?'' അവള്‍ കണ്ണുകള്‍ നിറച്ചുകൊണ്ടാണ് പറയുന്നത് ..മാലാഖ ചിരിച്ചുകൊണ്ട് ചെറുതായൊന്നു തലയാട്ടി കൈകള്‍ മുകളിലേക്ക് വീശി..അപ്പോള്‍ മുന്നില്‍ ചുവരുപോലൊന്നില്‍ ഹോള്‍ഡറില്‍ ഒരു ബള്‍ബ് ഘടിപ്പിച്ചിരിക്കുന്നത് കാണാനായി അതിനു ചുറ്റുമാത്രം പ്രകാശം പരത്തിക്കൊണ്ട്‌ അത് കത്തുന്നുണ്ടായിരുന്നു..അവള്‍ അതിലേക്കു നോക്കി നില്‍ക്കുമ്പോള്‍ മാലാഖ പറഞ്ഞു
 ''മനുഷ്യ നിര്‍മ്മിതമായ ഒന്നാണത് ഇതെന്താണെന്നു മനസ്സിലായോ ??''
''മനസ്സിലായി അതൊരു ബള്‍ബാണ്'' അതിനെക്കുറിച്ച് വേറെ എന്തൊക്കെ അറിയാം എന്ന ചോദ്യഭാവത്തില്‍ മാലാഖ അവളെനോക്കുന്നത് കണ്ട അവള്‍ വീണ്ടും തുടര്‍ന്നു...
''ഒരു ചെറിയ ലോഹക്കമ്പിയിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ അത് ഒരു പ്രത്യേകപരിധിവരെ ചൂടാവുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കും..ആ പ്രക്രിയയാണ് അവിടെ നടക്കുന്നത് ആ ചില്ലിനകത്തു ലോഹക്കമ്പിയാല്‍ നിര്‍മിച്ച ഒരു ഫിലമെന്റ്റ് ഉണ്ട് അതിലേക്കു വൈദ്യുതി കടന്നു വരുമ്പോള്‍ അത് പ്രകാശിക്കുന്നു അത്രെയെയുള്ളൂ''
വല്ലാത്ത സന്തോഷത്തോടെയാണ് അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ ഒപ്പിച്ചുപറഞ്ഞത് .. മാലാഖയുടെ ചോദ്യത്തിനുത്തരം നല്‍കിക്കഴിഞ്ഞു ഇനി തനിക്കു മാലാഖ ദൈവത്തിന്‍റെ രൂപം എങ്ങനെയെന്നു പറഞ്ഞുതരും എന്ന് മനസ്സില്‍ കരുതി അവള്‍ മാലാഖയുടെ മുഖത്തേക്ക് നോക്കി..അപ്പോള്‍ മാലാഖ ഒരു ചെറുചിരിയോടെ മനസ്സിലാകുന്നു എന്ന അര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് വീണ്ടും ആ ബള്‍ബിലേക്ക് നോക്കി നിന്നു..അപ്പോള്‍ ആ ബള്‍ബിനടുത്തേക്ക്  ഒരു പല്ലി ഇറങ്ങിവന്നു..
''നീയിപ്പോള്‍ എന്നോട് പറഞ്ഞതെല്ലാം എനിക്ക് മനസ്സിലായി ആ കാര്യങ്ങളെല്ലാം ആ കാണുന്ന പല്ലിയെ ഒന്ന് പറഞ്ഞുമനസ്സിലാക്കിക്കാമോ ?''
 .ഒരു നിമിഷം മാലാഖ അവളെ കളിയാക്കുകയാണെന്നു അവള്‍ക്കു തോന്നി ഇത് ദൈവത്തെക്കുറിച്ച് പറഞ്ഞുതരാതിരിക്കാനുള്ള മാലാഖയുടെ സൂത്രമാണെന്നു അവള്‍ കരുതി..അവള്‍ മാലാഖയുടെ മുഖത്തേക്ക് നോക്കി സങ്കടത്തോടെ പറഞ്ഞു.....
 ''അതെങ്ങനെ സാധിക്കും? ആറുഅറിവുള്ള മനുഷ്യനെപ്പോലെയല്ലാലോ പല്ലി അതിനു ചിന്തിക്കാനോ ഞാന്‍ പറയുന്നത് മനസ്സിലാക്കാനോ ഉള്ള കഴിവില്ലാ പിന്നെയെങ്ങനെയാണ്..?''...
 അപ്പോള്‍ മാലാഖ പുഞ്ചിരിച്ചുകൊണ്ടു അവളെനോക്കി പറഞ്ഞു..
''അതെ അതിനു നീ  പറഞ്ഞത്   മനസ്സിലാക്കാനുള്ള കഴിവില്ലാ അതിന്‍റെ ചിന്താശേഷിക്കും അപ്പുറത്താണ് നീയിപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍..അതുപോലെയാണ് മനുഷ്യര്‍ക്ക് ദൈവവും മനുഷ്യന്‍റെ അറിവിനും കഴിവിനും ചിന്തക്കും മുകളിലുള്ള ഒരു ശക്തിയാണ് ദൈവം..അത് പറഞ്ഞു തന്നാലും മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനൊ ഉള്ള കഴിവ് മനുഷ്യര്‍ക്ക്‌ ഇല്ലാ..ആ ബള്‍ബിനു സമീപം നില്‍ക്കുന്ന പല്ലിയെ സംബന്ധിച്ചിടത്തോളം ഒരു പ്രകാശം വരുന്നു കുറച്ചു കഴിയുമ്പോള്‍ അത് പോകുന്നു അതിനപ്പുറത്തേക്ക് ഒന്നും മനസ്സിലാക്കാന്‍ അതിനു കഴിയില്ല..ആ പല്ലിക്ക് ബള്‍ബെന്നപോലെയാണ് മനുഷ്യര്‍ക്ക് ദൈവവും..മനുഷ്യന്‍റെ അറിവിന്‍റെ അപരിമിതത്തിനും മുകളിലുള്ള ഒരു ശക്തിയാണത്'' ....ഇതെല്ലാം കേട്ടുകൊണ്ട് എന്ത് പറയണമെന്നറിയാതെ അമ്പരപ്പോടെ അവള്‍ മിഴിച്ചുനില്‍ക്കുമ്പോള്‍
 ''എനിക്ക് അനുവദിച്ച സമയം കഴിയാറായി ഞാന്‍ എന്‍റെ ലോകത്തിലേക്ക്‌ മടങ്ങുയാണ്'' എന്ന് പറഞ്ഞുകൊണ്ട് മാലാഖ മുകളിലേക്ക് ഉയര്‍ന്നുപറന്നു മറഞ്ഞുപോയി..പതിയെ പതിയെ അവിടെയ്ക്ക് വെളിച്ചം കടന്നുവന്നു പകലുപോല്‍ കാണ്മാനായി അപ്പോഴാണ്‌ താനിപ്പോള്‍ നില്‍ക്കുന്നത് ഒരു കൊടും വനത്തിലാണെന്ന് അവള്‍ അറിയുന്നത്..
കാലങ്ങളായി മുടി വെട്ടാത്ത പുരുഷനെപ്പോലെ ജടകെട്ടിയ വള്ളികള്‍ തൂങ്ങിയാടുന്ന ഉയരമുള്ള വൃക്ഷങ്ങള്‍ ചുറ്റും നിറഞ്ഞു നില്‍ക്കുന്നു.. ഇനിയെന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ അറിയില്ലെങ്കിലും അവള്‍ മുന്നോട്ടുനടന്നു..ഓട്ടത്തിനൊത്തുള്ള നടത്തത്തിലും ഒരുപാട് സംശയങ്ങള്‍ അവളില്‍ ഓടിക്കളിച്ചു ..,,എന്നെ എന്തിനു മാലാഖ ഈ കാട്ടില്‍കൊണ്ടുവന്നു വിട്ടു ? താനിപ്പോള്‍ ഭൂമിയില്‍ തന്നെയാണോ ഉള്ളത് ? കുറച്ചുമുന്നേ താന്‍ നരകത്തെകണ്ടതാണ് അവിടെനിന്നുമാണ് മാലാഖ തന്നെ രക്ഷിച്ചുകൊണ്ടുവന്നത്..മരിച്ചവര്‍ക്ക് മാത്രമല്ലേ സ്വര്‍ഗ്ഗവും നരകവും എല്ലാം കാണാന്‍ കഴിയുകയുള്ളൂ.?...അതെ താന്‍ മരിച്ചിരിക്കുന്നു അതില്‍ സംശയം ഇല്ലാ..അങ്ങനെയെന്നാല്‍ ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം ഏതാണ് ?
ഒരുപക്ഷെ തനിക്കു ദൈവത്തിന്‍റെ അടുത്ത് പോകാനുള്ള അര്‍ഹത ഉണ്ടോയെന്നു പരീക്ഷിക്കാന്‍ ആവുമോ മാലാഖ തന്നെ ഈ കാട്ടില്‍കൊണ്ടുവന്നു വിട്ടത് ?....എന്ത്തന്നെയായാലും ശരി ഇനി ദൈവത്തിലേക്കുള്ള വഴി അന്വേഷിക്കുക പരീക്ഷണങ്ങളെ നേരിടുക അത്രതന്നെ..അവള്‍ അങ്ങനെ മനസ്സില്‍ ഉറപ്പിച്ച് കുറ്റിച്ചെടികളെ ചവിട്ടിമിതിച്ചു വഴിയുണ്ടാക്കി മുന്നോട്ടുനടന്നു,..രണ്ടുപകലും ഒരു രാത്രിയും കടന്നുപോയി വിശപ്പും ദാഹവും അവളെ വല്ലാതെ അവശയാക്കിയിരിക്കുന്നു.. എങ്കിലും അവള്‍ ദൈവത്തെ കണ്ടെത്തണം എന്ന ആഗ്രഹത്താലും ഈ കാടിന് പുറത്തേക്കുള്ള വഴികണ്ടെത്താം എന്ന പ്രതീക്ഷയാലും തളര്‍ന്ന പാദങ്ങള്‍ക്ക് വിശ്രമം കൊടുക്കാതെ നടക്കുകയാണ് ..നടന്നു നടന്നു അവസാനം പുല്ലുകൊണ്ട് മേഞ്ഞ ഒരു കുടിലിനു മുന്നിലാണ് അവള്‍ എത്തിയത്.. ഒരുനിമിഷം പോലും ചിന്തിക്കാതെ മുളകൊണ്ട് ഉണ്ടാക്കിയ വാതില്‍ തുറന്നു അകത്തേക്ക് കടന്നു..
അവളുടെ പ്രതീക്ഷകളെ തകിടംമറിച്ച് ആ ഒഴിഞ്ഞമുറി അവളുടെ വിശപ്പിനെ കൂടുതലാക്കി ..പെട്ടന്ന് ഒരു നിഴല്‍ അകത്തേക്ക് കടന്നുവന്നു..ഭീതിയോടെ അവള്‍ ആ നിഴലിലേക്ക്‌ നോക്കിനിക്കുമ്പോള്‍ നിഴലിനു അറ്റത്തുള്ള ആ രൂപം മെല്ലെ തെളിഞ്ഞുവന്നു..കാവിവേഷധാരിയായ ഒരു വൃദ്ധന്‍ ആയിരുന്നു അത്..പേടിച്ചരണ്ട അവളെനോക്കി അയാള്‍ ചിരിച്ചു....എന്നിട്ട് ചോദിച്ചു ..
''വിശക്കുന്നുണ്ടോ''
അതെയെന്നു അവള്‍ തലയാട്ടി... കൂടെ വരാന്‍ ആഗ്യം കാട്ടി അയാള്‍ പുറത്തേക്ക് നടന്നു..
അവള്‍ അയാള്‍ക്ക്‌ പിന്നാലെ നടന്നു .. അവളിലെ ചിന്തകള്‍ വീണ്ടും ഉണരുന്നു....
ഇയാള്‍ ആരാണ് ? വിശന്നിട്ടാണ് ഞാന്‍ ആ കുടിലിലേക്ക് കയറിയതെന്ന് ഇയാള്‍ക്കെങ്ങനെ അറിയാം?...
പരീക്ഷണങ്ങളുടെ അടുത്ത പടിയായി ദൈവം വേഷം മാറി വന്നത് ആയിരിക്കുമോ ?.അവള്‍ക്കു ജിജ്ഞാസ വര്‍ദ്ധിച്ചു..
എന്ത് തന്നെയായാലും അദ്ദേഹം തനിക്കു ഭക്ഷണം തരുമായിരിക്കും കൂടെ ചെല്ലുകയല്ലാതെ വേറൊരു വഴിയും ഇല്ലാ ....തളര്‍ച്ചയിലും
ദൈവത്തെ വിളിച്ച് അവള്‍ അയാള്‍ക്ക്‌ പിന്നാലെ നടന്നു
കുറെ ദൂരം പിന്നിട്ടപ്പോള്‍ അവള്‍ മെല്ലെ വിളിച്ചു സ്വാമി..
അയാളുടെ വേഷമാകാം അവളെക്കൊണ്ട് അങ്ങനെ വിളിപ്പിച്ചത്.!!....അദ്ദേഹം തിരഞ്ഞു നോക്കാതെ തന്നെ ഉം.. എന്ന് വിളികേട്ടു....
''ഇനിയും എത്ര ദൂരം നടക്കണം സ്വാമി....?''
''ഇനി അറുപതു നാഴിക നടന്നാല്‍ മതി ''
അത് കേട്ടതും അവളുടെ സപ്തനാഡികളും തളരുന്ന പോലെ അവള്‍ക്കു തോന്നി.......''ഇനി ഒരു അടിപോലും നടക്കാന്‍ വയ്യ സ്വാമി... ഒരു ദിവസം മുഴുവന്‍ എങ്ങനായാണ് ഞാന്‍......?''
അവളുടെ വാക്കുകള്‍ മുറിഞ്ഞുപോയി...
''നിനക്ക് ഭക്ഷണം നല്‍ക്കാന്‍ ഞാന്‍ വേറെ ഒരു വഴിയും കാണുന്നില്ല...കിഴക്കോട്ടു ഒരു അഹോരാത്രം നടന്നാല്‍ ശിവ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമുണ്ട്.. അവിടെ ഒരു പക്ഷത്തിലോരിക്കല്‍ ''അന്നം'' ദാനം ചെയ്യുക പതിവാണ് വിശ്രമമില്ലാതെ നടന്നാല്‍ മാത്രമേ നേരത്തിനു അവിടെ ചെന്നെത്താന്‍ കഴിയുകയുള്ളൂ.... ആദിനാഥനെ മനസ്സില്‍ സ്തുതിച്ചുകൊള്‍ക..അറുപതു നാഴിക അല്പകാലമാകും''..
കുറച്ചു നേരം വിശ്രമിച്ചിട്ട് നടന്നാല്‍ പോരെ സ്വാമി എന്ന് പറയണം എന്നുണ്ടായിരുന്നുവെങ്കിലും അവളതു പറഞ്ഞില്ലാ പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ അന്നദാനം നടത്തുന്ന ഒരു ക്ഷേത്രം.. വിശ്രമം കഴിഞ്ഞു ചെന്നെത്തുമ്പോള്‍ വൈകിപ്പോയാല്‍
പിന്നീട് വീണ്ടും പതിനഞ്ചുദിവസം കാക്കണം വല്ലതും കഴിക്കാന്‍ കിട്ടണമെങ്കില്‍...ആ പേടി ഉള്ളത്കൊണ്ട് അവള്‍ അയാളുടെ പുറകെ ഒന്നും മിണ്ടാതെ വിശപ്പും ദാഹവും സഹിച്ചുനടന്നുനീങ്ങി........
അവസാനം സൂര്യാസ്തമയവേളയുടെ തൊട്ടു മുന്‍പായി അവര്‍ അവിടെ എത്തിചേര്‍ന്നു...അവര്‍ അവിടെ ക്ഷേത്രത്തിനു അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ഒരാള്‍ അവിടെ ഇരുന്ന് അന്നദാനപാത്രങ്ങള്‍ കഴുകി കമഴ്ത്തി വച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു......... അവള്‍ ശിവപ്രതിഷ്ഠക്ക് നേരെ കൈകള്‍കൂപ്പി തൊഴുതുകൊണ്ട് അന്നദാനപാത്രങ്ങളിലേക്ക് ഇടംകണ്ണിട്ടുനോക്കി....
അന്നദാനം കഴിഞ്ഞിരിക്കുന്നു.... അവള്‍ സങ്കടവും വിഷമവും ക്ഷീണവും കാരണം തളര്‍ന്നു വീഴും എന്നായപ്പോള്‍ മുന്നില്‍ ഉണ്ടായിരുന്ന നന്ദിശിലയില്‍ ഒരു കൈതാങ്ങി ശിവപ്രതിഷ്ഠയെ നോക്കി നിന്നു............
അപ്പോള്‍ അവിടത്തെ പൂജാരി അവളുടെ കയ്യിലേക്ക് തേക്കിലക്കുംമ്പിളില്‍ കുറച്ചു നിവേദ്യം വച്ച്കൊടുത്തിട്ട് പറഞ്ഞു ...''ഇത്രേടം വന്നിട്ട് ഒന്നും തരാതെ മടക്കി അയച്ചാല്‍ ശരിയാവില്ലാ..ഭഗവാന് അര്‍പ്പിച്ചതില്‍ മിച്ചമുള്ളത് തനിക്ക്''
നിറകണ്ണുകളോടെയും സന്തോഷത്തോടെയും അവള്‍ അത് വാങ്ങി....തിരിഞ്ഞു നോക്കിയപ്പോള്‍ കൂടെ വന്ന സ്വാമിയെ കാണാനില്ലാ....അവള്‍ ക്ഷേത്രംമുഴുവന്‍ നടന്നുനോക്കി അവസാനം ക്ഷേത്രത്തിനു വെളിയിലെത്തി..അപ്പോള്‍ പുറത്തുള്ള ഞാവല്‍മരത്തിനു ചുവട്ടില്‍ അയാള്‍ ഇരിക്കുന്നു....അവള്‍ സന്തോഷത്തോടെ അയാള്‍ക്കരികിലേക്ക് ഓടിപ്പോയി..എന്നിട്ട് കയ്യിലെ നിവേദ്യം പങ്കുവയ്ക്കാന്‍ ഇലനിവര്‍ത്തി.....
''സ്വാമി ആദ്യം കഴിക്കൂ''
അയാള്‍ പൊട്ടിചിരിച്ചു ഹ ഹ ഹ ''എനിക്ക് ദാനം നല്‍കുകയാണോ..? വിശക്കുന്നവര്‍ക്കാണ് ഭക്ഷണം വേണ്ടത് നിന്‍റെ വിശപ്പ്‌തീര്‍ക്കാനില്ലാലോ ഇത്...''........
''ഇല്ല സ്വാമി...... എന്‍റെ വിശപ്പിനുള്ളതും സ്വാമിയുടെ വിശപ്പിനുള്ളതും ഇതില്‍ ധാരാളമായുണ്ട് അങ്ങ് ഇത് കഴിച്ചാലും''..
അപ്പോഴാണ്‌ അവരുടെ മുന്നിലേക്ക്‌ ഒരു സ്ത്രീയും രണ്ടു കുഞ്ഞുങ്ങളും കടന്നുവന്നത് ....ആ സ്ത്രീ അവരെനോക്കി ഇങ്ങനെ പറഞ്ഞു.....''ഏറെ നാഴിക യാത്രയ്ക്കൊടുവിലാണ് ഇവിടെ എത്തിചേര്‍ന്നത്‌ ഈ കുഞ്ഞുങ്ങള്‍ എന്തെങ്കിലും കഴിച്ചിട്ടും അത്രേം കാലമായി...ഇവിടെ വന്നപ്പോള്‍ ഏറെ വൈകുകയും ചെയ്തു ...അവരുടെ കരച്ചില്‍ കാണാന്‍ വയ്യാ.. അവര്‍ക്ക്കൂടെ എന്തെങ്കിലും കൊടുക്കാമോ?''
അവള്‍ ആ കുരുന്നുകളെ നോക്കി..... കറുത്ത കണ്‍തടങ്ങളില്‍ കണ്ണീരു വരണ്ടുണങ്ങിനില്‍ക്കുന്നു, ദൈനീയമുഖഭാവം,ആ കണ്ണുകളിലെ പ്രതീക്ഷ മുഴുവന്‍ തന്‍റെ കയ്യിലിരിക്കുന്ന ഇലയിലാണ് എന്ന് അവള്‍ക്കു മനസ്സിലായി....
അവള്‍ ഒരുനിമിഷം പോലും ചിന്തിച്ചില്ലാ തന്‍റെ വിശപ്പ്‌ മറന്ന് അവള്‍ കയ്യിലുള്ള നിവേദ്യം അവര്‍ക്ക് നേരെ നീട്ടി...അവരത് വാങ്ങി ആര്‍ത്തിയോടെ കഴിച്ചു...ശേഷം നിര്‍വൃതിയോടെയുള്ള ഒരു പുഞ്ചിരി ആ കുരുന്നുകള്‍ അവള്‍ക്കു സമ്മാനിച്ചപ്പോള്‍ അവളുടെ വിശപ്പ്‌ മരിച്ചിരുന്നു........
ആ സ്ത്രീയും കുഞ്ഞുങ്ങളും അവര്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് നടന്നുനീങ്ങി...
''നിന്‍റെ വിശപ്പ്‌ തീര്‍ന്നോ ?'' അയാള്‍ അവളെ നോക്കി ചോതിച്ചു...
''ആത്മാവിന്‍റെ വിശപ്പ്‌ തീര്‍ന്നു സ്വാമി വല്ലാത്തൊരു സംതൃപ്തി ഉണ്ട് ആത്മാവിന്''
''ഹും.....''.......
''സ്വാമി ദൈവത്തെ കണ്ടിട്ടുണ്ടോ...?''...ഒന്നും പറയാന്‍ ഇല്ലാതെയോ വിഷയം മാറ്റാനോ അവള്‍ അങ്ങെനെ ഒരു ചോദ്യം അയാളോട് ചോതിച്ചു......
''ഹ ഹ ഹ വല്ലാത്തൊരു പൊട്ടിച്ചിരിയാണ് അയാളില്‍ നിന്നും വന്നത്...ഹ ഹ ഹ ദൈവം...... ദൈവത്തിനു കലികാലത്തില്‍ ഭൂമിയില്‍ എന്താണ് ചെയ്യാനുള്ളത്?''
''കലികാലമോ ..? എന്താണത് ? ദൈവത്തിനും കാലവും നേരവും ഒക്കെ ഉണ്ടോ ?...''
''ദുഷ്ടശക്തിയുടെ ലോകമാണ് ഇന്ന് ഭൂമി...ദുഷ്ടശക്തിയാണ് ഇന്ന് ദൈവത്തിന്‍റെ സ്വര്‍ഗ്ഗമായ ഭൂമി ഭരിക്കുന്നത്..കലികാലത്തില്‍ ദൈവം ഒരിക്കലും ഭൂമിയിലേക്ക്‌ വരുകയില്ലാ..'' ....(വല്ലാത്തൊരു മുഖഭാവം വരുത്തിയാണ് അയാള്‍ അത് പറയുന്നത്).......
''എന്തൊക്കെയാണ് ഞാനീ കേള്‍ക്കുന്നത് ദൈവം സര്‍വ്വശക്തനല്ലേ ദൈവം വിചാരിച്ചാല്‍ ദുഷ്ട്ടശക്തിയെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലേ ..?''
''ഹ ഹ ഹ കഴിയും അത് പറയുന്നതിന് മുന്പ് ഞാന്‍ ഒരു കഥ പറഞ്ഞു തരാം'' എന്ന് പറഞ്ഞുകൊണ്ട് അയാള്‍ മനോഹരമായ ഒരു കഥ പറഞ്ഞുതുടങ്ങി....
ഒരിടത്ത് ''വല്ലഭാചാര്യർ'' എന്നൊരു ഋഷിവര്യന്‍ ഉണ്ടായിരുന്നു അദ്ദേഹം ആ നാട്ടിലെ നന്മയ്ക്കായ് യജ്ഞങ്ങളും യാഗങ്ങളും നടത്തിവന്നിരുന്നു...കൂടാതെ അവിടുള്ള കുട്ടികള്‍ക്ക് ആയുധകലകളും പഠിപ്പിച്ചുപോന്നു...ഒരു ദിവസം എങ്ങുനിന്നോ വന്ന ''പരമഹംസര്‍'' എന്ന് പേരുള്ള ഒരു മുനിവര്യന്‍ ഇദ്ദേഹത്തെ നാട്ടുകാര്‍ കാണ്‍കെ വെല്ലുവിളിച്ചു
വല്ലഭാചാര്യനേക്കാള്‍ താന്‍ ആയുധകലകളില്‍ അപാര പാണ്ടിത്യം ഉള്ള ആളാണെന്നും വേണമെങ്കില്‍ അത് തെളിയിക്കാന്‍ ഒരു മത്സരത്തിനു വരെ തയ്യാറാണെന്നും അയാള്‍ പറഞ്ഞു ....മത്സരത്തില്‍ വല്ലഭാചാര്യർ തോറ്റാല്‍ ഈ നാട് ഉപേക്ഷിച്ചു പോകണം എന്നും അതിനു ശേഷം താന്‍ ഇവിടെ ഉള്ള ജനങ്ങള്‍ക്ക്‌ ആയുധകലകള്‍ പഠിപ്പിച്ചുകൊള്ളാം എന്നും നിബന്ധനവച്ചു.വല്ലഭാചാര്യർക്ക് തന്‍റെ കഴിവിലുള്ള വിശ്വസം പരമഹംസറുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായി ...രണ്ടുദിവസത്തിനുള്ളില്‍ അമ്പേയ്ത്തിനും മറ്റും വേണ്ട സൗകര്യങ്ങള്‍ ഒരുക്കി വച്ചോളാന്‍ പറഞ്ഞിട്ട് പരമഹംസര്‍ അവിടെനിന്നും പോയി...
രണ്ടു ദിവസം കഴിഞ്ഞു കളം ഒരുങ്ങി..പക്ഷെ പരമഹംസര്‍ വന്നില്ലാ...അയാള്‍ വരുന്ന വഴിയില്‍ നദിയിലെ വെള്ളം കൂടുതലായി തോണി മറിഞ്ഞു മരണപ്പെട്ടു.... അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആളുകള്‍ ഇങ്ങനെ പറഞ്ഞു .....നമ്മള്‍ വല്ലഭാചാര്യരുടെ കഴിവ് കണ്ടിട്ടുള്ളതാണ് ഒരുപക്ഷെ മത്സരം നടന്നിരുന്നെങ്കില്‍ വല്ലഭാചാര്യരേക്കാള്‍ കഴിവുള്ളത് പരമഹംസര്‍ക്കാണെന്ന് തെളിഞ്ഞേനേ....താന്‍ എത്രെ നന്നായി വിദ്യകള്‍ അഭ്യസിപ്പിച്ചാലും അവിടുള്ള നാട്ടുകാര്‍ പരമഹംസര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ ഇതിനേക്കാള്‍ നന്നായി അഭ്യാസം പഠിപ്പിച്ചേനെ എന്ന് പറയുന്നത്‌ കേട്ടു സങ്കടം സഹിക്കവയ്യാതെ അയാള്‍ ആ നാടുവിട്ടു എങ്ങോട്ടോ പോയി....ഇത്രേം പറഞ്ഞു നിര്‍ത്തികൊണ്ട്‌ സ്വാമി ഒന്നും ശ്വാസം ഉള്ളിലേക്ക് എടുത്തുവിട്ടുകൊണ്ട് പറഞ്ഞു ....
''ഈ കഥയിലെ സാരമാണ് ദൈവത്തിന്‍റെ കഥയിലും വരുന്നത്
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലാ..ആദിമനുഷ്യന്‍ ദൈവവാക്ക് തെറ്റിച്ചപ്പോള്‍ മുതല്‍ തിടങ്ങിയ കഥയാണ്‌.. ആദിമനുഷ്യരുടെ മുന്നില്‍ വച്ച് ദുഷ്ട്ടശക്തി ദൈവത്തെ വെല്ലുവിളിച്ചു ...ദൈവം സൃഷ്ട്ടിച്ച ഭൂമിയില്‍ താന്‍ ദൈവത്തെക്കാള്‍ നന്നായി ഭരണം നടത്തും എന്നും അതില്‍ സന്തോഷിച്ചു മനുഷ്യരെല്ലാം തന്നെ ദൈവമായിവണങ്ങും എന്നും....അത് കേട്ടപ്പോള്‍ തന്നെ ഒരു നിമിഷം കൊണ്ട് ദൈവത്തിനു ആ ദുഷ്ട്ടശക്തിയെ ഇല്ലാതാക്കാമായിരുന്നു പക്ഷെ അങ്ങനെ ചെയ്‌താല്‍..ദൈവം എത്രതന്നെ സന്തോഷവും സുഖവും മനുഷ്യന് കൊടുത്താലും ദുഷ്ചിന്ത കയറികൂടിയ മനുഷ്യര്‍ പറയും ആ ശക്തി ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ ദൈവം തരുന്നതിനേക്കാള്‍ സുഖങ്ങള്‍ നമ്മള്‍ക്ക് ലഭിച്ചേനെ എന്ന്...അത് മനസ്സിലാക്കിയ ദൈവം ആ ദുഷ്ട്ടശക്തിയെ ഭൂമിയില്‍ ഭരിക്കാന്‍ അനുവദിച്ചു.. ആ ദുഷ്ട്ടശക്തിയുടെ പിടിയിലാണ് ഇപ്പോള്‍ ഭൂമി...... ദുഷ്ട്ടശക്തി ഭരിക്കുന്ന കലിയുഗത്തില്‍ ഭൂമിയില്‍ അനീതിയും ദുഷ്കര്‍മ്മങ്ങളും ആണ് നടക്കുന്നത്...ഇത് മനുഷ്യര്‍ സ്വയം അനുഭവിച്ചു മനസ്സിലാക്കാനായാണ് ദൈവം ഇന്ന് ദുഷ്ട്ടശക്തിയെ ഭൂമിയില്‍ ഭരിക്കാന്‍ അനുവദിച്ചിരിക്കുന്നത്.. കലിയുഗത്തില്‍ ദൈവത്തിനു ഭൂമിയിലേക്ക്‌ പ്രവേശനം ഇല്ലെങ്കിലും ദൈവത്തിന്‍റെ പ്രതിനിധിയായ് ചിലരെ ദൈവം ഭൂമിയിലേക്ക്‌ അയക്കാറുണ്ട്...''
അത് കേട്ടതും അവളുടെ കണ്ണുകള്‍ വിടര്‍ന്നു......
''ദൈവത്തിന്‍റെ പ്രതിനിധികള്‍ ഭൂമിയില്‍ ഉണ്ടോ ? അവര്‍ എങ്ങനെയിരിക്കും ? അവരെ കണ്ടാല്‍ നമ്മള്‍ക്ക് എങ്ങനെയാണ് തിരിച്ചറിയുക ? സ്വാമി അവരെ കണ്ടിട്ടുണ്ടോ?''
അപ്പോള്‍ അയാള്‍പറഞ്ഞു 'കണ്ടിട്ടുണ്ട് ഇപ്പോള്‍ ഇവിടെവച്ച് ..ദാ..എന്‍റെ മുന്നില്‍ ഇരിക്കുന്ന നിന്നിലൂടെ'
അവള്‍ക്കു ഒന്നും മനസ്സിലായില്ലാ 'എന്തൊക്കെയാ സ്വാമി പറയുന്നത് എന്നിലൂടെ ദൈവത്തിന്‍റെ പ്രതിനിധിയെ കണ്ടെന്നോ ?'
''അതെ..ഭൂമിയില്‍ മഹത്തരമായ കാര്യം ചെയ്യുന്ന എല്ലാവരും ദൈവത്തിന്‍റെ പ്രതിനിധികളാണ് ....'ഓരോ മനുഷ്യരിലും ദൈവാംശം ഉണ്ട് അത് അവര്‍ തിരിച്ചറിയുന്നുവെങ്കില്‍'.......
ഏറ്റവും വലിയ മഹാത്തരമായ കാര്യമാണ് ''ദാനം'' ...ദാനം മഹത്തരമാകുന്നത് നമ്മള്‍ക്ക് ആവശ്യമുള്ളതെല്ലാം എടുത്തുവച്ച് ആവശ്യമില്ലാത്തത് മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോള്‍ അല്ലാ..നമള്‍ക്ക് ആവശ്യമുള്ളതില്‍നിന്നും പങ്കുകൊടുക്കുമ്പോള്‍ ആണ് ദാനം ശരിക്കും മഹത്തരമാകുകയും അതില്‍ ദൈവാംശം നിറയുകയും ചെയ്കയുള്ളൂ...നീയിപ്പോള്‍ ചെയ്തതും അതാണ്‌ നിന്‍റെ വിശപ്പിനെ മറന്നു മറ്റുള്ളവരുടെ വിശപ്പ്‌ കാണാന്‍ ശ്രമിച്ചു.. അടുത്തവേളയ്ക്കുള്ള ഭക്ഷണം കിട്ടുമോ എന്നുപോലും ഉറപ്പില്ലാത്ത ഒരു അവസ്ഥയില്‍നിന്നുകൊണ്ട് നിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ ആകെ ഉണ്ടായിരുന്ന ഭക്ഷണം പോലും അവര്‍ക്ക് നല്‍കി..,,ഇങ്ങനെയുള്ള നിന്നില്‍ ദൈവത്തിന്‍റെ അംശമില്ലെങ്കില്‍ പിന്നെ ആരിലാണ് ഉണ്ടാവുക?''...
കേട്ടുകൊണ്ടിരുന്ന അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി വീണ്ടും കത്തിയെരിഞ്ഞുവന്ന വിശപ്പിനെ സഹിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ അയാളെ നോക്കി ചിരിച്ചു..
പെട്ടന്ന് എവിടെനിന്നോ ഒരു കാറ്റ് ആഞ്ഞടിച്ചു ആപ്പിള്‍ പോലെ മുഴുത്ത ഞാവല്‍പ്പഴങ്ങള്‍ ആ മരത്തില്‍ നിന്നും അവരുടെ മുന്നിലേക്ക്‌ വീണുനിറഞ്ഞു...........
അപ്പോള്‍ അയാള്‍ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു ''ഇത് നിന്‍റെ വിശപ്പിനുള്ളത് തികയും എടുത്തു കഴിച്ചുകൊള്‍ക...... അന്യന്‍റെ വിശപ്പ്‌ കാണുന്നവരുടെ മുന്നില്‍ ദൈവം ഇങ്ങനെയാണ് അവരുടെ ആവശ്യത്തേക്കാള്‍ കൂടുതല്‍ കനിഞ്ഞുനല്‍കും''.......
അവള്‍ ആഹ്ലാദത്തോടെ ആ ഞാവല്‍പ്പഴങ്ങള്‍ എടുത്തു കഴിച്ചു ക്ഷീണം മാറിയതും..വീശുന്ന ഇളംകാറ്റിന്‍റെ സുഖത്തില്‍ അവളുടെ മിഴികളില്‍ ഉറക്കം കടന്നു വന്നു..അവള്‍ ആ ഞാവല്‍മരത്തിനു ചുവട്ടില്‍ ഒതുങ്ങിക്കിടന്നുകൊണ്ട്..ആ സ്വാമി പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തു..''ഓരോ മനുഷ്യരിലും ദൈവാംശം ഉണ്ട് അത് അവര്‍ തിരിച്ചറിയുന്നുവെങ്കില്‍'' കഷ്ടപ്പെടുന്നവരുടെ മുന്നില്‍ ഉപകാരമായി നില്‍ക്കുക എന്നതില്‍ കിട്ടുന്ന സുഖം വേറെ എന്തിലും കിട്ടുകയില്ല..കണ്ണീരുവീഴുന്ന മുഖത്തില്‍ പുഞ്ചിരിവിരിയിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ..അങ്ങനെ ചെയ്യുന്ന മനുഷ്യരും ദൈവതുല്യരെത്രേ....കഷ്ട്ടപ്പെടുന്നവരുടെ മുന്നില്‍ മനുഷ്യത്വം ഉള്ള മനസ്സുകള്‍ കാണിക്കുന്ന മനുഷ്യത്വമുള്ള കാര്യങ്ങള്‍ ഒരു മനുഷ്യനെ ദൈവമാക്കും എന്ന തിരിച്ചറിവോടെ അവള്‍ അവിടെക്കിടന്നു ആഴ്ന്നഉറക്കത്തിലേക്കു വഴുതിവീണു,,,
ആഴ്ന്നുറങ്ങുന്ന അവള്‍ക്കു ചുറ്റും നില്‍ക്കുകയാണ്
ആ വല്യ ആശുപത്രിയുടെ ആ പഴയ മുറിയില്‍ ഞങ്ങള്‍ ഇപ്പോള്‍...ഞങ്ങളുടെ ഭയം ഇല്ലായ്മ ചെയ്ത് അവള്‍ പറഞ്ഞപോലെ ദൈവത്തോട് അനുവാദം വാങ്ങി വീണ്ടും ഞങ്ങളുടെ അരുകിലേക്ക്‌ വന്നിരിക്കുകയാണ്...നീണ്ട ഉറക്കത്തിനു ശേഷം കണ്ണ്തുറന്ന അവള്‍ക്കു മുന്നിലുള്ള എന്നെയാണ് അവള്‍ ആദ്യം നോക്കിയത്...കണ്ണ് തുറന്നതും അവള്‍ എന്നെനോക്കി ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു ........
...''ഒരു ദൈവം ജനിച്ചിരിക്കുന്നു''

2 comments:

  1. വൗ!!!!

    ഒറ്റവീർപ്പിനു വായിച്ചു..

    ചിലങ്കയുടെ മരണമില്ലാത്ത ഓർമ്മകൾ എന്ന തലക്കെട്ട്‌ കൊള്ളാം.അനുഭവമാണോ അതോ വെറും കഥയാണൊയെന്ന് സംശയം.നല്ല വശീകരണശക്തിയുള്ള എഴുത്ത്‌..

    നല്ലനല്ല എഴുത്തുകൾ പിറക്കട്ടെ.നന്മ നേരുന്നു.

    ReplyDelete
    Replies
    1. ഇത് അനുഭവം അല്ലാ ഏട്ടാ... അനുഭവങ്ങള്‍ എഴുതാന്‍ ആണ് ബ്ലോഗ്‌ തുടങ്ങിയത് .. ഇപ്പൊ ഭാവനയും എഴുതുന്നു എന്നുമാത്രം :)

      Delete